Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയൽ നികത്തി ബൈപ്പാസ്: കണ്ണൂരിൽ പാർട്ടി ഗ്രാമത്തിലെ സമരം തള്ളി സിപിഎം

Jayarajan

കണ്ണൂർ ∙ തളിപ്പറമ്പ് കീഴാറ്റൂരിൽ വയൽ നികത്തി ബൈപ്പാസ് നിർമിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സമരം പാർട്ടിവിരുദ്ധമാണെന്ന് ജയരാജൻ ആരോപിച്ചു. സമരവുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ ഘടകത്തിന്‍റെ നിലപാട് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും ജയരാജൻ പറഞ്ഞു. സമരം നടത്തുന്നവരെ സന്ദർശിക്കില്ലെന്നും ജയരാജൻ വ്യക്തമാക്കി. മരത്തെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കാൻ കീഴാറ്റൂരില്‍ സിപിഎം നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സമരം ശക്തമാക്കുമെന്ന നിലപാടിലാണ് നാട്ടുകാർ. വയൽ കിളികൾ എന്ന പേരിലുള്ള സംഘടനയാണ് കീഴാറ്റൂരിൽ സമരത്തിന് നേതൃത്വം നൽകുന്നത്. നമ്പ്രാടത്ത് ജാനകി (68) ആണ് നിലവിൽ നിരാഹാര സമരം നടത്തുന്നത്.

ദേശീയപാതയ്ക്ക് വീതി കൂട്ടാന്‍ കഴിയാത്തിടത്ത് ബൈപ്പാസ് വരുമെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. അത് എല്‍ഡിഎഫ് പ്രകടനപത്രികയിൽ ഉള്ളതാണ്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുകയും വികസനത്തിന് പിന്തുണ നൽകുകയുമാണു വേണ്ടത്. അല്ലാത്തവർക്ക് സമരവുമായി മുന്നോട്ടു പോകാം. റെയിൽ ആയാലും റോഡ് ആയാലും ചില സ്ഥലത്ത് വയലും ഏറ്റെടുക്കേണ്ടിവരും. ജനങ്ങൾക്ക് പ്രശ്നങ്ങളുണ്ടായാൽ പാർട്ടി ഇടപെടും. വികസനത്തിന്റെ ശത്രുക്കളാണ് സമരത്തെ പിന്തുണയ്ക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. നാടിന്റെ പൊതുവായ ആവശ്യത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ടി വരുമെന്നും അതിന് ആവശ്യമായ നഷ്ടപരിഹാരം പാർട്ടി തന്നെ നേടിക്കൊടുക്കുമെന്നും ജയരാജൻ പറഞ്ഞു.

വയൽ പ്രദേശത്ത് കൂടി ദേശീയപാത നിർമ്മിക്കുമ്പോൾ ജനങ്ങൾക്കുണ്ടാവുന്ന ആശങ്ക പരിഹരിക്കാൻ പാർട്ടി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ 28ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ തിരുവനന്തപുരത്ത് ചർച്ച നടത്തുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിരാഹാരം അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. അതല്ല, സിപിഎം വിരുദ്ധ കേന്ദ്രമായി കിഴാറ്റൂരിനെ മാറ്റുവാനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ലെന്നും ജയരാജൻ പറഞ്ഞു.