Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടി കായല്‍ കയ്യേറി: സ്ഥിരീകരണവുമായി കലക്ടറുടെ റിപ്പോര്‍ട്ട്

Lake Palace Resort

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയ കാര്യം സ്ഥിരീകരിച്ച് ആലപ്പുഴ ജില്ലാ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട്. കായല്‍ മണ്ണിട്ട് നികത്തിയെന്നു സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെയാണ് കയ്യേറ്റം കണ്ടെത്തിയിരിക്കുന്നത്. ഭൂഘടനയില്‍ വ്യത്യാസം വന്നതായി തെളിയിക്കുന്ന ഉപഗ്രഹചിത്രങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂനിയമങ്ങളുടെ ലംഘനമുണ്ടായെന്നും വിശദമായ പരിശോധന ആവശ്യമുണ്ടെന്നും കലക്ടര്‍ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ആലപ്പുഴ കലക്ടര്‍ റിപ്പോര്‍ട്ട് റവന്യൂമന്ത്രിക്ക് കൈമാറി.

അതിനിടെ, തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന് അനുവദിച്ച നികുതി ഇളവ് ആലപ്പുഴ നഗരസഭ റദ്ദാക്കി. ഇതുവരെ ഇളവായി അനുവദിച്ച തുക തിരിച്ചടയ്ക്കാൻ നിർദ്ദേശം നൽകാൻ ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ തീരുമാനമെടുത്തു. നഗരസഭയില്‍നിന്ന് ഫയല്‍ കാണാതായ സംഭവത്തില്‍ നാലു ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു. അതേസമയം, റിസോര്‍ട്ടിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നഗരസഭാ ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ടില്‍ വൈരുദ്ധ്യം കണ്ടെത്തി.

2004 മുതല്‍ അനുവദിച്ച നികുതി ഇളവാണ് നഗരസഭ പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് റദ്ദാക്കിയത്. മൂന്നിലൊന്നു തുക മാത്രമാണ് ഇക്കാലമത്രയും മുനിസിപ്പാലിറ്റിക്ക് ലഭിച്ചത്. ഈ തുകയൊന്നാകെ ലേക് പാലസ് തിരിച്ചടയ്ക്കണം. റിസോര്‍ട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അഞ്ചുദിവസത്തിനുള്ളില്‍ നഗരസഭയിലെത്തിക്കണം. സൂപ്രണ്ട് ഉള്‍പ്പടെ നാലു ഉദ്യോഗസ്ഥരെയാണ് ചെയര്‍മാന്‍റെ അധികാരം ഉപയോഗിച്ച് സസ്പെന്‍ഡ് ചെയ്തത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കിയ രീതി അംഗീകരിക്കില്ലെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു

ലേക് പാലസിലെ അഞ്ചു കെട്ടിടങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി എന്നായിരുന്നു മുനിസിപ്പല്‍ എന്‍ജിനീയറുടെ റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ റിപ്പോര്‍ട്ട് വായിച്ച മുനിസിപ്പല്‍ സെക്രട്ടറി എല്ലാം നിയമപരമാണെന്ന് വ്യക്തമാക്കി. ഈ വൈരുദ്ധ്യം ചര്‍ച്ചക്ക് വന്നതോടെ ബഹളമായി. ബിജെപി അംഗങ്ങള്‍ യോഗത്തില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. മൂന്നുമണിക്കൂര്‍ നീണ്ട യോഗത്തിന്റെ ഏറിയ പങ്കും രാഷ്ട്രീയ വാദപ്രതിവാദങ്ങളായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടിയില്‍ പ്രതിഷേധിച്ച് ഇടതുസംഘടനയുടെ ആഭിമുഖ്യത്തില്‍ നഗരസഭയ്ക്ക് മുന്നില്‍ പ്രതിഷേധം നടന്നു.