Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇ.പി. ജയരാജനെതിരായ ബന്ധുനിയമന കേസ് വിജിലൻസ് അവസാനിപ്പിക്കുന്നു

ep-jayarajan-2

തിരുവനന്തപുരം∙ സിപിഎം നേതാവ് ഇ.പി. ജയരാജൻ മന്ത്രിസ്ഥാനം രാജിവയ്ക്കാൻ കാരണമായ ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാൻ വിജിലൻസ് ഒരുങ്ങുന്നു. ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്നാണു വിജിലൻസിന്റെ കണ്ടെത്തൽ. കേസ് തുടരാനാവില്ലെന്നു വിജിലൻസ് ഇന്നു റിപ്പോർട്ട് നൽകിയേക്കും. നിയമോപദേശകന്‍ സി.സി. അഗസ്റ്റിന്റെ നിലപാടും ഇതുതന്നെയാണ്.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകൻ പി.കെ. സുധീർ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിൻവലിച്ചെന്നുമാണു വിജിലൻസ് പറയുന്ന കാരണങ്ങൾ. വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകൻ പി.കെ. സുധീർ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തിൽ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സിന്റെ ജനറൽ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങൾക്കു തുടക്കമിട്ടത്. ഇതേത്തുടർന്ന് ജയരാജൻ വ്യവസായ മന്ത്രിപദവി രാജിവച്ചിരുന്നു.

2016 ഒക്ടോബർ ഒന്നിനു നിയമന ഉത്തരവിറക്കിയെങ്കിലും മൂന്നാം ദിവസം ജയരാജൻ അതു റദ്ദാക്കാൻ കുറിപ്പു നൽകുകയും 13നു നിയമനം റദ്ദാക്കി സർക്കാർ ഉത്തരവിറക്കുകയും ചെയ്തുവെന്ന് വിജിലൻസ് വ്യക്തമാക്കി.