Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിന്റെ ആക്രോശങ്ങൾ നായ കുരയ്ക്കുന്നതിനു തുല്യം: ഉത്തരകൊറിയൻ മന്ത്രി

North Korea Trump

ന്യൂയോർക്ക്∙ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആക്രോശങ്ങളെ നായ കുരയ്ക്കുന്നതിനു തുല്യമായാണു കാണുന്നതെന്ന് ഉത്തരകൊറിയ. യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റിയോങ് ഹോയാണു മാധ്യമപ്രവര്‍ത്തകരോട് ഇങ്ങനെ പ്രതികരിച്ചത്. ഉത്തര കൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെ റോക്കറ്റ് മനുഷ്യന്‍ എന്നു വിശേഷിപ്പിച്ച ട്രംപിനോടു സഹതാപമേയുള്ളൂ എന്നും ഹോ പറഞ്ഞു. പ്രകോപനം തുടര്‍ന്നാല്‍ ഉത്തരകൊറിയയെ ഇല്ലാതാക്കുമെന്ന് പൊതുസഭയെ അഭിസംബോധന ചെയ്തുള്ള തന്റെ കന്നി പ്രസംഗത്തിൽ ട്രംപ് പറഞ്ഞിരുന്നു.

നായ കുരച്ചാലും പരേഡ് മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കും എന്ന കൊറിയൻ ഉപമയും റിയോങ് ഹോ ഉദ്ധരിച്ചു. നായ കുരയ്ക്കുന്നതുപോലെ ശബ്ദം ഉണ്ടാക്കിപ്പേടിപ്പിക്കാനാണു ട്രംപിന്റെ ശ്രമമെങ്കിൽ അതു നായയുടെ സ്വപ്നമായി മാത്രമേ കാണാനാകൂയെന്നും ഹോ കൂട്ടിച്ചേർത്തു.

ഉത്തര കൊറിയ, ഇറാൻ എന്നീ രാജ്യങ്ങളാണ് ലോകത്തിന് ഭീഷണി സൃഷ്ടിക്കുന്നതെന്നായിരുന്നു യുഎന്നിൽ ട്രംപ് പറഞ്ഞത്. ആണവായുധങ്ങളുള്ള രാജ്യങ്ങളും ഭീകരരുമാണ് ലോകം നേരിടുന്ന വെല്ലുവിളി. ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ പൂർണമായും നശിപ്പിക്കും. ഉത്തര കൊറിയയുടെ ‘റോക്കറ്റ് മാൻ’ (കിം ജോങ് ഉൻ) ആത്മഹത്യാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.