Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശുപത്രി വാസത്തിനിടെ ശശികല പോലും ‘അമ്മ’യെ ശരിക്കു കണ്ടിട്ടില്ല: ദിനകരൻ

sasikala-ttv-dinakaran

കൂർഗ് ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത അസുഖബാധിതയായി ആശുപത്രിയിൽ കഴിഞ്ഞിരുന്ന സമയത്ത് അവരെ സന്ദർശിക്കാനെത്തിയിരുന്നവരെ ശശികലയും സംഘവും തടഞ്ഞിരുന്നുവെന്ന ആരോപണങ്ങൾ തള്ളി ശശികലയുടെ സഹോദരീപുത്രൻ ടി.ടി.വി.ദിനകരൻ രംഗത്ത്. ജയലളിത ആശുപത്രിയിൽ കഴി‍ഞ്ഞിരുന്ന സമയത്ത് ശശികലയ്ക്കു പോലും അവരെ ശരിക്കൊന്നു കാണാൻ കഴി‍ഞ്ഞിരുന്നില്ലെന്ന് ദിനകരൻ വ്യക്തമാക്കി.

സെപ്റ്റംബർ 22ന് അമ്മയെ (ജയലളിത) ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു മുതൽ ചിന്നമ്മ (ശശികല) അവർക്കൊപ്പം ഉണ്ടായിരുന്നുവെന്നത് വാസ്തവമാണ്. എന്നാൽ, ഒക്ടോബർ ഒന്നിനു ശേഷം അമ്മയെ കാണാൻ ചിന്നമ്മയ്ക്കും സാധിച്ചിരുന്നില്ല. എല്ലാ ദിവസവും ആശുപത്രി അധികൃതരുടെ അനുവാദത്തോടെ ഏതാനും മിനിറ്റുകള്‍ മാത്രമാണ് ചിന്നമ്മ അമ്മയെ കണ്ടിരുന്നത്. അമ്മയ്ക്ക് ഇൻഫെക്ഷൻ ഉണ്ടാകുമെന്ന് ഭയന്നിരുന്നതിനാൽ ആശുപത്രി അധികൃതർ തന്നെ അമ്മയെ സന്ദർശിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയതാണ് കാരണം – ദിനകരൻ പറഞ്ഞു.

ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത വർധിപ്പിക്കുന്ന വെളിപ്പെടുത്തലുമായി തമിഴ്നാട് മന്ത്രി ദിണ്ടിഗൽ ശ്രീനിവാസൻ കഴിഞ്ഞദിവസം രംഗത്തെത്തിയ സാഹചര്യത്തിലാണ് ദിനകരന്റെ വിശദീകരണം. മന്ത്രിസ്ഥാനം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് ദിണ്ടിഗൽ ശ്രീനിവാസൻ ഓരോന്നു വിളിച്ചു പറയുന്നതെന്ന് ദിനകരൻ പരിഹസിച്ചു.

ജയയുടെ ആരോഗ്യനിലയെക്കുറിച്ച് അണ്ണാ ഡിഎംകെ നേതാക്കൾ പറഞ്ഞതെല്ലാം കളവായിരുന്നെന്നും ശശികലയെ പേടിച്ചാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ജയ ആശുപത്രിയിൽ ഇഡ്ഡലി കഴിക്കുന്നതു കണ്ടതായി പറഞ്ഞിരുന്നയാളാണു ശ്രീനിവാസൻ. അന്ന് അങ്ങനെ പറഞ്ഞതിന് അദ്ദേഹം ജനങ്ങളോടു മാപ്പു ചോദിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ആരും ജയലളിതയെ കണ്ടിട്ടില്ല. ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഗവർണർ സി.വിദ്യാസാഗർ റാവു എന്നിവരെയൊന്നും കാണാൻ അനുവദിച്ചില്ലെന്നും ശ്രീനിവാസൻ പറഞ്ഞു.

ശശികലയ്ക്കെതിരെ കലാപവുമായി പാർട്ടിവിട്ട പനീർസെൽവത്തിന്റെ പ്രധാന ആവശ്യം ജയലളിതയുടെ മരണത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണമായിരുന്നു. പനീർസെൽവം, പളനിസാമി പക്ഷങ്ങൾ ഒന്നാകുന്നതിനു മുന്നോടിയായി സർക്കാർ മരണത്തെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.