Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഷ്ട്രീയക്കാർ നിരീക്ഷണത്തിൽ; ഇക്ബാൽ കസ്കർ ‘കൊള്ളയടിച്ചത്’ 100 കോടി

Iqbal-Kaskar

മുംബൈ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രഹാമിന്റെ അനുജൻ ഇക്ബാൽ കസ്കർ‌ മൂന്നുവർഷം കൊണ്ട് കൈക്കലാക്കിയത് 100 കോടി രൂപ. മുംബൈ കേന്ദ്രീകരിച്ചുള്ള വൻ കെട്ടിട നിർമാതാക്കൾ, ജുവലറി ഉടമകൾ എന്നിവരിൽനിന്നാണ് ഇത്രയും വലിയ തുക ഇയാൾ സമാഹരിച്ചതെന്നു പൊലീസ് പറഞ്ഞു.

കെട്ടിട നിർമാതാക്കൾ, ബിസിനസുകാർ തുടങ്ങിയവരിൽ നിന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ തിങ്കളാഴ്ചയാണു ഇയാൾ പിടിയിലായത്. റിയൽ എസ്റ്റേറ്റ് ഏജന്റ് മുംതാസ് ഷെയ്ഖ്, ഇസ്രാർ അലി ജമിൽ സയ്യദ് എന്നിവരും ഇക്ബാലിനൊപ്പം അറസ്റ്റിലായി. ഇക്ബാലിനുവേണ്ടി ഇടനിലക്കാരായ രണ്ട് പ്രാദേശിക എൻസിപി നേതാക്കൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇക്ബാലുമായി ബന്ധമുള്ള എല്ലാ രാഷ്ട്രീയക്കാരെക്കുറിച്ചും അന്വേഷിക്കുമെന്ന് താനെ പൊലീസ് കമ്മിഷണർ പരംഭീർ സിങ് പറഞ്ഞു.

ബിസിനസുകാരൻ നൽകിയ പരാതിയിലാണ്, ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമയുടെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. മുംബൈയിലെ ഭൂമി ഇടപാടുകളിൽ അധോലോകത്തിന്റെ പണം ഒഴുകുന്നതിന്റെ മുഖ്യ ഉദാഹരണമായി പൊലീസ് ഉയർത്തിക്കാണിച്ചിരുന്ന സാറാ സഹാറ വാണിജ്യ സമുച്ചയ കേസിൽ പ്രതിയായിരുന്നു ഇക്ബാൽ കസ്കർ. പ്രതികളെ എട്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

കസ്കർ പ്രതിയായ കേസുകളിൽ ദാവൂദിനു ബന്ധമുണ്ടോയെന്ന അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ദാവൂദ് ഇബ്രാഹിമിന്റെ പേരിലാണു കസ്കർ പലരെയും ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നത്. 2013 മുതൽ താനെ മേഖലയിലെ കെട്ടിട നിർമാതാക്കളെ കസ്കർ ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നു. സാമ്പത്തിക മാന്ദ്യവും നോട്ടുനിരോധനവും മേഖലയെ ബാധിച്ചപ്പോൾ ഫ്ലാറ്റുകൾ പിടിച്ചെടുക്കാനും സംഘം തുടങ്ങി. ഒരു ബിസിനസുകാരന്റെ 30 ലക്ഷം രൂപയും റോസ ബെല്ല കോംപ്ലക്സിലെ നാല് വലിയ ഫ്ലാറ്റും ഇയാൾ സ്വന്തമാക്കി. ഫ്ലാറ്റുകൾ പിന്നീട് മറിച്ചുവിറ്റു.

ഇക്ബാൽ കസ്കറിനെതിരെ ഇതുവരെ 10 പരാതികൾ ലഭിച്ചിട്ടുണ്ട്. ഭൂമി, സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേടുകൾ പരിഹരിക്കുന്ന ഇടനിലക്കാരനായാണ് കസ്കർ ഈ രംഗത്തെത്തിയത്. പിന്നീടാണ് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിലേക്കു ചുവടുമാറ്റിയത്. ദുബായിൽ ഒളിവിൽ കഴിയുന്ന ദാവൂദ്, അനിയനുവേണ്ടി മികച്ച നിയമ സഹായങ്ങൾ നൽകാൻ ശ്രമം തുടങ്ങിയെന്നു റിപ്പോർട്ടുണ്ട്.