Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിപസ്സന ധ്യാനത്തിൽനിന്നും കേജ്‌രിവാൾ ചെന്നൈയിലേക്ക്; ശ്രദ്ധ മുഴുവൻ കമലിൽ

kamal-hassan

വിപസ്സന ധ്യാനത്തിലൂടെ മനോബലം ശക്തിപ്പെടുത്തിയുള്ള വരവിൽ കേജ്്‌രിവാളിന്റെ മനസ്സിലിരിപ്പ് എന്താണ്? രാഷ്ട്രീയ പാർട്ടിയുമായി വരുമെന്ന കമൽഹാസന്റെ പ്രഖ്യാപനം ഇന്ന് യാഥാർഥ്യമാകുമോ? ട്വിസ്റ്റുകൾ നിറഞ്ഞ തിരെപ്പടം പോലെ മുന്നേറുന്ന തമിഴക രാഷ്ട്രീയത്തിൽ ക്ലൈമാക്സിനായി കാത്തിരിക്കുകയാണ് കാണികൾ.

നടൻ കമൽഹാസനുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) തലവനുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് സുപ്രധാനമായ കൂടിക്കാഴ്ച നടത്തുകയാണ്. ചെന്നൈയിൽ എത്തിയാണ് കേജ്‍‌രിവാൾ സൂപ്പർസ്റ്റാർ കമൽഹാസനെ കാണുന്നത്. പുതുമകൾ പുത്തരിയല്ലാത്ത കമൽഹാസൻ, തന്റെ രാഷ്ട്രീയ പരീക്ഷണവേദിയായി ആം ആദ്മിയെ പുണരുമോ എന്നാണ് നിരീക്ഷകർ ഉറ്റുനോക്കുന്നത്. രണ്ടുപേരുടെയും കൂടിക്കാഴ്ച പൂർണമായും രാഷ്ട്രീയമാണെന്ന് ആം ആദ്മി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. വലിയകാര്യം പ്രതീക്ഷിക്കാമെന്നു കൂടി അവരുടെ വാക്കുകളിലുണ്ട്.

∙ കാവിയല്ലാത്ത കമലും കേജ്‌രിവാളും

തന്റെ നിറം കാവിയല്ലെന്നാണ് രാഷ്ട്രീയ പ്രഖ്യാപനത്തിന്റെ മുന്നോടിയായി കമൽഹാസൻ വ്യക്തമാക്കിയത്. ദേശീയതലത്തില്‍ ബിജെപി വിരുദ്ധ രാഷ്ട്രീയ സഖ്യത്തിന്റെ ഭാഗമാകാന്‍ മുൻകൈ എടുക്കുമെന്ന് അടുത്തിടെ ആം ആദ്മി പാര്‍ട്ടിയും പ്രഖ്യാപിച്ചു. രാജ്യത്തെ കാവിരാഷ്ട്രീയത്തിൽനിന്നു രക്ഷിക്കാൻ കമലും കേജ്‌രിവാളും കൈകോർത്താൽ അദ്ഭുതമില്ല.

aravind-kejriwal

നാസിക്കിനടുത്ത് ഇഗത്പുരിയിൽ 10 ദിവസത്തെ വിപസ്സന ധ്യാന കോഴ്സിലായിരുന്നു അരവിന്ദ് കേജ്‌രിവാൾ. 19നാണ് മടങ്ങിയത്. ടിവി, പത്രം, മൊബൈൽ ഫോൺ എന്നിവയൊന്നുമില്ലാതെ ധ്യാനനിരതമായ ദിനങ്ങൾ. മാറ്റത്തിന്റെ കൊടി വീശി രാജ്യത്തെ ഞെട്ടിച്ച ആം ആദ്മി എന്ന ഇളമുറ രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകൻ ചില തീരുമാനങ്ങളുമായാണ് ധ്യാനം വിട്ടെഴുന്നേറ്റത്.

