Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘അമ്മ’യുടെ അസുഖത്തെക്കുറിച്ചു കള്ളം പറഞ്ഞത് ശശികലയെ ഭയന്ന്: തമിഴ്നാട് മന്ത്രി

Sasikala

ചെന്നൈ∙ ശശികലയെയും അവരുടെ ആളുകളെയും ഭയന്നാണു ജയലളിതയുടെ അസുഖവുമായി ബന്ധപ്പെട്ട വിവരങ്ങൾ അണ്ണാ ഡിഎംകെ നേതാക്കൾ ജനങ്ങളിൽനിന്നു മറച്ചുവച്ചതെന്നു തമിഴ്നാട് മന്ത്രിയുടെ വെളിപ്പെടുത്തൽ. ജയലളിതയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാകുന്ന സമയത്തും ഇതേക്കുറിച്ച് ആരും മിണ്ടാതിരുന്നതു ജയലളിത അസുഖം മാറി തിരിച്ചുവരുമെന്നു ജനങ്ങൾ വിശ്വസിച്ചോട്ടെ എന്നു കരുതിയാണെന്നും പളനിസാമി മന്ത്രിസഭയിൽ അംഗമായ ദിന്‍ഡിഗൽ ശ്രീനിവാസൻ വെളിപ്പെടുത്തി. ജയലളിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശശികലയും കൂട്ടരും രഹസ്യമാക്കി വച്ചുവെന്ന വിമർശനം ഉന്നയിച്ചു ദിവസങ്ങൾക്കു ശേഷമാണു കൂടുതൽ വെളിപ്പെടുത്തലുമായി ശ്രീനിവാസൻ രംഗത്തെത്തിയത്.

അസുഖബാധിതയായി കഴിഞ്ഞിരുന്ന സമയത്ത് അമ്മയെ (ജയലളിത) കാണാൻ ആർക്കും അനുവാദമുണ്ടായിരുന്നില്ല. ശശികലയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണു ജയലളിതയെ അഡ്മിറ്റ് ചെയ്തിരുന്ന ആശുപത്രി മുറിയിലേക്കു പ്രവേശനമുണ്ടായിരുന്നത്. ജയലളിതയെ സന്ദർശിക്കാനായി അപ്പോളോ ആശുപത്രിയിലെത്തിയവരെ ഒന്നാം നിലയിൽ തന്നെ നിർത്തി തിരിച്ചയയ്ക്കുകയാണു ചെയ്തിരുന്നത്. ഗവർണർ സി. വിദ്യാസാഗർ റാവു ഉൾപ്പെടെയുള്ളവർക്ക് അമ്മയെ കാണാൻ സാധിച്ചിരുന്നില്ല. പുറത്തുനിന്നുള്ള ആരെയും ജയലളിത കിടക്കുന്ന മുറിയിലേക്കു കടത്തിവിട്ടിരുന്നില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

ജയലളിതയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ടു കള്ളം പറയേണ്ടിവന്നതിന് അണ്ണാ ഡിഎംകെ പ്രവർത്തകരോടും തമിഴ് ജനതയോടും ശ്രീനിവാസൻ മാപ്പു ചോദിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മധുരയിൽ നടന്ന ഒരു പൊതുപരിപാടിയിലാണു ശ്രീനിവാസൻ ഇതുമായി ബന്ധപ്പെട്ടു പ്രസ്താവന നടത്തിയത്. അതേസമയം, ജയലളിത മരിച്ച സമയത്ത് ഇതേക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടതിനു മുൻ മുഖ്യമന്ത്രി കൂടിയായ ഒ. പനീർസെൽവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച വ്യക്തിയാണു ശ്രീനിവാസൻ.

അസുഖം ബാധിച്ചതിനെ തുടർന്നു 2016 സെപ്റ്റംബർ 22നാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും മാസങ്ങൾക്കുശേഷം ഡിസംബർ അഞ്ചിന് ജയലളിത മരണത്തിനു കീഴടങ്ങുകയും ചെയ്തു. ജയലളിതയുടെ മരണം അവരുടെ പാർട്ടിയായ അണ്ണാ ഡിഎംകെയെ കടുത്ത പ്രതിസന്ധിയിലേക്കു തള്ളിവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ നാടകങ്ങൾക്ക് ഒടുവിൽ ശശികലയെയും അവരെ പിന്തുണയ്ക്കുന്നവരെയും പാർട്ടിയിൽനിന്നു പുറത്താക്കിയിരുന്നു. അതേസമയം, പാര്‍ട്ടിയിൽ ഇപ്പോഴും സമ്പൂർണ ഐക്യം സാധ്യമായിട്ടുമില്ല.

related stories