Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മഹാത്മാവിന്റെ വഴി’യിലൂടെ സഞ്ചരിക്കാൻ നെതർലൻഡ്സ്; വൻ ഗാന്ധിജയന്തി ആഘോഷം

ആംസ്റ്റർഡാം∙ സത്യത്തിന്റെയും അഹിംസയുടെയും പാതയിലൂടെ യാത്ര ചെയ്യുകയെന്ന ആഹ്വാനവുമായി നെതർലൻഡ്സിലും മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നു. ‘മഹാത്മാവിനെ പിന്തുടരുക’ എന്ന മുദ്രാവാക്യവുമായി ആയിരക്കണക്കിനു പേർ അണിനിരക്കുന്ന പരിപാടികൾ ഒക്ടോബർ ഒന്നിനും രണ്ടിനും നടക്കും.  സമാന ചിന്താഗതിക്കാരായവർക്കെല്ലാം ഇന്ത്യൻ സമൂഹത്തോടൊപ്പം പങ്കുചേരാമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

ഇതാദ്യമായാണ് ഇത്തരത്തില്‍ വൻതോതിലുള്ള ഒരു പരിപാടി ഗാന്ധിജയന്തിയോടനുബന്ധിച്ച് നെതർലൻഡ്സിൽ നടക്കുന്നത്. മഹാത്മാഗാന്ധി ഉപയോഗിച്ചിരുന്ന ഒരു സൈക്കിളും ഇതോടനുബന്ധിച്ച് പ്രദർശനത്തിനെത്തിക്കും. ഇന്ത്യയിൽ നിന്ന് ഗാന്ധി മെമോറിയൽ ട്രസ്റ്റ് അയച്ചു കൊടുത്തതാണിത്. ആംസ്റ്റർഡാമിലെ ഒരു പ്രദർശനത്തിന്റെ ഭാഗമായാണ് സൈക്കിൾ നെതർലൻഡ്സിലേക്ക് അയച്ചത്. ലോകത്ത് സൈക്കിൾ ഉപയോഗത്തിന്റെ കാര്യത്തിൽ മുൻനിരയിൽ നിൽക്കുന്ന രാജ്യമെന്ന നിലയിലാണ് ഇത്തരമൊരു സമ്മാനം.

പീസ് പാലസ് മുതൽ ഗ്രോട്ടെ കെർക് വരെ ഒക്ടോബർ ഒന്നിന് സമാധാന പ്രകടനം നടക്കും. ഇതിനൊ‍ടുവിൽ ഗാന്ധിജിയുടെ ജീവിതം ആസ്പദമാക്കി തയാറാക്കി ഓപ്പെറ ‘സത്യാഗ്രഹ’യിൽ നിന്നുള്ള ഒരു ഭാഗം അവതരിപ്പിക്കും. വിഖ്യാത സംഗീതജ്ഞൻ ഫിലിപ് ഗ്ലാസിന്റെ നേതൃത്വത്തിലായിരിക്കും പരിപാടി.

ചടങ്ങിനോടനുബന്ധിച്ച് ‘ഗാന്ധി: ആൻ ഇലസ്ട്രേറ്റഡ് ബയോഗ്രഫി’ എന്ന ഡച്ച് പുസ്തകവും പ്രകാശനം ചെയ്യും. ഇന്ത്യക്കാരനായ പ്രമോദ് കപൂറാണ് പുസ്തകത്തിന്റെ രചയിതാവ്. ചടങ്ങിൽ  നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണിയും പങ്കെടുക്കും.

ഒരുപക്ഷേ ഇന്ത്യ കഴിഞ്ഞാൽ ഗാന്ധിയുടെ പേരിൽ ഏറ്റവും കൂടുതൽ തെരുവുകളും ഗാന്ധി പ്രതിമകളുമുള്ള രാജ്യമാകും നെതർലൻഡ്സ്. ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം എല്ലാവർഷം ഒക്ടോബർ രണ്ടിന് ലോക അഹിംസാദിനമായി ആചരിച്ചു വരികയാണ്.