ധ്യാനത്തിന്റെ ഇടവേളയ്ക്കു ശേഷം കേജ്‌രിവാൾ നേരെ വണ്ടി കയറിയത്, ഡൽഹിയിലേക്കല്ല ചെന്നൈയിലേക്കാണ് എന്നതും ശ്രദ്ധേയം. അത്രയും പ്രധാനപ്പെട്ടതാണ് ഈ കൂടിക്കാഴ്ചയെന്ന് ആം ആദ്മി കരുതുന്നു. 2019ലെ പൊതുതിരഞ്ഞെടുപ്പിൽ ദേശീയതലത്തില്‍ ബിജെപിയെ നേരിടാന്‍ തനിച്ചു സാധ്യമല്ലെന്ന തിരിച്ചറിവിൽ വിശാല പ്രതിപക്ഷ സഖ്യത്തിനാണ് ആം ആദ്മിയുടെ ശ്രമം. അതിലേക്ക് കമൽഹാസൻ ചേരുന്നതിൽ ആം ആദ്മിക്ക് സന്തോഷമേയുള്ളൂ. അത് ആം ആദ്മിയെ ശക്തിപ്പെടുത്തുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. ഇനി കമൽ വന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പിന്തുണ നേടുന്നത് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് നിറമേകുമെന്നാണ് എഎപിയുടെ ചിന്ത.

∙ പിണറായി ഹീറോ, സിപിഎമ്മിലേക്കില്ല

ഇക്കഴിഞ്ഞ ഓണക്കാലത്താണ് കസവുടുത്ത് കമൽഹാസൻ തിരുവനന്തപുരത്ത് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചത്. സന്ദർശനം രാഷ്ട്രീയമാണെന്നു പറഞ്ഞ കമൽ, പിണറായി തന്റെ ഹീറോയാണെന്നും വ്യക്തമാക്കി. ഓണത്തോടനുബന്ധിച്ച് സ്വകാര്യചാനലിനു വേണ്ടി പിണറായിയെ കമൽഹാസൻ ദീർഘമായ അഭിമുഖവും നടത്തി.

Pinarayi Vijayan, Kamal Hassan

പിണറായിയിൽനിന്ന് ആശിർവാദവും ഉപദേശവും സ്വീകരിച്ചാണ് കമൽ മടങ്ങിയത്. പിന്നാലെ തന്റെ നിറം കാവിയല്ലെന്ന പ്രഖ്യാപനത്തോടെ ബിജെപി വിരുദ്ധ നിലപാടും വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തോട് എക്കാലത്തും ആഭിമുഖ്യം പുലർത്തുന്ന കമൽഹാസൻ പക്ഷേ, ഏതെങ്കിലും ഇടതു പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കാൻ സാധ്യതയില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

വർഗീയ ഫാഷിസത്തിനെതിരെ സെപ്റ്റംബർ 16നു സിപിഎം അനുകൂല സംഘടന കോഴിക്കോട്ട് സംഘടിപ്പിച്ച ദേശീയ ന്യൂനപക്ഷ കൺവൻഷനിൽ താരം പങ്കെടുക്കുമെന്നു വാർത്തകളുണ്ടായിരുന്നു. എന്നാൽ, ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തിരക്കിലായതിനാൽ പരിപാടിയിൽ പങ്കെടുക്കാനാവില്ലെന്നു കമൽ ട്വിറ്ററിലൂടെ വ്യക്തമാക്കി. സിപിഎം പിന്തുണയോടെ സ്വതന്ത്രമായ രാഷ്ട്രീയപ്പാർട്ടി എന്നതാണു കമലിന്റെ ലക്ഷ്യമെന്നാണ് വ്യാഖ്യാനം.

∙ തിരക്കഥയിലെ സസ്പെൻസ് എന്ത്?

കൗമാരം മുതലേ വെള്ളിത്തിരയിൽ കൗതുകം കാണിച്ച് കാണികളെ രസിപ്പിക്കുന്ന നടനാണ് കമൽ. പ്രായത്തിന്റെ പക്വതയിൽ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ കമൽ ‘ഏഴൈത്തോഴൻ’ ആകുമെന്നാണ് ആരാധകരുടെ വിശ്വാസം. കമൽ സെപ്റ്റംബറിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ഇതിനു മുന്നോടിയായി ഓൺലൈൻ സർവേകളും നടക്കുന്നുണ്ട്. പിണറായിയുമായുള്ള കൂടിക്കാഴ്ചയും ഇതിന് കളമൊരുക്കലായിരുന്നു.

