Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാൻ ഇപ്പോൾ ‘ടെററിസ്ഥാൻ’; ആഞ്ഞടിച്ച് ഇന്ത്യ യുഎന്നിൽ

Eenam Gambhir

ന്യൂയോർക്ക്∙ പാക്കിസ്ഥാൻ ഇപ്പോൾ ‘ടെററിസ്ഥാൻ’ ആണെന്ന് യുഎൻ പൊതുസഭയിൽ ഇന്ത്യ. ചരിത്രപരമായി നോക്കിയാലും പാക്കിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു വ്യക്തമാകും. ശുദ്ധമായ ഭീകരതയ്ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണ് അവർ. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയയ്ക്കുകയുമാണ് പാക്കിസ്ഥാനെന്നും യുഎന്നിലെ സ്ഥിരം പ്രതിനിധി ഈനം ഗംഭീർ പറഞ്ഞു. ഇന്ത്യയ്ക്കെതിരെയുള്ള പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസിയുടെ പ്രസ്താവനകൾക്കുള്ള മറുപടിയായിട്ടാണു യുഎന്നിൽ ഇന്ത്യ ആഞ്ഞടിച്ചത്.

യുഎൻ ഭീകരസംഘടന പട്ടികയിൽ ഉൾപ്പെടുത്തിയ ലഷ്കറെ തയിബയുടെ തലവൻ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോൾ പാക്കിസ്ഥാനിലെ രാഷ്ട്രീയകക്ഷി നേതാവാണ്. ഭീകരപ്രവർത്തനവുമായുള്ള പാക്ക് ബന്ധത്തിനുള്ള തെളിവാണിത്. ഭീകരർക്കു രാഷ്ട്രീയ പാർട്ടികളാൽ സുരക്ഷ നൽകുകയോ രാജ്യാന്തര ഭീകരനേതാക്കളെ സംരക്ഷിക്കുകയാണു തങ്ങളുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പാക്കിസ്ഥാൻ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിച്ചു.

ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നതു പാക്കിസ്ഥാൻ ഒരിക്കലും മറക്കരുത്. അതിർത്തി കടന്നുള്ള ഭീകരവാദത്തിലൂടെ ഇന്ത്യയുടെ പ്രാദേശിക സമത്വം തകർക്കുന്നതിനുള്ള ശ്രമങ്ങൾ ഒരിക്കലും വിലപ്പോകില്ല. സ്വന്തം രാജ്യത്തു ഭീകരരെ വളർത്തിയ പാക്കിസ്ഥാൻ ഇപ്പോൾ അതിനെതിരെ സംസാരിക്കുകയാണ്. ഭീകരരും സംഘടനകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചെലവുകളെക്കുറിച്ചും വരെ അവർ സംസാരിക്കുന്നു.

പിടിക്കപ്പെടുമെന്നോ ശിക്ഷിക്കപ്പെടുമെന്നോ ഉള്ള ഭയംപോലുമില്ലാതെ തെരുവുകളിലൂടെ ഭീകരർ റോന്തുചുറ്റുന്ന സ്ഥിതിയിലും ഇന്ത്യയിൽ മനുഷ്യാവകാശം സംരക്ഷിക്കുന്നതിനെക്കുറിച്ചാണു പാക്കിസ്ഥാൻ സംസാരിക്കുന്നത്. ‘ടെററിസ്ഥാൻ’ എന്ന ഈ പ്രദേശം ആഗോള ഭീകരതയ്ക്കു നൽകിയ സംഭവാനകൾക്കു യാതൊരുവിധ സമാനതകളുമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു.

ജമ്മു കശ്മീർ വിഷയത്തിൽ യുഎൻ ഇടപെടൽ ആവശ്യപ്പെട്ട പാക്ക് പ്രധാനമന്ത്രി, അവിടുത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ഇന്ത്യ അടിച്ചമർത്തുകയാണെന്നും ആരോപിച്ചിരുന്നു. ഇന്ത്യയിൽനിന്നുള്ള ഭീഷണി ചെറുക്കാൻ പാക്കിസ്ഥാൻ ഹ്രസ്വദൂര അണ്വായുധങ്ങൾ വികസിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാക്കിസ്ഥാന്റെ ആണവശേഖരം വർധിച്ചുവരുന്നുവെന്ന ആരോപണത്തിൽ കഴമ്പില്ലെന്നും ഇന്ത്യയുടെ ‘കോൾഡ് സ്റ്റാർട്ട്’ തന്ത്രത്തെ പ്രതിരോധിക്കാൻ ഹ്രസ്വദൂര അണ്വായുധങ്ങൾ വികസിപ്പിച്ചതല്ലാതെ തന്ത്രപ്രധാനമായ അണ്വായുധങ്ങളൊന്നും പാക്കിസ്ഥാനില്ലെന്നും അബ്ബാസി വ്യക്തമാക്കിയിരുന്നു.