Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനെ കടന്നാക്രമിച്ചും ചൈനയെ ‘കൊട്ടി’യും യുഎന്നിൽ സുഷമ സ്വരാജ്

Sushma-Swaraj യുഎൻ പൊതുസഭയിൽ പ്രസംഗിക്കുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.

ന്യൂയോർക്ക് ∙ യുഎൻ പൊതുസഭയുടെ 72–ാം സമ്മേളനത്തിൽ പാക്കിസ്ഥാനെ കടന്നാക്രമിച്ചതിനൊപ്പം അവർക്ക് പിന്തുണ നൽകുന്ന ചൈനയെയും ‘കൊട്ടി’ക്കൊണ്ടുള്ളതായിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസംഗം. ഭീകരവാദികളെ തിരിച്ചറിയുന്ന കാര്യത്തിൽപോലും പൊതുധാരണ രൂപപ്പെടുത്താതെ യുഎൻ രക്ഷാസമിതി എങ്ങനെയാണ് ഭീകരവാദത്തിനെതിരെ പോരാടുന്നതെന്നായിരുന്നു സുഷമയുടെ സംശയം. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരരുടെ പട്ടികയിൽ പെടുത്താനുള്ള നീക്കത്തെ യുഎൻ രക്ഷാസമിതിയിൽ തുടർച്ചയായി എതിർത്തുവരുന്ന ചൈനയെ ലക്ഷ്യമിട്ടായിരുന്നു സുഷമയുടെ ഒളിയമ്പ്.

ഭീകരവാദം എന്നത് ഇന്നത്തെ ലോകത്തിന്റെ നിലനിൽപിനെ തന്നെ അപകടത്തിലാക്കിയിരിക്കുന്ന അപകടമാണെന്ന സത്യം ലോക രാജ്യങ്ങൾ അംഗീകരിക്കണമെന്ന് സുഷമ ആവശ്യപ്പെട്ടു. ഇത്തരമൊരു അപകടം കൈകാര്യം ചെയ്യുമ്പോള്‍ ‘നല്ല ഭീകരർ’ ആരെന്നും ‘മോശം ഭീകരർ’ ആരെന്നും തർക്കിച്ച് സമയം കളയുന്നതിനെയും അവർ വിമർശിച്ചു. ഹിന്ദിയിലായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതു രണ്ടാം തവണയാണ് ഐക്യരാഷ്ട്ര സഭയിൽ സുഷമ ഹിന്ദിയിൽ സംസാരിക്കുന്നത്.

ശത്രു ആരെന്ന കാര്യത്തിൽ തീർച്ചയില്ലാതെ എങ്ങനെയാണ് നാം ഒരുമിച്ചു പോരാടുന്നതെന്ന് സുഷമ ചോദിച്ചു. നല്ല ഭീകരർ, മോശം ഭീകരർ എന്ന വേർതിരിവിൽത്തട്ടി നമ്മുടെ ചർച്ചകൾ വഴിമാറുമ്പോൾ, ഭീകരവാദത്തിനെതിരായ പോരാട്ടം എങ്ങനെ കരുത്തുള്ളതാകും? ഭീകരർ ആരെന്ന കാര്യത്തിൽ യുഎൻ രക്ഷാസമിതിയിൽ പോലും തർക്കം രൂപപ്പെടുമ്പോൾ, ഒരുമിച്ചു പോരാടാൻ നമുക്ക് എങ്ങനെ സാധിക്കും – സുഷമ ചോദിച്ചു.

ഭീകരവാദമെന്ന തിൻമയെ സ്വന്തം നിലനിൽപു പോലും അപകടത്തിലാക്കി പിന്തുണയ്ക്കുന്നതിനെയും സുഷമ വിമർശിച്ചു. തിൻമ എന്നും തിൻമ തന്നെയാണ്. മനുഷ്യകുലത്തിന്റെ നിലനിൽപിനു തന്നെ ഭീഷണിയായിട്ടുള്ള അപകടമാണ് ഭീകരവാദമെന്ന് അംഗീകരിച്ചേ തീരൂ. അവരുടെ പ്രാകൃതമായ ആക്രമണങ്ങൾക്ക് ഒരുതരത്തിലും നീതീകരണം കണ്ടെത്തുക സാധ്യമല്ല – സുഷമ ചൂണ്ടിക്കാട്ടി.