Kamal Haasan

വിജയദശമി ദിനത്തിലോ ഗാന്ധിജയന്തിക്കോ പ്രഖ്യാപനമുണ്ടാകുമെന്നും നംവബറില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്നുമാണു പ്രചാരണം. തുലാസിലാടുന്ന അണ്ണാ ഡിഎംകെ സർക്കാരിനെതിരെ കമൽ രൂക്ഷവിമർശനം അഴിച്ചുവിട്ടതു മുതലാണ് അഭ്യൂഹങ്ങൾ ശക്മായത്. നിയമസഭാ മന്ദിരമായ സെന്റ് ജോർജ് കോട്ടയെ സൂചിപ്പിച്ച്, ഫോർട്ടിലേക്കു മാർച്ച് ചെയ്യാൻ സമയമായെന്നും കമൽ പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലേക്ക് വരാൻ നിർബന്ധിക്കപ്പെട്ടെന്നാണ് പിണറായിയുമായുള്ള അഭിമുഖത്തിൽ കമൽ വ്യക്തമാക്കിയത്.

∙ കമലിൽ എത്രമാത്രം രജനിയുണ്ട് ?

തമിഴിലെ സൂപ്പർതാരങ്ങളായ രജനികാന്തും കമൽഹാസനും രാഷ്ട്രീയ പ്രവേശനം നടത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പരസ്പരം പ്രശംസിക്കുകയും വിട്ടുവീഴ്ച ചെയ്യുകയും ചെയ്യുന്ന ഈ താരങ്ങൾ, രാഷ്ട്രീയമണ്ണിൽ കൈകോർക്കുമോ എന്നത് ഏറ്റവും വിലപിടിപ്പുള്ള ചോദ്യമാണ്. ഇതിനുള്ള ഉത്തരം തരേണ്ടതും ഇവർ തന്നെ. കമലും രജനിയും ഒരുകൊടിക്കു കീഴിൽ അണിനിരന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയക്കാരെല്ലാം കടപുഴകിയേക്കും.

Rajinikanth-Kamal-Haasan

തമിഴ് രാഷ്ട്രീയത്തിന്റെ മുഖച്ഛായ മാറ്റിയേക്കാവുന്ന പ്രഖ്യാപനം കമൽഹാസൻ നടത്തിയത് മറക്കാറായിട്ടില്ല. രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെങ്കിൽ താൻ ഒപ്പം ചേരുമെന്നാണ് ‘ഉലകനായകന്റെ’ പ്രഖ്യാപനം. സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന പ്രചാരണത്തിനിടെയാണ് സ്റ്റൈൽ മന്നനൊപ്പം ചേരുമെന്ന പ്രസ്താവന. ചലച്ചിത്രമേഖലയിൽ തന്റെ എതിരാളിയാണെങ്കിലും നിർണായകമായ പല വിഷയങ്ങളിലും തങ്ങൾ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെപ്പറ്റി കമൽ പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനീകാന്ത് ഇതുവരെ വ്യക്തമായ സൂചന നൽകിയിട്ടില്ല. എന്നാൽ അടുത്തിടെയുണ്ടായ പല സംഭവങ്ങളും അദ്ദേഹം ബിജെപിയോടൊപ്പം ചേരുകയാണെന്ന സൂചനയാണു നൽകിയത്. ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണു രജനി പറഞ്ഞത്. രജനീകാന്ത് ഈ വർഷം സ്വന്തമായി രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു സഹോദരൻ സത്യനാരായണ റാവു ഗെയ്ക്കവാദ് വെളിപ്പെടുത്തിയിരുന്നു.

പാർട്ടിക്ക് അന്തിമരൂപം നൽകുന്നതിനു മുൻപു പരമാവധി ആരാധകരെ നേരിൽക്കാണാനാണു താരം ശ്രമിക്കുന്നതെന്നും സഹോദരൻ പറഞ്ഞു. ഡിസംബർ 12ന് ആണു രജനിയുടെ ജന്മദിനം. അന്ന് അദ്ദേഹം തന്റെ രാഷ്ട്രീയ പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രചാരണം. തമിഴകം വീണ്ടും താര രാഷ്ട്രീയത്തിലേക്ക് മടങ്ങുകയാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.

related stories