Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസിൽ കയ്യേറ്റം നടന്നിട്ടില്ല; റിപ്പോർട്ട് വിജിലൻസ് ഡിജിപിക്ക് അയച്ചു

d-cinemas

തൃശൂർ∙ നടന്‍ ദിലീപിന്റെ ചാലക്കുടി ഡി സിനിമാസില്‍ കയ്യേറ്റം നടന്നിട്ടില്ലെന്നു വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അനുമതി തേടി ഡിജിപിക്ക് അയച്ചു. അനുമതി ലഭിച്ച ശേഷം റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും. രേഖകൾ പരിശോധിച്ചതിൽനിന്നാണു കയ്യേറ്റമില്ലെന്നു വിജിലൻസ് കണ്ടെത്തിയത്.

ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി. ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു അന്വേഷണം നടന്നത്. ഡി സിനിമാസിന്റെ തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുൻപ് കയ്യേറ്റം നടന്നിട്ടുണ്ടെന്നുള്ള പരാതിയുമുണ്ട്. ഇതിലുള്ള അന്വേഷണം ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കുകയാണ്.

ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപ് കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. ദിലീപിനു മുൻപ് സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്. ഇതിലാണ് ഇപ്പോൾ ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്.

തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണ് കേസ് അന്വേഷിച്ചത്. ഡി സിനിമാസിൽ കയ്യേറ്റമുണ്ടെന്ന കേസ് തൃശൂർ വിജിലൻ കോടതി ഈ മാസം 27നു പരിഗണിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. വിജിലൻസ് ഡയറക്ടറുടെ അംഗീകാരത്തോടെയായിരിക്കും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുക. മുൻ കലക്ടർ എം.എസ്. ജയ, ദിലീപ് എന്നിവരെ പ്രതിചേർത്ത് വിജിലൻസ് കോടതിയിൽ ഹർജി ലഭിച്ചതിനെത്തുടർന്നാണ് ത്വരിതാന്വേഷണത്തിനു കോടതി ഉത്തരവിട്ടത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ഡി സിനിമാസ് ഭൂമി കയ്യേറിയെന്ന ആരോപണം ഉയർന്നത്.

related stories