Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

2022നകം എല്ലാവർക്കും വീട്; രാജ്യനന്മ മാത്രമാണ് ലക്ഷ്യമെന്നും മോദി വാരാണസിയിൽ

Narendra Modi

വാരാണസി∙ മുൻ സർക്കാരിനെതിരെ ആഞ്ഞടിച്ചും കർഷകരെ സമാശ്വസിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ. വോട്ടു ബാങ്ക് ലക്ഷ്യമിട്ടല്ല തന്റെ പ്രവർത്തനങ്ങൾ. പാർട്ടിയേക്കാളും രാജ്യത്തിനാണ് മുൻതൂക്കം നൽകുന്നത്. ഞങ്ങളെ സംബന്ധിച്ച് ജനാധിപത്യമെന്നത് രാഷ്ട്രീയമോ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കുന്നതോ അല്ല. രാജ്യത്തിന്റെ നന്മ മാത്രമാണു ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.

ദരിദ്രരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണു തന്റെ ലക്ഷ്യം. 2022ൽ രാജ്യം 75–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനു മുൻപായി അവരുടെ സാഹചര്യങ്ങളിൽ മാറ്റം വരുത്തും. അടുത്ത അഞ്ചു വർഷത്തേക്കുള്ള ഞങ്ങളുടെ ലക്ഷ്യമിതാണ്. 2022നുള്ളിൽ എല്ലാവർക്കും വീടു നൽകും. അഴിമതി മുക്തമായ പുതിയ ഇന്ത്യയ്ക്കു വേണ്ടിയാണ് എൻഡിഎ പ്രവർത്തിക്കുന്നത് – മോദി വ്യക്തമാക്കി.

പാവങ്ങൾക്കു വീടുനിർമിച്ചു നൽകാൻ മുൻ സർക്കാരിനു താൽപര്യമുണ്ടായിരുന്നില്ല. വീടില്ലാത്തവരുടെ പട്ടിക നൽകാൻ ഞങ്ങൾ സർക്കാരിന് ഒന്നിനു പുറകെയൊന്നായി കത്തയച്ചു. എന്നാൽ ഒന്നിനും പോലും അവർ മറുപടി നൽകിയില്ല. കടുത്ത സമ്മർദത്തെ തുടർന്ന് പിന്നീട് 10,000 പേരുടെ വിവരങ്ങളടങ്ങിയ കത്ത് ഞങ്ങൾക്കു നൽകി. ദരിദ്രർക്കായി കരുതിയിരുന്ന പണവും മുൻസർക്കാരുകൾ വഴി അവരിലേക്ക് എത്തിയിരുന്നില്ലെന്നും മോദി ആരോപിച്ചു.

related stories