Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബനാറസ് സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് ‘നക്സൽ ബന്ധം’: സുബ്രഹ്മണ്യൻ സ്വാമി

Subramanian Swamy

ന്യൂഡൽഹി∙ വാരണാസി ബനാറസ് ഹിന്ദു സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധത്തിന് നക്സൽ ബന്ധമെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. നക്സൽ പ്രവർത്തനം പോലെയാണു തനിക്കിതു തോന്നുന്നത്. ഇക്കാര്യത്തിൽ സർവകലാശാല വൈസ് ചാൻസലറെ പിന്തുണയ്ക്കുന്നതായും സ്വാമി വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു. സർവകലാശാലയിലെ വിദ്യാർഥിനിയോടു ഒരാൾ മോശമായി പെരുമാറിയതിനെത്തുടർന്നു പ്രതിഷേധിച്ച വിദ്യാർഥികളുടെ നേരെ യുപി പൊലീസ് ലാത്തി ചാർജ് നടത്തിയിരുന്നു. ഇതു വലിയ പ്രതിഷേധങ്ങൾക്കാണു വഴിവച്ചത്.

പ്രതിഷേധക്കാർക്കു വൈസ് ചാൻസലറുടെ മുറിയിൽ പ്രവേശിക്കണമെന്നായിരുന്നു ആവശ്യം. അവിടെക്കയറി ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യം. പ്രതിഷേധിക്കുന്ന വിദ്യാർഥികൾ വൈസ് ചാൻസലറുടെ വീട്ടിലേക്കു കയറാൻ ശ്രമിച്ചെന്നും സുരക്ഷാ സേന അതു തടയാൻ ശ്രമിച്ചതാണു ലാത്തിച്ചാർജിൽ കലാശിച്ചത്. വിഷയത്തെക്കുറിച്ചു സമഗ്രമായ റിപ്പോർട്ട് ആവശ്യപ്പെട്ട ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നടപടി ഉചിതമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശ്നങ്ങൾക്കു കാരണം പൂവാലശല്യമാണെന്നാണു പ്രതിഷേധക്കാർ പറയുന്നത്. എന്നാൽ ആരാണ് പെൺകുട്ടിയോട് അങ്ങനെ പെരുമാറിയതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിദ്യാർഥികൾ എങ്ങനെയാണ് അത് അറിഞ്ഞതെന്നും പെൺകുട്ടി അടിയന്തരമായി അതു റിപ്പോർട്ട് ചെയ്തിരുന്നോയെന്നും വ്യക്തമായിട്ടില്ല. അതിനാൽ ഇതെല്ലാം വ്യക്തമായി ആസൂത്രണം ചെയ്തതുപോലെയാണു തോന്നുന്നത്, സ്വാമി കൂട്ടിച്ചേർത്തു.

ബൈക്കിലെത്തിയ മൂവർ സംഘം ക്യാംപസിനു പുറത്തുവച്ച് അപമര്യാദയായി പെരുമാറിയെന്നു കാട്ടി പെൺകുട്ടി സർവകലാശാല അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയെടുക്കുന്നതിനു പകരം പെൺകുട്ടി ഹോസ്റ്റൽ സമയം പാലിക്കാത്തതിനെക്കുറിച്ചു അവളെ മോശക്കാരിയാക്കാനായിരുന്നു അധികൃതരുടെ ശ്രമമെന്നാണു വിദ്യാർഥികൾ പറയുന്നത്. ഇതേത്തുടർന്നു വിദ്യാർഥികൾ ക്യാംപസിനു പുറത്ത് വെള്ളിയാഴ്ച പ്രതിഷേധം നടത്തിയിരുന്നു. പ്രധാന ഗേറ്റിലൂടെ ക്യാംപസിലേക്കുള്ള പ്രവേശനം തടഞ്ഞായിരുന്നു പ്രതിഷേധം.