Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈനം ഗംഭീർ; ഭീകരസ്ഥാനിൽ ‘മിന്നലാക്രമണം’ നടത്തിയ ഇന്ത്യയുടെ ധീരവനിത

Eenam Gambhir

ന്യൂയോർക്ക് ∙ പാക്കിസ്ഥാനെ ‘ഭീകരസ്ഥാനെ’ന്നു വിളിച്ച് യുഎൻ പൊതുസഭയിൽ ഇന്ത്യ നടത്തിയ ‘മിന്നലാക്രമണം’ രാജ്യത്തിന്റെ കയ്യടി നേടുമ്പോൾ താരമാകുകയാണ് ഈ വനിത. നിയന്ത്രണ രേഖ കടന്ന് നടത്തിയ മിന്നലാക്രമണത്തിനു സമാനമായി നയതന്ത്ര തലത്തിൽ ഇന്ത്യ നടത്തിയ ആക്രമണവും പാക്കിസ്ഥാനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. ഈ വാക്ശരങ്ങൾക്കു പിന്നിലെ മൂർച്ചയേറിയ നാവിന്റെ ഉടമയാണ് ഈനം ഗംഭീർ. 2005 ബാച്ചിലെ ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥ.

പാക്കിസ്ഥാൻ ‘ഭീകരസ്ഥാൻ’ ആയെന്നും ആഗോള ഭീകരവാദം ഉൽപാദിപ്പിച്ചു കയറ്റുമതിചെയ്യുന്ന ശുദ്ധഭീകരതയുടെ രാജ്യമാണത് എന്നുമൊക്കെ കരുത്തുറ്റ വാക്കുകളിൽ ഇന്ത്യ ലോകത്തോടു വിളിച്ചു പറഞ്ഞത് ഈനത്തിലൂടെയാണ്. മുല്ല ഉമറിനെയും ഉസാമ ബിൻ ലാദനെയും സംരക്ഷിച്ച രാജ്യം, ഇരയായി നടിക്കുന്ന കൗശലം അസാധാരണമാണെന്നും ഈനം ചൂണ്ടിക്കാട്ടി.

ഇമ്പമുള്ള പേരാണ് ഈനത്തിന്റേതെങ്കിലും പാക്കിസ്ഥാന്റെ കാര്യം വരുമ്പോൾ അതെല്ലാം മറക്കും. യുഎൻ പൊതുസഭയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യാവിരുദ്ധ പരാമർശത്തിനു പാക്കിസ്ഥാന് അതേ നാണയത്തിൽ രാജ്യം മറുപടി നൽകുന്നത്. രണ്ടുവട്ടവും ഇന്ത്യയുടെ യുഎൻ ഫസ്റ്റ് സെക്രട്ടറിയായ ഈനം ഗംഭീർ ആണ് ദൗത്യം നിർവഹിച്ചത്. സമൂഹമാധ്യമങ്ങളിലും ഈനത്തിന്റെ പ്രസംഗം വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഇന്ത്യയുടെ യുഎൻ ദൗത്യസംഘത്തിലെ ജൂനിയർ അംഗം കൂടിയാണ് ഈനം.

പാക്കിസ്ഥാനുമായി വളരെ അടുത്ത ‘ബന്ധ’വും ഈനത്തിനുണ്ട്. യുഎന്നിലേക്കു നിയോഗിക്കപ്പെടും മുൻപ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ പാക്കിസ്ഥാൻ വിഭാഗത്തിലാണ് ഈനം ജോലി ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ നയതന്ത്ര രംഗത്തു പാക്കിസ്ഥാനെ എങ്ങനെ ‘കൈകാര്യം’ ചെയ്യണമെന്നു നല്ല നിശ്ചയം. മഡ്രിഡിലും ജോലി ചെയ്തിട്ടുള്ള ഈനത്തിനു സ്പാനിഷ് ഭാഷയിലും അത്യാവശ്യം പ്രാവീണ്യമുണ്ട്. അർജന്റീന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ ഇന്ത്യൻ എംബസ്സികളിലും പ്രവർത്തിച്ചിട്ടുണ്ട്.

പാക്കിസ്ഥാന്റെ ആരോപണത്തിന് മൂർച്ചയുള്ള മറുപടി

യുഎൻ പൊതുസഭയിൽ കശ്മീർ പ്രശ്നം കുത്തിപ്പൊക്കി പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായാണ് ഈനത്തിലൂടെ ഇന്ത്യ പ്രതികരിച്ചത്. പാക്കിസ്ഥാനെതിരെ ഇന്ത്യ ‘പരിമിത യുദ്ധം’ നടത്തുകയാണെന്നും ഇതു തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്നുമായിരുന്നു അബ്ബാസിയുടെ വാക്കുകൾ. കശ്മീരിലെ ജനങ്ങളുടെ പോരാട്ടത്തെ നിഷ്ഠൂരമായി അടിച്ചമർത്തുന്നു. നിയന്ത്രണരേഖയിൽ ഇന്ത്യ തുടർച്ചയായി വെടിനിർത്തൽ ലംഘിച്ചിട്ടും പാക്കിസ്ഥാൻ ആത്മനിയന്ത്രണം പാലിച്ചു. കശ്മീരിലേക്കു യുഎൻ രക്ഷാസമിതി, പ്രത്യേക പ്രതിനിധിയെ നിയോഗിക്കണമെന്നു പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. പാക്ക് പ്രധാനമന്ത്രിക്കു പിന്നാലെയാണ് ഈനം മറുപടി പറഞ്ഞത്.

‘നുണ പറഞ്ഞും കാര്യങ്ങൾ വളച്ചൊടിച്ചുമുള്ള പാക്കിസ്ഥാൻ ശൈലി ഇപ്പോൾ അയൽരാജ്യങ്ങൾക്കെല്ലാമറിയാം. കുറഞ്ഞ കാലത്തിനിടെ ഈ ഭൂപ്രദേശം ഭീകരതയുടെ പര്യായമായി. ഇപ്പോൾ പാക്കിസ്ഥാൻ ഭീകരസ്ഥാനാണ്. പാക്ക് ഭീകരവിരുദ്ധ നയംതന്നെ ഭീകരർക്കു സുരക്ഷിത താവളം നൽകി അവരെ മുഖ്യധാരയിലേക്ക് ഉയർത്താനുള്ളതാണ്. ജമ്മു–കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നും അങ്ങനെയായിരിക്കും. അതിർത്തി കടന്ന് എത്ര ഭീകരത കാട്ടിയാലും ഇന്ത്യയുടെ അഖണ്ഡത തകർക്കാനാവില്ല’– ഈനം വ്യക്തമാക്കി.