Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മിഷൻ സുപ്രീംകോടതിയിലേക്ക്

Supreme Court

തിരുവനന്തപുരം ∙ ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മിഷൻ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. കോടതി ഉത്തരവനുസരിച്ച് മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ഹാദിയ (അഖില) അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ ഇടപെടൽ. ഇതുമായി ബന്ധപ്പെട്ട് വനിതാ സംഘടനകളുടെ പരാതികളും ജനകീയ നിവേദനങ്ങളും ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ സാമൂഹ്യാന്തരീക്ഷം കലുഷിതമാകാതിരിക്കാനാണ് വനിതാ കമ്മിഷൻ ഇടപെടുന്നതെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ വ്യക്തമാക്കി.

സ്ത്രീപക്ഷവിഷയങ്ങളിൽ ഇടപെടേണ്ടത് വനിതാ കമ്മിഷന്റെ ചുതലയാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് കോടതിയെ സമീപിക്കുന്നത്. സംഭവത്തിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വനിതാ കമ്മിഷൻ കോടതിയുടെ അനുമതി തേടും. മാത്രമല്ല, ഹാദിയയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനും അനുമതി തേടുമെന്നാണ് റിപ്പോർട്ട്.

വൈക്കം സ്വദേശിനി ഹാദിയയെ (അഖില) മാതാപിതാക്കൾ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന പരാതി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഒക്ടോബർ മൂന്നിനു പരിഗണിക്കാനിരിക്കെയാണ് വനിതാ കമ്മിഷന്റെ ഇടപെടൽ. അച്ഛൻ അശോകനിൽ നിന്നു കമ്മിഷൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ പരാതിയിലാണ് മനുഷ്യാവകാശ കമ്മിഷൻ നടപടി സ്വീകരിച്ചത്. കമ്മിഷൻ അംഗം കെ.മോഹൻകുമാറാണു കേസ് പരിഗണിക്കുന്നത്.

ഹൈക്കോടതി ഉത്തരവിന്റെ പേരിൽ അഖില എന്ന ഹാദിയയുടെ മനുഷ്യാവകാശങ്ങൾ മനഃപൂർവം ധ്വംസിക്കുകയാണെന്ന പരാതി ശരിയാണെങ്കിൽ അത് ഗൗരവതരമാണെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം അനിവാര്യമാണെന്നും പി.മോഹനദാസ് ഉത്തരവിൽ പറഞ്ഞു. വിഷയം രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ പരിഗണനയിലാണെന്നും മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകരുതെന്നും ഉത്തരവിൽ പറയുന്നു.

related stories