Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശുദ്ധമായ പാചകം പ്രോത്സാഹിപ്പിക്കാൻ ‘എൽപിജി പഞ്ചായത്തു’മായി കേന്ദ്രം

LPG Cylinder

ന്യൂഡൽഹി ∙ രാജ്യത്തെങ്ങും ശുദ്ധമായ പാചകവാതകം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ‘എൽപിജി പഞ്ചായത്ത്’ എന്ന നൂതന ആശയവുമായി കേന്ദ്ര സർക്കാർ. പഞ്ചായത്തുകൾ തോറും പ്രത്യേക സമ്മേളനങ്ങൾ വിളിച്ച് എൽപിജി പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് ബോധവൽക്കരണം നല്‍കാനാണ് പദ്ധതി. രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് പാചകവാതക കണക്ഷനുകൾ നൽകുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ‘പ്രധാൻമന്ത്രി ഉജ്വല യോജന (പിഎംയുവൈ) പദ്ധതിയുടെ ചുവടുപിടിച്ചാണ് ‘എൽപിജി പഞ്ചായത്തു’കൾ സംഘടിപ്പിക്കുക.

അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഒരു ലക്ഷം എൽപിജി പഞ്ചായത്തുകൾ സംഘടിപ്പിക്കാനാണ് ശ്രമം. പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം പെട്രോളിയം, പ്രകൃതിവാതക വകുപ്പുമന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവർ ചേർന്ന് ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ഇസാൻപുർ–മോ‍ട്ട ഗ്രാമത്തിൽ ശനിയാഴ്ച നിർവഹിക്കും.

പിഎംയുവൈ പദ്ധതിപ്രകാരം എൽപിജി സിലിൻഡറുകൾ ലഭിച്ചവർ, പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, എൽപിജി വിതരണക്കാർ, ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർക്ക് പരസ്പരം സംവദിക്കുന്നതിനുള്ള വേദിയൊരുക്കുകയാണ് ‘എൽപിജി പഞ്ചായത്തു’കളിലൂടെ ലക്ഷ്യമിടുന്നതെന്ന് പദ്ധതിയുടെ ഗുജറാത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ‍ഞ്ജീവ് ജയിൻ വ്യക്തമാക്കി.

എൽപിജി സിലിൻഡറുകൾ ലഭിച്ചിട്ടുള്ള ഉപഭോക്താക്കൾ അതിന്റെ ഗുണങ്ങളും മെച്ചങ്ങളുമെല്ലാം എൽപിജി പഞ്ചായത്തിൽ പങ്കെടുക്കുന്ന മറ്റുള്ളവരുമായി പങ്കുവയ്ക്കും. എൽപിജി പാചകവാതകത്തിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളും നിർദ്ദേശങ്ങളും ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെടുത്താനും അവസരമുണ്ടാകും. എൽപിജി സിലിൻഡറുകളുടെ സുരക്ഷ, സിലിൻഡറുകള്‍ ലഭ്യമാക്കുന്നതിൽ ഏജൻസികളുടെ പ്രവർത്തനം, സിലിന്‍ഡറുകളിൽ വീണ്ടും  എൽപിജി നിറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പം തുടങ്ങിയവയെല്ലാം എൽപിജി പഞ്ചായത്തിൽ ചർച്ച ചെയ്യുന്ന വിഷയങ്ങളാണ്.

വ്യക്തിപരമായ അനുഭവകഥകളിലൂടെ എൽപിജി പാചകവാതകത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് എൽപിജി പഞ്ചായത്തുകളിലൂടെ ലക്ഷ്യമിടുന്നത്. എൽപിജി പാചകവാതകം ഉപയോഗിക്കുന്ന കാര്യത്തിൽ ഗ്രാമപ്രദേശങ്ങളിലുള്ളവർക്ക് ഇപ്പോഴും ആശങ്കയുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എൽപിജി പഞ്ചായത്തുകൾ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി ഉജ്വല പദ്ധതി (പിഎംയുപി)

ബിപിഎൽ കുടുംബങ്ങളിലെ സ്ത്രീകളുടെ പേരിൽ സൗജന്യമായി പാചക വാതക കണക്ഷൻ നൽകാനുള്ള പദ്ധതി 2016ലെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. മൂന്നു വർഷം കൊണ്ട് അഞ്ചു കോടി കണക്ഷൻ നൽകുകയായിരുന്നു ലക്ഷ്യം. 8000 കോടി രൂപയാണ് ഇതിനു ബജറ്റിൽ വകയിരുത്തിയിരുന്നത്. കണക്ഷൻ എടുക്കുന്നതിനുള്ള 1600 രൂപയാണു ബിപിഎൽ കുടുംബത്തിനു സബ്സിഡിയായി ലഭിക്കുന്നത്. 2016 മേയ് ഒന്നിന് യുപിയിലെ ബലിയയിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. സാമ്പത്തിക വർഷത്തിനുള്ളിൽ 1.5 കോടി കണക്​ഷൻ നൽകാൻ 2000 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, എട്ടു മാസം കൊണ്ട് ഇവ വിതരണം ചെയ്തതായി അധികൃതർ അറിയിച്ചിരുന്നു.

കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് 61 ശതമാനമായിരുന്നു രാജ്യത്തെ എൽപിജി ഗുണഭോക്താക്കളുടെ തോത്. എന്നാൽ, എട്ടു മാസം കൊണ്ടു 1.5 കോടി എൽപിജി കണക്ഷൻ വിതരണം ചെയ്തതോടെ രാജ്യത്തെ എൽപിജി കണക്‌ഷനുകളുടെ തോത് 70 ശതമാനമായി ഉയർന്നു. ‌