Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂന്നാർ കയ്യേറ്റം: സര്‍ക്കാര്‍ അഭിഭാഷകനെ വിശ്വാസത്തിലെടുക്കാതെ സിപിഎം

Munnar Encroachment മൂന്നാറിലെ പാപ്പാത്തിച്ചോലയിൽ അനധിക‍ൃതമായി സ്ഥാപിച്ച ഷെഡ് പൊളിച്ചുനീക്കുന്നു.

ദേവികുളം∙ മൂന്നാറിലെ അനധികൃത കയ്യേറ്റം സംബന്ധിച്ച കേസില്‍ സര്‍ക്കാര്‍ അഭിഭാഷകനെ വിശ്വാസത്തിലെടുക്കാതെ സിപിഎം. പോഷക സംഘടനയായ കര്‍ഷക സംഘം കേസില്‍ കക്ഷിചേര്‍ന്നു. സര്‍ക്കാരിനു വേണ്ടി ഹാജരാകുന്ന അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ (എഎജി) രഞ്ജിത് തമ്പാനെ മാറ്റണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചെങ്കിലും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തയാറായിരുന്നില്ല.

ചെന്നൈ ഹരിത ‍ട്രൈബ്യൂണല്‍ കേസ് പരിഗണിച്ചപ്പോഴും രഞ്ജിത് തമ്പാനാണു ഹാജരായത്. ഇതിനെതുടര്‍ന്നാണ് സിപിഎം നിലപാട് കോടതിയെ അറിയിക്കാന്‍ പോഷക സംഘടനയെ കക്ഷിചേര്‍ത്തുകൊണ്ടുള്ള നീക്കം. മൂന്നാറിലെ കയ്യേറ്റങ്ങളും കയ്യേറ്റ ഭൂമിയിലെ അനധികൃത കെട്ടിട നിർമാണങ്ങളും തടയാൻ റവന്യൂ വകുപ്പ് എടുക്കുന്ന നടപടികളോടു സിപിഎം എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സിപിഐ നോമിനിയായ എഎജിയെ കേസിന്റെ ചുമതലയിൽനിന്നു മാറ്റാൻ നീക്കം നടന്നത്. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കും.

മൂന്നാറിലെ പ്രാദേശിക പാർട്ടി നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് എഎജി ര‍ഞ്ജിത് തമ്പാനുപകരം മറ്റൊരാൾക്കു നൽകാനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നീക്കം. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഈ കേസിൽ രഞ്ജിത് തന്നെ ഹാജരാകണമെന്ന് റവന്യൂമന്ത്രി അഡ്വക്കേറ്റ് ജനറലിന് കത്ത് നൽകിയിരുന്നു. സിപിഐ നേതൃത്വത്തോടുകൂടി ആലോചിച്ച ശേഷമാണ് അഭിഭാഷകനെ മാറ്റാനാകില്ലെന്ന നിലപാട് മന്ത്രി സ്വീകരിച്ചത്. കയ്യേറ്റവും അനധികൃത നിർമാണവും സംബന്ധിച്ച വിവരങ്ങൾ കോടതിയിൽ എത്തുമെന്നതാണ് രഞ്ജിത് തമ്പാനെ മാറ്റാനുള്ള സമ്മർദ്ദത്തിനു പിന്നിലെന്നാണ് സിപിഐ വിശ്വസിക്കുന്നത്.