Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യ ഭീകരവാദത്തിന്റെ മാതാവ്: വിമർശനങ്ങൾക്ക് ‘ഭീകരസ്ഥാന്റെ’ മറുപടി

Maleeha Lodhi

ന്യൂയോർക്ക് ∙ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും യുഎന്നിലെ ഇന്ത്യൻ ഫസ്റ്റ് സെക്രട്ടറി ഈനം ഗംഭീറും യുഎൻ പൊതുസഭയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടത്തിയ കടുത്ത വിമർശനങ്ങൾക്കു മറുപടിയുമായി പാക്കിസ്ഥാൻ. ക്രൂരനായ ഒരു ‘വേട്ടക്കാരന്റെ’ ഭാവമാണ് ഇന്ത്യയുടേതെന്ന് യുഎന്നിലെ പാക്കിസ്ഥാൻ സ്ഥാനപതി മലീഹാ ലോധി ആരോപിച്ചു. പാക്കിസ്ഥാനെ ‘ഭീകരസ്ഥാനെ’ന്നു വിശേഷിപ്പിച്ച ഇന്ത്യയെ, ദക്ഷിണേഷ്യയിലെ ‘ഭീകരവാദത്തിന്റെ അമ്മ’ എന്നു വിശേഷിപ്പിക്കാനും ലോധി മറന്നില്ല.

ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷമുണ്ടാകരുതെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അനാവശ്യമായ പ്രകോപനങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ ഇന്ത്യയ്ക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്ന് ലോധി രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയാണെന്നും ലോധി ആരോപിച്ചു. അതിർത്തിയിൽ ഇന്ത്യ നടത്തുന്ന വെടിനിർത്തൽ കരാർ ലംഘനങ്ങൾ അവസാനിപ്പിച്ചിച്ചേ തീരൂ. പാക്കിസ്ഥാനിലെ ഭീകരസംഘടനകളെ സ്പോൺസർ ചെയ്യുന്നതുപോലും ഇന്ത്യയാണ്. മേഖലയിലെ അയൽക്കാർക്കെല്ലാം വലിയ തലവേദനയാണ് ഇത്തരം നടപടികളിലൂടെ ഇന്ത്യ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ദക്ഷിണേഷ്യയിലെ ഭീകരവാദത്തിന്റെ മാതാവാണ് ഇന്ത്യയെന്നും ലോധി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ഡെമോക്രസിയായ (ജനാധിപത്യ രാജ്യം) ഇന്ത്യ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ഹിപ്പോക്രസിയെന്നും (കപടനാട്യക്കാർ) ലോധി പരിഹസിച്ചു.

പാക്കിസ്ഥാന്റെ ഭാഗമായ ബലൂചിസ്ഥാനിലെ ആഭ്യന്തര വിഷയങ്ങളിൽ ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇടപെടുന്നുവെന്ന ആരോപണം പാക്കിസ്ഥാൻ ആവർത്തിക്കുകയും ചെയ്തു. പാക്കിസ്ഥാനെ ഭീകരരുടെ ഫാക്ടറിയെന്ന് വിശേഷിപ്പിച്ച് യുഎൻ പൊതുസഭയുടെ 72–ാമത് സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി നടത്തിയ പ്രസംഗത്തിന് മറുപടി പറയുകയായിരുന്നു അവർ. താരതമ്യേന താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഇത്തരം അവസരങ്ങളിൽ മറുപടി നൽകാറുള്ളതെങ്കിലും യുഎന്നിലെ പാക്ക് പ്രതിനിധി തന്നെ ഇന്ത്യയ്ക്കുള്ള മറുപടിയുമായി രംഗത്തെത്തിയത് ശ്രദ്ധേയമാണ്. അതേസമയം, പാക്കിസ്ഥാന്റെ ആരോപണങ്ങൾക്ക് മറുപടി പറയാൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നെങ്കിലും ഇന്ത്യൻ പ്രതിനിധികൾ സംസാരിച്ചില്ല.

ഇന്ത്യ ആഗോള ഐടി മേഖലയിലെ വൻശക്തിയെന്നു വിശേഷിപ്പിക്കപ്പെടുമ്പോൾ പാക്കിസ്ഥാൻ ഭീകരരുടെ ഫാക്ടറിയെന്നാണ് അറിയപ്പെടുന്നതെന്നു സുഷമാ സ്വരാജ് പരിഹസിച്ചിരുന്നു. ഐഐടി, ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യ നിർമിച്ചു, എന്നാൽ ഭീകരവാദത്തിനപ്പുറം എന്താണു പാക്കിസ്ഥാൻ ലോകത്തിനു നൽകിയത്? വിവിധ മേഖലകളിലെ വിദഗ്ധൻമാരെ ഇന്ത്യ ലോകത്തിനു നൽകിയപ്പോൾ പാക്കിസ്ഥാൻ രൂപംനൽകിയതു ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളെയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാക്കിസ്ഥാനു താൽപര്യം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ മാത്രമാണ് – സുഷമ പറഞ്ഞു.

അതേസമയം, ഭീകരവാദത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ച ഇന്ത്യൻ മന്ത്രി, കശ്മീരിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ മനഃപൂർവം അവഗണിച്ചെന്നും ലോധി കുറ്റപ്പെടുത്തി. തന്റെ പ്രസംഗത്തിലൊരിടത്തും സുഷമ സ്വരാജ് കശ്മീരിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ല.