Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രോഹിൻഗ്യകൾ അഭയാർഥികളല്ല, അനധികൃത കുടിയേറ്റക്കാർ: രാജ്നാഥ് സിങ്

rajnath-singh രാജ്നാഥ് സിങ്

ന്യൂഡൽഹി∙ രോഹിൻഗ്യ അഭയാർഥി പ്രശ്നത്തിൽ നിലപാട് വ്യക്തമാക്കി വീണ്ടും കേന്ദ്രസർക്കാർ. രോഹിൻഗ്യകൾ അഭയാർഥികൾ അല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

രോഹിൻഗ്യകളെ സ്വീകരിക്കാൻ മ്യാൻമർ തയാറായിരിക്കെ അവരെ തിരിച്ചയക്കുന്നതിനെ ചിലർ എതിർക്കുന്നത് എന്തിനാണെന്നും രാജ്നാഥ് ചോദിച്ചു. ‘അഭയാർഥി പദവി കിട്ടുന്നതിന് കൃത്യമായി നടപടിക്രമങ്ങളുണ്ട്. ഇവിടെയുള്ള അനധികൃത കുടിയേറ്റക്കാരാരും ഈ നടപടികളിലൂടെ പോയിട്ടില്ല. രോഹിൻഗ്യകളുടെ വിഷയത്തിൽ ഇന്ത്യ യാതൊരു രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ല’– രാജ്നാഥ് പറഞ്ഞു.

തിങ്കളാഴ്ച സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രം ഉറച്ചുനിൽക്കുകയാണെന്ന് രാജ്നാഥിന്റെ വാക്കുകളിൽ പ്രകടം. ഒട്ടേറെ രോഹിൻഗ്യൻ അഭയാർഥികൾ ഐഎസ്‌ഐ, ഐഎസ് ഉൾപ്പെടെയുള്ള വിധ്വംസക സംഘടനകളുടെ ഇന്ത്യാവിരുദ്ധ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രം സത്യവാങ്മൂലം നൽകിയത്.

ഹവാല പണമിടപാട്, വ്യാജ തിരിച്ചറിയൽ കാർഡ് (വോട്ടർ കാർഡ്, പാൻ കാർഡ്) സംഘടിപ്പിക്കൽ, മനുഷ്യക്കടത്ത് തുടങ്ങിയ കാര്യങ്ങളിൽ ഇവർ ഏർപ്പെടുന്നുണ്ട്. തീവ്രനിലപാടുകാരായ രോഹിൻഗ്യകൾ ഇന്ത്യയിൽ കഴിയുന്ന ഇന്ത്യൻ പൗരത്വമുള്ള ബുദ്ധമതക്കാരെ ആക്രമിക്കാൻ സാധ്യതയുണ്ട്. രോഹിൻഗ്യകൾ ജമ്മുവിലും ഡൽഹിയിലും ഹൈദരാബാദിലും സജീവമാണ്. ഇവർ ആഭ്യന്തര സുരക്ഷയ്‌ക്കും ദേശീയ സുരക്ഷയ്‌ക്കും ഭീഷണിയാണെന്നും കേന്ദ്രം നിലപാടെടുത്തിരുന്നു.