Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജൻ പുറത്ത്; സംസ്ഥാനത്ത് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ നിർബന്ധമാക്കി

bike-helmet

തിരുവനന്തപുരം∙ ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ സംസ്ഥാനത്ത് നിർബന്ധമാക്കുന്നു. റോഡുകളിലെ സുരക്ഷ കർശനമായി നടപ്പിലാക്കുന്നതിനു നിയോഗിക്കപ്പെട്ട സുപ്രീംകോടതി കമ്മറ്റിയുടെ നിർദേശമനുസരിച്ചാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. 

വിപണിയിലെത്തുന്നത് ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റുകൾ മാത്രമാണെന്ന് ഉറപ്പാക്കണമെന്നും വ്യാജ മുദ്രകൾ പതിച്ചതും ഗുണമേൻമയില്ലാത്തതുമായ ഹെൽമറ്റുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെയിൽ ടാക്സ്, ലീഗൽ മെട്രോളജി വകുപ്പുകൾക്കു ഗതാഗത വകുപ്പ് സെക്രട്ടറി കത്തു നൽകി. നിയമം നടപ്പിലാകുന്നുണ്ടോയെന്നു ഗതാഗത വകുപ്പ് പരിശോധിക്കും. നിയമലംഘനം നടത്തുന്നവരിൽനിന്നു പിഴ ഈടാക്കാനാണു തീരുമാനം.

ഐഎസ്ഐ മുദ്രയുള്ള ഹെൽമറ്റ് ഉപയോഗിക്കണമെന്ന് നേരത്തെ നിർദേശമുണ്ടെങ്കിലും നിയമം കർശനമായി നടപ്പിലാക്കിയിരുന്നില്ല. ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ കമ്മറ്റിയുടെ ഇടപെടൽ വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗുണമേന്മയില്ലാത്ത ഹെൽമറ്റുകൾ ധരിക്കുന്നതിലൂടെ അപകടങ്ങൾ വർധിക്കുകയാണെന്നു ഗതാഗതവകുപ്പ് സെക്രട്ടറിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. പിഴ ഒഴിവാക്കാനായാണ് വഴിയോരങ്ങളിൽ വിൽക്കുന്ന ഗുണമേന്മയില്ലാത്ത ഹെൽമറ്റ് വാങ്ങുന്നത്. ചെറിയൊരു അപകടത്തിൽതന്നെ പൊട്ടിപ്പോകുന്ന ഹെൽമറ്റുകൾ ദുരന്തം ക്ഷണിച്ചുവരുത്തുന്നു. ഇത്തരം ഹെൽമറ്റുകളിലെ ഐഎസ്ഐ മുദ്രകൾ വ്യാജമാണ്. ഐഎസ്ഐ മുദ്രകൾ കൃത്യമാണോയെന്നു രേഖകൾ പരിശോധിച്ചു കണ്ടെത്തണമെന്നും ഗതാഗതവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘ഇരുചക്രവാഹനങ്ങൾ വിൽക്കുമ്പോൾ ഗുണമേൻമയുള്ള ഹെൽമറ്റ് ഒപ്പം നൽകണമെന്ന നിർദേശം ഗുണം ചെയ്തിട്ടുണ്ട്. പുതിയ തീരുമാനത്തിലൂടെ അപകടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ’– ഗതാഗത വകുപ്പ് അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞവർഷം 39,420 വാഹന അപകടങ്ങളുണ്ടായതിൽ ഇരുചക്രവാഹനങ്ങൾ കാരണമുണ്ടായ അപകടങ്ങൾ 14,849 ആണ്. 1,474 പേർ അപകടങ്ങളിൽ മരിച്ചു. 15,591 പേർക്ക് പരുക്കേറ്റു.