Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊഖ്റാനിൽ യുഎസ് നിർമിത പീരങ്കിക്കു ‘പണി കൊടുത്തത്‍’ ഇന്ത്യൻ നിർമിത ഷെൽ

M777-light-towed-howitzer എം777 ഹവിറ്റ്സർ പീരങ്കിയുമായി യുഎസ് സൈന്യം.

ജയ്പുർ∙ മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം ഇന്ത്യ ഇറക്കുമതി ചെയ്യുന്ന അമേരിക്കൻ നിർമിത പീരങ്കി എം777 ഹവിറ്റ്സറിന്റെ ബാരൽ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിനു കാരണം ഗുണമേൻമയില്ലാത്ത ഇന്ത്യൻ നിർമിത ഷെല്‍ ഉപയോഗിച്ചതു മൂലമാണെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ‘പ്രശ്നക്കാരൻ’ അതിൽ ഉപയോഗിച്ച ഇന്ത്യൻ നിർമിത ഷെല്ലിന്റേതാണെന്ന് കണ്ടെത്തിയത്. നാലുമാസത്തിനിടെ മൂന്നാമത്തെ തവണയാണു ഷെല്ലുകൾ ഇപ്രകാരം പൊട്ടിത്തെറിച്ച് അപകടമുണ്ടാകുന്നത്.

സൈന്യത്തിലേക്ക് എടുക്കുന്നതിനു മുന്നോടിയായി രാജസ്ഥാനിലെ പൊഖ്റാനിൽ ഇക്കഴിഞ്ഞ സെപ്റ്റംബർ രണ്ടിനു നടത്തിയ പരിശോധനയ്ക്കിടെയാണ് പീരങ്കി പൊട്ടിത്തെറിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പീരങ്കിയിൽ ഉപയോഗിക്കുന്നതിനായി ഓർഡിനൻസ് ഫാക്ടറി ബോർഡ് (ഒഎഫ്ബി) വിതരണം ചെയ്ത ഷെല്ലുകളാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.

അതേസമയം, ഉപയോഗിച്ച ഷെല്ലിന്റെ ഗുണമേൻമയ്ക്കൊപ്പം മറ്റു കാരണങ്ങളും അപകടത്തിന് ഇടയാക്കിയിരിക്കാമെന്ന് ഒഎഫ്ബി വക്താവ് ഉദ്ദീപൻ മുഖർജി വ്യക്തമാക്കി. എം777 ഹവിറ്റ്സറിന്റെ പരീക്ഷണത്തിനായി നൽകിയ ഷെല്ലുകളും പതിവുള്ള ഗുണമേന്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പീരങ്കി നിർമിച്ച അമേരിക്കൻ കമ്പനിയായ ബിഎഇ, ഇന്ത്യൻ സൈന്യം എന്നിവരാണ് അന്വേഷണം നടത്തുന്നത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 70 കോടി ഡോളറിന്റെ (ഏകദേശം 4482 കോടി രൂപ ) കരാർ പ്രകാരം വാങ്ങിയ പീരങ്കികളാണ് ഇവ. ചൈനീസ് അതിർത്തിയിലെ ഉയരം കൂടിയ സ്ഥലങ്ങളിലെ സൈനിക ദൗത്യങ്ങൾക്കാവും ഇവ ഉപയോഗിക്കപ്പെടുക. മൂന്നുദശകത്തെ കാത്തിരിപ്പിനു ശേഷമാണ് കരസേനയ്ക്കു കരുത്തു പകർന്ന് യുഎസ് നിർമിത ആധുനിക പീരങ്കികൾ എത്തിയത്. 1980കളുടെ മധ്യത്തിലെ ബോഫോഴ്‌സ് വിവാദം മൂലം കരസേനയുടെ ആധുനികീകരണ പദ്ധതികളെല്ലാം മരവിച്ച നിലയിലായിരുന്നു.

എന്താണ് എം777 പീരങ്കികൾ? യുഎസുമായുള്ള ധാരണയെന്ത്?

ഭാരക്കുറവാണ് എം 777 പീരങ്കികളുടെ പ്രത്യേകത. സാധാരണ പീരങ്കികൾ റോഡ് മാർഗം കൊണ്ടു പോവുകയാണെങ്കിൽ ഇവ ഹെലികോപ്റ്ററിൽ കൊണ്ടുപോകാൻ കഴിയും. 30 കിലോമീറ്ററാണു പീരങ്കികളുടെ ദൂരപരിധി. കഴിഞ്ഞവർഷം നവംബർ 30നാണ് ഇന്ത്യയും യുഎസും തമ്മിൽ 5,000 കോടി രൂപയുടെ 145 എം– 777 ലഘുപീരങ്കികൾ വാങ്ങാനുള്ള കരാർ ഒപ്പുവച്ചത്. അമേരിക്കയിൽ നിന്ന് എം 777 പീരങ്കികളാണ് ഇന്ത്യ വാങ്ങുക. 145 പീരങ്കികൾ വാങ്ങുന്നതിൽ 25 എണ്ണം അമേരിക്കയിൽ നിർമിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 120 എണ്ണം മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി ഇന്ത്യയിൽത്തന്നെ നിർമിക്കും.