Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ ദാരിദ്ര്യത്തിനെതിരെ പോരാടുന്നു, പാക്കിസ്ഥാൻ ഞങ്ങൾക്കെതിരെയും: സുഷമ

sushma-swaraj സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ സംസാരിക്കുന്നു.

ന്യൂയോർക്ക്∙ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള ഈവർഷത്തെ തന്റെ രണ്ടാം പ്രസംഗത്തിൽ പാക്കിസ്ഥാനെ ശക്തമായി കടന്നാക്രമിച്ചു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യ ഐഐടിയും എയിംസും പോലുള്ളവ സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്ഥാപിക്കുന്നതു ഹിസ്ബുൽ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളെയാണ്. നാം ദാരിദ്ര്യത്തോടു മല്ലടിക്കുമ്പോള്‍ അവര്‍ ഇന്ത്യയുമായി യുദ്ധം ചെയ്യാനാണു ശ്രമിക്കുന്നത്. പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണ്. സൗഹൃദം സ്ഥാപിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങളെ അവര്‍ പരാജയപ്പെടുത്തിയെന്നും സുഷമ കുറ്റപ്പെടുത്തി. ഹിന്ദിയിലായിരുന്നു സുഷമയുടെ പ്രസംഗം.

സുഷമയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങൾ:

∙ ഞങ്ങൾ ഡോക്ടർമാർക്കും ശാസ്ത്രജ്ഞർക്കും ജന്മം നൽകുന്നു. പാക്കിസ്ഥാൻ ഭീകരർക്കും.

∙ ഞങ്ങൾ ദാരിദ്ര്യത്തിനെതിരെ പോരാടുന്നു, അയൽരാജ്യം ഞങ്ങൾക്കെതിരെയും.

∙ ഞങ്ങൾ ഐഐടികളും ഐഐഎമ്മുകളും ഏയിംസും ഐഎസ്ആർഒയും സ്ഥാപിച്ചു. അവർ ലഷ്കറെ തയിബയും ജയ്ഷെ മുഹമ്മദും ഹഖാനി ശൃംഖലയും ഹിസ്ബുൽ മുജാഹിദ്ദീനും.

∙ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും ഇന്ത്യ സ്പോൺസർ ചെയ്യുന്ന ഭീകരവാദത്തെക്കുറിച്ചും പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ പാക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം കേൾക്കുമ്പോൾ ജനങ്ങൾ ചോദിക്കുന്നു ‘ആരാണിത് സംസാരിക്കുന്നത്’ എന്ന്.

∙ ഇന്ത്യയും പാക്കിസ്ഥാനും ഒരുമിച്ചാണു സ്വാതന്ത്ര്യം നേടിയത്. എന്നാൽ ഇന്ത്യ ഇന്നു ഹൈടെക്ക് സൂപ്പർ പവർ രാജ്യമാണ്. അതേസമയം, പാക്കിസ്ഥാൻ ഭീകരവാദം കയറ്റുമതി ചെയ്യുന്നതിൽ പ്രാഗൽഭ്യം നേടി.

∙ ഭീകര സംഘടനകളെ വളർത്തുന്നതിനു പകരം രാജ്യത്തിന്റെ വികസനത്തിനു പാക്കിസ്ഥാൻ ചെലവഴിച്ചിരുന്നെങ്കിൽ ഇന്ന് ആ രാജ്യവും ലോകവും കുറച്ചുകൂടി സുരക്ഷിതമായേനെ, കരഘോഷങ്ങൾക്കിടെ സുഷമ പറഞ്ഞുനിർത്തി.

∙ ഭീകര സംഘടനകളുടെ പണ്ടേയുള്ള ലക്ഷ്യം ഇന്ത്യയാണ്. ക്രമസമാധാന പ്രശ്നമായി നിരവധി രാജ്യങ്ങൾ ഭീകരവാദത്തെ കാണുന്നു. എന്നാൽ വിഷയം ശരിക്കും പരിഗണിക്കേണ്ട സമയം അടുത്തിരിക്കുന്നു.

∙ മനുഷ്യകുലത്തിനുതന്നെ ആപത്കരമാണു ഭീകരപ്രവർത്തനമെന്നത്. ഇത്തരം കാടത്തത്തിന് ഒരു ന്യായീകരണവുമില്ല.

∙ ഭീകരവാദത്തെയും ഭീകരരെയുംകുറിച്ചു രാജ്യങ്ങൾ ഇപ്പോഴും വ്യത്യസ്ത നിലപാടാണു പുലർത്തുന്നത്. ഇക്കാര്യത്തിൽ രാജ്യങ്ങൾ ഐക്യത്തിലെത്തി പരിഹാരം കാണണമെന്നു താൻ അഭ്യർഥിക്കുന്നു.

∙ ശത്രുക്കളെ തിരിച്ചറിയായില്ലെങ്കിൽ പിന്നെങ്ങനെ ഒരുമിച്ചുനിന്നു പോരാടും? യുഎന്നിനുപോലും ഭീകരരുടെ പട്ടികയിൽ യോജിപ്പിലെത്താനാകുന്നില്ല. പിന്നെങ്ങനെ ഒരുമിച്ചു പോരാടുമെന്നും ചൈനയെ ഉന്നമിട്ടു സുഷമ ചോദിച്ചു. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരരരുടെ പട്ടികയിൽപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ചൈനയാണ് വിലങ്ങുതടിയാകുന്നത്.

∙ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും യുഎന്നിന്റെ പരിഷ്കരണത്തെക്കുറിച്ചും സുഷമ സംസാരിച്ചു. വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയ അവർ ഭീകരതയ്ക്കെതിരായ പ്രവർത്തനങ്ങളിൽ പാക്കിസ്ഥാന്റെ സഹായം തേടുകയും ചെയ്തു.

അതേസമയം, ഭീകരതയുടെ അപകടത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശമാണു സുഷമ സ്വരാജിന്റേതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. രാജ്യാന്തര വേദിയിൽ ഇന്ത്യയുടെ അഭിമാനം ഊട്ടിയുറപ്പിക്കുന്ന പ്രസ്താവനയാണു മന്ത്രിയുടേതെന്നു പറഞ്ഞ പ്രധാനമന്ത്രി പ്രസംഗം ദീർഘദൃഷ്ടിയുള്ളതാണെന്നും കൂട്ടിച്ചേർത്തു.