Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിന്നലാക്രമണം വൻ തയാറെടുപ്പിൽ: ലഫ്. ജനറൽ ഹൂഡയുടെ വെളിപ്പെടുത്തൽ

DS Hooda

ന്യൂഡൽഹി∙ നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യൻ സേന നടത്തിയ മിന്നലാക്രമണത്തിന് ഒരുവർഷം തികയാനിരിക്കെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ലഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡ. 2016 ജൂൺ പതിനഞ്ചിനുശേഷം മ്യാൻമറിനു സമീപം ഒട്ടേറെ ആക്രമണങ്ങൾ നടന്നിരുന്നു. ഈ സമയത്തു പാക്കിസ്ഥാൻ പ്രകോപനപരമായ പ്രസ്താവനകൾ പലപ്പോഴും നടത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിക്കു മറുപടി നൽകാൻ കഴിയുമെന്നും അവർ വെല്ലുവിളിച്ചു. ഇതോടെയാണു മിന്നലാക്രമണമെന്ന തീരുമാനത്തിലേക്കു ഞങ്ങളെത്തിയത്. ഒരിക്കൽ‌ മിന്നലാക്രമണം നടത്തിയാൽ അവർ മിണ്ടാതിരിക്കുമെന്നു ഞങ്ങൾ കണക്കുകൂട്ടി. അങ്ങനെ തന്നെ നടന്നതാണു ഞങ്ങളുടെ വിജയമെന്നും ഹൂഡ പറഞ്ഞു.

മിന്നലാക്രമണത്തിനായി വൻ തയാറെടുപ്പുകളാണു നടത്തിയത്. ആരും പരുക്കേൽക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാൻഡോകൾക്ക് ഒട്ടേറെത്തവണ പരിശീലനം നൽകി. പരുക്കേൽക്കാതെ തിരിച്ചെത്തണമെന്നു പറയുന്നതു മണ്ടത്തരമാണ്. ഇത്രയും വലിയ ആക്രമണം നടത്തുമ്പോൾ അപകടങ്ങളുണ്ടാകരുതെന്ന് ആവശ്യപ്പെടുന്നതു ശരിയല്ല. ആളപായമുണ്ടാകുന്നതിനുള്ള സാധ്യത കൂടുതലാണ്. എന്നാൽ അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. അതിൽ ഞങ്ങൾ വിജയിക്കുകയും ചെയ്തു. ഒരു സൈനികനു പോലും യാതൊന്നും സംഭവിക്കാതെ അവർ തിരിച്ചെത്തി – ഹൂഡ വ്യക്തമാക്കി.

ഏതെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിച്ചാൽ രക്ഷാപ്രവർത്തനം നടത്തുന്നതിനായി ഹെലിക്കോപ്റ്ററുകൾ തയാറാക്കി നിർത്തിയിരുന്നു. ഇതിനായി ഒട്ടേറെ പദ്ധതികളാണു തയാറാക്കിയിരുന്നത്. അത്തരത്തിലൊരു അപകടമുണ്ടായാൽ അതിൽനിന്ന് എങ്ങനെ രക്ഷപെടാം, എന്തൊക്കെ പ്രശ്നങ്ങളാണ് ഉണ്ടാകാൻ സാധ്യത അങ്ങനെ പലകാര്യങ്ങളെക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ആകാശമാർഗത്തിലൂടെ വേണോ അതോ അതിർത്തിയിൽനിന്നു കൂടുതൽ സൈനികരെ അയയ്ക്കണമോയെന്നുവരെ ചിന്തിച്ചു. അങ്ങനെയൊരു രക്ഷപ്പെടുത്തലിനായി എപ്പോഴും തയാറായിരുന്നു ഇന്ത്യൻ സേന. പാക്കിസ്ഥാനിൽ നടത്തിയ ഈ മിന്നലാക്രമണത്തിനു തങ്ങൾ ദൃക്സാക്ഷികളായിരുന്നു. വിഡിയോ സ്ട്രീമിങ്ങിലൂടെ എല്ലാം തല്‍സമയം കാണുന്നുണ്ടായിരുന്നുവെന്നും ഹൂഡ പറഞ്ഞു.

പാക്ക് സേനയ്ക്കെതിരെ ഇന്ത്യൻ സേന ശക്തമായി ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കവേ ഒരു ജവാനു പരുക്കേറ്റതായി വിവരം ലഭിച്ചിരുന്നു. എന്നാൽ പാക്ക് തിരിച്ചടിയിൽ ആയിരുന്നില്ല അതുണ്ടായത്. അതിർത്തിയിൽ ഇന്ത്യൻ പ്രദേശത്ത് കുഴിച്ചിട്ടിരുന്ന മൈൻ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് അത്തരത്തിലൊരു അപകടമുണ്ടായത്. പാക്കിസ്ഥാനിൽനിന്നുള്ള തിരിച്ചടികളിൽ ഇന്ത്യൻ ഭാഗത്ത് ആർക്കും ഒന്നും സംഭവിച്ചില്ല. അതേസമയം, മിന്നലാക്രമണത്തിലെ വിജയം ഇന്ത്യ ആഘോഷിക്കുന്നതിനിടെ ഒരാക്രമണമുണ്ടാകുമോയെന്നു ഞങ്ങൾ ഭയന്നിരുന്നു. എന്നാൽ മിന്നലാക്രമണമേ ഉണ്ടായിട്ടില്ലെന്ന നിലപാടാണു പാക്കിസ്ഥാനെടുത്തത്. അതേസമയം, പാക്ക് തിരിച്ചടി നേരിടുന്നതിനായി ഇന്ത്യ തയാറെടുത്തിരുന്നു. മിന്നലാക്രമണമുണ്ടായ ഷോക്കിൽ അവർക്കു യാതൊന്നും പ്രതികരിക്കാൻ സാധിക്കാതെയിരുന്നതാകാമെന്നും ഹൂഡ പറഞ്ഞു.

മിന്നലാക്രമണമുണ്ടായപ്പോൾ താനതു തൽസമയം കണ്ടിരുന്നു. എന്താണു അവിടെ സംഭവിച്ചതെന്നു വെളിപ്പെടുത്താനാകില്ല. ആക്രമണത്തിന്റെ മുഴുവൻ വിവരങ്ങളും അപ്പോൾ ലഭിച്ചിരുന്നില്ലെങ്കിലും ആക്രമണരീതികൾ വ്യക്തമായിരുന്നു. ഇരുട്ടിന്റെ മറവിൽ ഏതൊക്കെ സൈനികർ തമ്മിലാണ് ഏറ്റുമുട്ടൽ നടത്തിയതെന്നും വ്യക്തമായിരുന്നില്ല. തങ്ങളുടെ പദ്ധതിക്കനുസരിച്ചുതന്നെയാണോ നടപ്പാക്കലെന്നു അറിയുന്നതിനായിരുന്നു ഇതെന്നും ലഫ്റ്റനന്റ് ജനറൽ ഹൂ‍‍ഡ പറഞ്ഞു.

19 സൈനികർ വീരമൃത്യു വരിച്ച ഉറി ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തിയത്. 2016 സെപ്റ്റംബർ 28ന് അർധരാത്രിയിലായിരുന്നു ആക്രമണം. ഇതിൽ പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ വ്യാപകമായി തകർക്കുകയും പാക്ക് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.