Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേങ്ങര ഉപതിരഞ്ഞെടുപ്പ്: കെ. ജനചന്ദ്രൻ മാസ്റ്റർ ബിജെപി സ്ഥാനാർഥി

K Janachandran

മലപ്പുറം ∙ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ കെ. ജനചന്ദ്രൻ മാസ്റ്റർ എൻഡിഎ സ്ഥാനാർഥി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സ്ഥാനാർഥിയെ തീരുമാനിച്ചത്. ജില്ലയിൽ ബിജെപിയുടെ ശക്തികേന്ദ്രമായ താനൂർ സ്വദേശിയാണ് ജനചന്ദ്രൻ. മുൻ ജില്ലാ അധ്യക്ഷൻ കൂടിയായതിന്റെ ബലത്തിലാണ് ഇദ്ദേഹം പോരാട്ടത്തിന് ഇറങ്ങുന്നത്.

മൂന്ന് മുന്നണികളുടെയും സ്ഥാനാർഥി ചിത്രം വ്യക്തമായതോടെ വേങ്ങര അങ്കത്തിന് ഒരുങ്ങി. പത്രികാ സമർപ്പണം കഴിഞ്ഞതിനാൽ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിന്റെ പ്രചാരണച്ചൂടിലേക്ക് കടന്നു. ഇരുമുന്നണികളും മുന്നിലായതിന്റെ വേവലാതിയിലാണ് ജനചന്ദ്രന്റെ പ്രചാരണ പരിപാടികൾ ബിജെപി ആലോചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വള്ളിക്കുന്നത്തും ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പൊന്നാനിയിലും സ്ഥാനാർഥിയായതിന്റെ അനുഭവപരിചയവും ജനചന്ദ്രനുണ്ട്.

കോൺഗ്രസ്, ലീഗ് ഭിന്നതയുള്ള കണ്ണമംഗലം പഞ്ചായത്തിലാണ് ഇടതുസ്ഥാനാർഥി പി.പി.ബഷീറിന്റെ പ്രചാരണം. പ്രവർത്തകരേയും കുടുംബങ്ങളേയും നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് അദ്ദേഹം. വേങ്ങര നിയോജക മണ്ഡലത്തിലാകെ അടുത്തബന്ധമുള്ള വോട്ടർമാരെ നേരിൽ കാണാനുള്ള ഒാട്ടത്തിലാണു യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ. ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവരുടെ വൻപടയാണു ഖാദറിന് ഒപ്പമുള്ളത്. എസ്‍ഡിപിഐ സ്ഥാനാർഥി കെ.സി.നസീറും പോരാട്ടത്തിനുണ്ട്.