Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാവൂദിന് തിരികെ വരാന്‍ ആഗ്രഹം; കേന്ദ്രവുമായി ചർച്ചയിലെന്ന് രാജ് താക്കറെ

 രാജ് താക്കറെ (ഫയൽ ചിത്രം)

മുംബൈ∙ മുംബൈ സ്ഫോടനപരമ്പര ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാൻ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി കേന്ദ്രവുമായി ധാരണയിലെത്താൻ ചർച്ചകൾ നടക്കുകയാണെന്നും മഹാരാഷ്ട്ര നവനിർമാണ സേന(എംഎൻഎസ്) തലവൻ രാജ് താക്കറെ. തന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്.

‘അംഗവൈകല്യം സംഭവിച്ച അവസ്ഥയിലാണ് ദാവൂദ് ഇബ്രാഹീം ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് അയാൾക്ക് അതീവ ആഗ്രഹമുണ്ട്. ഇതിനു വേണ്ടി കേന്ദ്രവുമായി ‘വിലപേശൽ’ ചർച്ചകളും സജീവമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ദാവൂദ് ഇന്ത്യയിലേക്കു തിരിച്ചെത്തും. അതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാനാണ് കേന്ദ്രം കാത്തിരിക്കുന്നത്. തമാശ പറയുന്നതല്ല. വൈകാതെ എല്ലാവർക്കും ഇക്കാര്യം ബോധ്യമാകും’– രാജ് താക്കറെ പറഞ്ഞു.

ദാവൂദ് ഇബ്രാഹീമിനെ ഉപയോഗപ്പെടുത്തി രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപിയുടെയും പ്രധാനമന്ത്രി മോദിയുടെയും ശ്രമമെന്നും രാജ് പറഞ്ഞു. അതിനിടെ, ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുവകകൾ മരവിപ്പിച്ചതായി ബ്രിട്ടൻ അടുത്തിടെ വ്യക്തമാക്കിയരുന്നു.

ഓഗസ്റ്റിൽ സാമ്പത്തിക ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളർ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതർ മരവിപ്പിച്ചത്. യുകെ ട്രഷറി വകുപ്പ് പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളിൽ, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവൻ പാബ്ലോ എസ്കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.

ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതിൽ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കൾ നേരത്തേ മരവിപ്പിച്ചിരുന്നു.

related stories