Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മെയ്ക്ക് ഇൻ ഇന്ത്യ’ വൻ വ്യവസായികൾക്കുവേണ്ടി; വിമർശനവുമായി രാഹുൽ

Rahul-Gandhi

ന്യൂജഴ്സി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ മെയ്ക്ക് ഇൻ ഇന്ത്യയെ വിമർശിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. വലിയ വ്യവസായികളെ മാത്രമേ പദ്ധതി ലക്ഷ്യമിടുന്നുള്ളൂവെന്നും ചെറുകിട വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധ ചെലുത്തണമെന്നും ചൊവ്വാഴ്ച പ്രിൻസ്ടൺ സർവകലാശാലയിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്യവെ രാഹുൽ ഗാന്ധി പറഞ്ഞു.

ചെറുകിട വ്യവസായങ്ങൾക്കു പലതിനും സാമ്പത്തിക സഹായം തേടാനാകുന്നില്ല. രാഷ്ട്രീയ സംവിധാനത്തിലേക്കും എത്താനാകുന്നില്ല. കാര്യമായ പങ്കുവഹിക്കുന്ന വലിയ വ്യവസായങ്ങള്‍ നിങ്ങൾക്കുണ്ടാകാം, എന്നാൽ ചെറുകിട, ഇടത്തരം കമ്പനികൾ വലിയ കമ്പനികളായി മാറണം. അതിവിടെ നടപ്പാകുന്നില്ല. അവിടെനിന്നാണു തൊഴിലവസരങ്ങൾ വരുന്നത്, രാഹുൽ കൂട്ടിച്ചേർത്തു.

കാർഷിക രംഗത്തു ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യകതയും രാഹുൽ ഓർമിപ്പിച്ചു. നിരവധി തൊഴിലവസരങ്ങൾ ഇവിടെയുണ്ടാക്കാമെന്നും രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള ഭീഷണികളിലൊന്ന് ഉയർന്നുവരുന്ന തൊഴിലില്ലായ്മയാണെന്നും രാഹുൽ വ്യക്തമാക്കി. സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾക്കു വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും നൽകാൻ ന്യൂഡൽഹി ശ്രദ്ധിക്കണമെന്നും പറഞ്ഞ രാഹുൽ ലിംഗസമത്വം കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.