Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോമാളിയായ പ്രധാനമന്ത്രിയെ പ്രഗത്ഭനായി  ചിത്രീകരിക്കാൻ ശ്രമം: എം.കെ. മുനീർ

mk-muneer

കണ്ണൂര്‍∙ കോമാളിവേഷക്കാരനായ പ്രധാനമന്ത്രിയെ പ്രഗത്ഭനായി ചിത്രീകരിക്കാൻ‌ ശ്രമം നടക്കുന്നതായി മുസ്‌ലിം ലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ. മുനീർ. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഇത്രയും കാലം കോമാളിപരിവേഷം നൽകിയ മാധ്യമങ്ങൾ ഇപ്പോൾ രാഹുലിനെ ഭാവി പ്രധാനമന്ത്രിയെന്നു വരെ വിശേഷിപ്പിക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു. അടുത്ത മാസം ആദ്യവാരം നടത്തുന്ന രാപ്പകൽ സമരത്തിനു മുന്നോടിയായി ചേർന്ന യുഡ‍ിഎഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. 

ദേശീയതലത്തിൽ കോൺഗ്രസിനു പുതിയൊരു ഉണർവു കിട്ടിയിരിക്കുകയാണ്. രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ പ്രസംഗങ്ങൾ ദേശീയമാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഏറെ പ്രകീർത്തിക്കപ്പെട്ടു. രാഹുലിന്റെ വാക്കുകൾ യുവജനങ്ങളിൽ വലിയ പ്രതീക്ഷ ഉളവാക്കിയിട്ടുണ്ട്. തങ്ങൾക്കെതിരെ വളർന്നു വരുന്നവരെ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റുകളുടെ ഗീബൽസിയൻ തന്ത്രത്തിന്റെ ഭാഗമായാണു രാഹുൽ ഗാന്ധിയെ കോമാളിയായി ചിത്രീകരിക്കാൻ ശ്രമിച്ചത്. പക്ഷേ ഓരോ ചെയ്തിയും നോക്കിയാൽ നരേന്ദ്ര മോദിയാണു കോമാളിത്തം കാണിക്കുന്നത്.

മോദിയുടെ വേഷം, നടത്തം, പ്രസംഗങ്ങൾ... എല്ലാം യൂട്യൂബിൽ നോക്കിയാൽ മനസ്സിലാവും. നടക്കുമ്പോൾ പീപ്പീ എന്ന് ഒച്ചയുണ്ടാവുന്ന, പിന്നിൽ ലൈറ്റ് കത്തുന്ന ഷൂസ് ഇട്ടാണു മോദി വിദേശത്തു പോയത്. മോദി മോദി എന്ന് എഴുതിയ കോട്ടുമിട്ടു യുഎസ് പ്രസിഡന്റിനെ സ്വീകരിക്കാൻ പോയി. ഇങ്ങനെയുള്ള ആളാണു രാജ്യത്തെ ഏറ്റവും പ്രഗത്ഭനായി ചിത്രീകരിക്കപ്പെടുന്നത്. നോട്ട് നിരോധനം ജിഡിപി കുറയാനിടയാക്കുമെന്നു മൻമോഹൻ സിങ് പാർലിമെന്റിലെ ഉജ്വലമായ പ്രസംഗത്തിൽ പറഞ്ഞപ്പോൾ, നിങ്ങളിതെവിടെനിന്നാണു പഠിച്ചതെന്നു പരിഹസിക്കുകയാണു പ്രധാനമന്ത്രി ചെയ്തത്. പക്ഷേ മൻമോഹൻ സിങ് പറഞ്ഞതു പോലെ ജിഡിപി കുറഞ്ഞു. 

അഭയം ചോദിച്ചെത്തിയവരെ സ്വീകരിച്ച ഇന്ത്യയുടെ മഹത്തായ പാരമ്പര്യം മറന്നു കൊണ്ടാണു ബിജെപി സർക്കാർ രോഹിൻഗ്യ അഭയാർഥികളെ ആട്ടിയോടിക്കുന്നത്. ജനാധിപത്യവും മതേതരത്വവും തകർക്കാൻ ബിജെപി രാജ്യത്തുനിന്നു നെഹ്റുവിന്റെ സ്മരണകൾ പോലും തുടച്ചു നീക്കാൻ ശ്രമിക്കുന്നു. അവരെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ മാത്രമേ സാധിക്കൂ - മുനീർ പറഞ്ഞു.

കണ്ണന്താനം കേന്ദ്രത്തിലെ ഇപി

പെട്രോൾ വില കൂട്ടുന്നതു കക്കൂസുണ്ടാക്കാനാണെന്നു പറയുന്ന അൽഫോൻസ് കണ്ണന്താനം, കേന്ദ്രമന്ത്രിസഭയിലെ ഇ.പി. ജയരാജനാണു താനെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ്. കണ്ണന്താനത്തെ സിപിഎമ്മുകാർ കൊണ്ടു നടക്കുന്നതിനാൽ തങ്ങൾക്കു സ്വീകരണം നൽകാൻ പോലും കിട്ടുന്നില്ലെന്നാണു ബിജെപിയുടെ പരാതി – മുനീർ പറഞ്ഞു. 

related stories