Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ഭാഗ്യവാനിതാ വെളിച്ചത്ത്; 10 കോടിയുടെ ഓണം ബംപർ മൂട്ടക്കരമ്മൽ മുസ്‌തഫയ്ക്ക്

Musthafa ഓണം ബംപറിന്റെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ മൂട്ടക്കരമ്മൽ മുസ്‌തഫ.

മലപ്പുറം∙ സംസ്‌ഥാന സർക്കാരിന്റെ ഓണം ബംപർ 10 കോടി കിട്ടിയത് പരപ്പനങ്ങാടി മൂട്ടക്കരമ്മൽ മുസ്‌തഫ(48)യ്‌ക്ക്. സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് ഭാഗ്യം കടാക്ഷിച്ച എജെ 442876 ടിക്കറ്റുമായി മുസ്‌തഫ ബാങ്കിലെത്തിയത്. തേങ്ങാ കച്ചവടക്കാരനായിരുന്ന ഉപ്പയുടെ കൂടെ വണ്ടി ഓടിക്കലായിരുന്നു ജോലി. സ്വന്തമായി തേങ്ങാ കച്ചവടം നടത്താൻ ആലോചിച്ചിരിക്കുമ്പോഴാണ് ഭാഗ്യം കടാക്ഷിച്ചത്. ഭാര്യയും നാലു കുട്ടികളുമുണ്ട്.

സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ ടിക്കറ്റും ഏറ്റവും വിലമതിപ്പുള്ള സമ്മാനവുമായിരുന്നു ഇത്തവണത്തെ ഓണം ബംപറിന്റെ പ്രത്യേകത. 12% ജിഎസ്ടി അടക്കം 250 രൂപയായിരുന്നു ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ മുഖവില. ഒന്നാം സമ്മാനമാകട്ടെ, 10 കോടി രൂപയും. ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും നറുക്കുവീഴുന്നയാൾക്കു കിട്ടുക ആറു കോടി 30 ലക്ഷം രൂപയാണ്. 10% ഏജന്റ് കമ്മിഷൻ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായ നികുതിയായും ഇൗടാക്കും.

ഏജന്റിനും കോളടിച്ചു

തിരൂരിലെ കെഎസ് ഏജൻസിയിൽനിന്ന് പരപ്പനങ്ങാടിയിലെ ഐശ്വര്യ സബ് എജൻസി വാങ്ങിയ ഈ ലോട്ടറി കൊട്ടന്തല പൂച്ചേങ്ങൽകുന്നത്ത് ഖാലിദാണ് വിറ്റത്. സമ്മാനത്തുകയായ 10 കോടി രൂപയിൽ ഏജൻസി കമ്മിഷനായി ഒരു കോടി രൂപ ലഭിക്കും. അതിൽനിന്ന് 10 ലക്ഷം രൂപ നികുതി കിഴിച്ച് ബാക്കി വിൽപനക്കാരനുള്ളതാണ്.

Onam-Bumper-Winner ഓണം ബംപറിന്റെ ഒന്നാം സമ്മാനം നേടിയ മുസ്തഫ, സമ്മാനർഹമായ ടിക്കറ്റ് പരപ്പനങ്ങാടി ഫെഡറൽ ബാങ്ക് മാനേജർ സന്ധ്യയ്ക്ക് കൈമാറുന്നു.

നറുക്കെടുപ്പ് കഴിഞ്ഞതു മുതൽ ‘ഇതാണു ഞങ്ങൾ പറഞ്ഞ കോടീശ്വരൻ’ എന്ന അടിക്കുറിപ്പോടെ പലരുടെയും ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നെങ്കിലും യഥാർഥ കോടീശ്വരൻ ഇപ്പോഴാണ് വെളിച്ചത്തു വരുന്നത്.

സർക്കാരിനും ലോട്ടറി

സുവർണജൂബിലി ഓണം ബംപർ ഭാഗ്യവാനു 10 കോടി കിട്ടുമ്പോൾ ഇൗ ഒറ്റ നറുക്കെടുപ്പിലൂടെ സർക്കാരിന്റെ പോക്കറ്റിലെത്തുന്നത് റെക്കോർഡ് ലാഭം: 50 കോടിയോളം രൂപ. 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും 65 ലക്ഷം ടിക്കറ്റുകളേ ഇത്തവണ മൂന്നു ഘട്ടങ്ങളിലായി അച്ചടിച്ചു വിതരണം ചെയ്തിരുന്നുള്ളൂ. അതെല്ലാം വിറ്റുതീരുകയും ചെയ്തു. വിറ്റുവരവായി ആകെ കിട്ടിയത് 145 കോടി രൂപയാണ്. സമ്മാനങ്ങൾ നൽകാൻ 51 കോടിയും ഏജന്റുമാർക്കു സമ്മാന കമ്മിഷനായി 5.12 കോടിയും ചെലവാകും.

അച്ചടി, സർക്കാർ ഫണ്ടിലേക്കുള്ള കൈമാറ്റം, 12% ജിഎസ്ടി തുടങ്ങിയ വകയിലാണു ബാക്കി ചെലവ്. 1967ൽ ഒരു രൂപയുടെ ടിക്കറ്റ് വിറ്റും 50,000 രൂപയുടെ ഒന്നാം സമ്മാനം നൽകിയുമായിരുന്നു സംസ്ഥാന ലോട്ടറിയുടെ തുടക്കം. കഴിഞ്ഞ വർഷം 7,394 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റെങ്കിൽ ഇൗ വർഷത്തെ ലക്ഷ്യം 10,000 കോടി രൂപയാണ്. നാലരക്കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബംപർ ലോട്ടറി ഇന്നലെ വിപണിയിലിറക്കി.