Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസിന്റെ സംഭാവനകളെ ‘അംഗീകരിച്ച’ സുഷമയ്ക്ക് രാഹുലിന്റെ നന്ദി

Sushma-Rahul

ന്യൂഡൽഹി ∙ കഴിഞ്ഞ എഴുപതു വർഷത്തിനിടെ രാജ്യത്തിനായി കോൺഗ്രസ് നൽകിയ സംഭാവനകൾ യുഎന്‍ പൊതുസഭയിലെ പ്രസംഗത്തിലൂടെ അംഗീകരിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ ‘നന്ദി അറിയിച്ച്’ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്റെ ദീർഘവീക്ഷണത്തെയും പാരമ്പര്യത്തെയും അംഗീകരിച്ച സുഷമ സ്വരാജിനോട് നന്ദിയുണ്ടെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ ട്വിറ്ററിൽ കുറിച്ചു.

ഇന്ത്യയില്‍ ഐഐടിയും ഐഐഎമ്മും പോലുള്ള അഭിമാനകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും ഉയര്‍ന്നപ്പോള്‍ പാക്കിസ്ഥാന്‍ എൽഇടി (ലഷ്കറെ തായിബ) പോലുള്ള ഭീകരസംഘടനകളെ സൃഷ്ടിക്കുന്ന ഫാക്ടറിയായി മാറിയെന്ന് സുഷമ സ്വരാജ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ്  രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ വിദേശകാര്യമന്ത്രിക്ക് നന്ദി അറിയിച്ചത്.

സുഷമ സ്വരാജിന്റെ പ്രസംഗത്തിൽനിന്ന്:

‘‘ഐഐടി, ഐഐഎം പോലുള്ള ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ ഇന്ത്യ നിർമിച്ചു, എന്നാൽ ഭീകരവാദത്തിനപ്പുറം എന്താണു പാക്കിസ്ഥാൻ ലോകത്തിനു നൽകിയത്? വിവിധ മേഖലകളിലെ വിദഗ്ധൻമാരെ ഇന്ത്യ ലോകത്തിനു നൽകിയപ്പോൾ പാക്കിസ്ഥാൻ രൂപംനൽകിയതു ലഷ്കറെ തയിബ, ജയ്ഷെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ ഭീകര സംഘടനകളെയാണ്. ഇന്ത്യ ദാരിദ്ര്യത്തിനെതിരായി യുദ്ധം ചെയ്യുമ്പോൾ പാക്കിസ്ഥാനു താൽപര്യം ഇന്ത്യയ്ക്കെതിരെ യുദ്ധം ചെയ്യാൻ മാത്രമാണ്...’’

ഐഐടികളും  ഐഐഎമ്മുകളും സ്ഥാപിച്ചതിലൂടെ രാജ്യത്തിനും ലോകത്തിനും കോണ്‍ഗ്രസ് നല്‍കിയ സംഭാവനകളെ സുഷമ സ്വരാജ് ഈ പ്രസംഗത്തിലൂടെ അംഗീകരിച്ചതായി രാഹുൽ ചൂണ്ടിക്കാട്ടി.

ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായിരിക്കെ 1950ൽ ഖരക്പുരിലാണ് ഇന്ത്യയിലെ ആദ്യത്തെ ഐഐടി സ്ഥാപിതമായത്. 1961ൽ നെഹ്റുവിന്റെ ഭരണകാലത്തുതന്നെ ഇന്ത്യയിലെ ആദ്യ ഐഐഎം കൊൽക്കത്തയിലും സ്ഥാപിതമായി. നിലവിൽ ഇന്ത്യയിലാകെ 23 ഐഐടികളും 20 ഐഐഎമ്മുകളുമുണ്ട്.