Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നോട്ടുനിരോധനം അനാവശ്യ സാഹസം; സമ്പദ്‌വ്യവസ്ഥയ്ക്കു തിരിച്ചടി: മൻമോഹൻ സിങ്

India Prime Minister

മൊഹാലി ∙ നോട്ടു നിരോധനമെന്ന ‘സാഹസം’ നിമിത്തം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കൂടുതൽ താഴ്ചകളിലേക്കു വീണ്ടുകൊണ്ടിരിക്കുകയാണെന്ന് മുൻ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ മൻമോഹൻ സിങ്. സാങ്കേതികമായും സാമ്പത്തികമായും യാതൊരു ആവശ്യവുമില്ലാത്ത നടപടിയായിരുന്നു നോട്ടു നിരോധനമെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു. ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലൊഴികെ മറ്റു പരിഷ്കൃത രാജ്യങ്ങളിലൊന്നും ഇതുപോലുള്ള നോട്ടു നിരോധനങ്ങൾ വിജയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ട് നിരോധനം ആവശ്യമായിരുന്നുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. സാങ്കേതികമായോ സാമ്പത്തികമായോ ഇത്തരമൊരു സാഹസം വേണമായിരുന്നുവെന്നും ഞാൻ‌ കരുതുന്നില്ല – മൻമോഹൻ സിങ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിൽ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് സംഘടിപ്പിച്ച ‘ലീഡർഷിപ് ഉച്ചകോടി’യിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 നവംബർ എട്ടിന് രാത്രിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അന്ന് ഉപയോഗത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകളാണ് കേന്ദ്രസർക്കാർ അടിയന്തരമായി പിൻവലിച്ചത്. ഈ നടപടിയിലൂടെ വിപണിയിലുണ്ടായിരുന്ന ഏതാണ്ട് 86 ശതമാനം നോട്ടുകളും പിൻവലിക്കപ്പെട്ടതായി മൻമോഹൻ സിങ് ചൂണ്ടിക്കാട്ടി. ഇതിന് ഒട്ടേറെ മോശം ഫലങ്ങൾ ഉണ്ടാകുമായിരുന്നുവെന്നത് ഉറപ്പായിരുന്നെന്നും അതാണ് ഇന്നു നാം കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നോട്ടു നിരോധനം സാമ്പത്തിക വളർച്ചയെ തളർത്തുമെന്ന് താൻ മുൻപു പറഞ്ഞ വാക്കുകൾ ഇപ്പോൾ സത്യമാകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. നോട്ടു നിരോധനത്തിനു പിന്നാലെയെത്തിയ ചരക്കു, സേവന നികുതിയും (ജിഎസ്ടി) സാമ്പത്തിക വളർച്ചയെ ദോഷകരമായി ബാധിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ജിഎസ്ടി നല്ലതാണെങ്കിലും തൽക്കാലത്തേക്ക് ചില തിരിച്ചടികൾ പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, നോട്ടു നിരോധനത്തെ സംഘടിതമായ കൊള്ളയെന്നും ചരിത്രപരമായ പിഴവെന്നും വിശേഷിപ്പിച്ച് മൻമോഹൻ സിങ് പാർലമെന്റിൽ നടത്തിയ പ്രസംഗം ശ്രദ്ധ നേടിയിരുന്നു.

related stories