Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ‘കോൾഡ് സ്റ്റാർട്ടി’നു മറുപടി ഹ്രസ്വദൂര ആണവായുധം: പാക്ക് പ്രധാനമന്ത്രി

Shahid Khaqan Abbasi

ഇസ്‌ലാമാബാദ്∙ ഇന്ത്യയുടെ ‘കോൾഡ് സ്റ്റാർട്ട്’ സിദ്ധാന്തത്തെ നേരിടാൻ ഹ്രസ്വദൂര ആണവായുധങ്ങൾ തയാറാക്കിയിട്ടുണ്ടെന്ന് പാക്ക് പ്രധാനമന്ത്രി ഷാഹിദ് ഖാഘാൻ അബ്ബാസി. സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കാണ് ഇത്തരമൊരു നീക്കം. എന്നാൽ പാക്ക് ആണവായുധ ശേഖരം വളരെ സുരക്ഷിതമാണെന്നും ഞങ്ങള്‍ക്ക് അവയിൽ നിയന്ത്രണവുമുണ്ടെന്നും അബ്ബാസി പറഞ്ഞു. രാജ്യത്തിന്റെ ആണാവയുധങ്ങളുടെ സുരക്ഷ, ഉപയോഗം തുടങ്ങിയ എല്ലാക്കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് പാക്കിസ്ഥാന്റെ ന്യൂക്ലിയർ കമാൻഡ് അതോറിറ്റി (എൻസിഎ) ആണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തന്ത്രപ്രധാന ആണവായുധങ്ങളൊന്നും പാക്കിസ്ഥാൻ ഇതുവരെ വിന്യസിച്ചിട്ടില്ലെന്നും അബ്ബാസി പറഞ്ഞു. ഫോറിൻ റിലേഷൻസ് കൗൺസിലിൽ ഉയർന്ന ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു അബ്ബാസിയുടെ പ്രതികരണം. പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങൾ സുരക്ഷിതമാണ്. തീവ്രവാദികൾക്കോ അവരെപ്പോലുള്ള മറ്റേന്തെങ്കിലും സംവിധാനങ്ങൾക്കോ അത്തരത്തിലൊരു ആണവായുധങ്ങളെ സമീപിക്കാൻ പോലുമാകില്ല. ലോകത്തിന് മാതൃകയാകുന്ന തരത്തിലുള്ള സംവിധാനമാണ് പാക്കിസ്ഥാൻ ഒരുക്കിയിരിക്കുന്നതെന്നും അബ്ബാസി കൂട്ടിച്ചേർത്തു.

പാക്കിസ്ഥാന് ആണവശേഷിയുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. ആണവ അവശിഷ്ടങ്ങൾ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്നും ഞങ്ങൾക്ക് അറിയാം. അറുപതുകളിൽ തന്നെ ആണവായുധങ്ങളുടെ നിർമാണം പാക്കിസ്ഥാൻ തുടങ്ങിയിരുന്നു. അതായത് 50 വർഷമായി ആണവായുധങ്ങൾ ഞങ്ങൾ സംരക്ഷിക്കുന്നു. ഇനിയും അതു തുടരാനാകുമെന്നാണ് പ്രതീക്ഷയെന്നും പാക്ക് പ്രധാനമന്ത്രി പറഞ്ഞു.

എന്താണ് കോൾഡ് സ്റ്റാർട്ട്?

പാക്കിസ്ഥാനെ ഉന്നമിട്ട് ഇന്ത്യ രൂപപ്പെടുത്തിയ പ്രത്യേക സൈനിക സിദ്ധാന്തമാണ് ‘കോൾഡ് സ്റ്റാർട്ട്’. പാക്ക് അധിനിവേശ കശ്മീരിലേക്കു കടന്നു കയറി കഴിഞ്ഞ വർഷം ഇന്ത്യ നടത്തിയ മിന്നലാക്രണം ഇത്തരമൊരു പദ്ധതിയുടെ ഭാഗമായിരുന്നു. ഏറ്റവും ലളിതമായ ഭാഷയിൽ, ‘ചൂടാറും മുൻപെ തിരിച്ചടിക്കുക’ എന്ന രീതിയാണിത്. അതായത്, ശത്രു രാജ്യത്തിന്റെ ആക്രമണം നടന്ന് 48 മണിക്കൂറിനുള്ളിൽ കൃത്യമായ സ്ഥലത്ത് തക്ക തിരിച്ചടി നൽകുക. ഇതൊരിക്കലും ഒരു സമ്പൂർണ യുദ്ധമായി മാറുന്നില്ല. വിഷയത്തിൽ രാജ്യാന്തര സമൂഹം പ്രതികരണവുമായി എത്തും മുൻപേ ഇന്ത്യൻ സേന കാര്യം സാധിക്കുകയും ചെയ്യും.

പാക്കിസ്ഥാനിൽനിന്ന് സൈനികമായ പ്രകോപനമോ ഭീകരാക്രമണമോ ഉണ്ടാകുമ്പോൾ മറുനീക്കം രൂപപ്പെടുത്താൻ ദിവസങ്ങളെടുക്കുന്നതാണ് ഇന്ത്യയുടെ പതിവ്. എന്നാൽ ഇത്തരം നീക്കങ്ങൾ പൂർണ വിജയത്തിലെത്തിയ സന്ദർഭങ്ങൾ വളരെ വിരളമാണ്. തിരിച്ചടിക്കു സമയമെടുക്കുന്നതു മൂലം വിഷയത്തിന്റെ ചൂടാറി പോകുന്നു എന്നതായിരുന്നു പ്രധാന പ്രതിസന്ധി. 2001ൽ ഇന്ത്യൻ പാർലമെന്റിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇന്ത്യ സൈനിക തിരിച്ചടിക്കു ശ്രമിച്ചെങ്കിലും അതു ഫലവത്തായിരുന്നില്ല. ഇത്തരം സാഹചര്യങ്ങൾ മറികടക്കാനാണ് ‘കോൾഡ് സ്റ്റാർട്ട്’ എന്ന സൈനിക സിദ്ധാന്തം ഇന്ത്യൻ സേന വികസിപ്പിച്ചത്.