Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജമ്മു കശ്മീരിലെ ‘അജ്ഞാത’ മുടിവെട്ടൽ: അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

mehabooba-mufti

ശ്രീനഗർ∙ ജമ്മു കശ്മീരിൽ ദുരൂഹ സാഹചര്യത്തിൽ ‘അജ്ഞാത ശക്തി’ പെൺകുട്ടികളുടെ മുടി വെട്ടുന്ന സംഭവം വ്യാപകമായതോടെ സംഭവത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഡിജിപിയോട് നിർദേശിച്ചു.

സംസ്ഥാനത്ത് നാൽപതിലേറെ പേരുടെ മുടി വെട്ടിയ സംഭവം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണിത്. സംഭവം ഒട്ടേറെ യുവതികളെയും അവരുടെ മാതാപിതാക്കളെയും ആശങ്കാകുലരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് നടപടികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒട്ടേറെപ്പേർ മന്ത്രവാദികളുടെയും മറ്റും സഹായം തേടുന്നതായും വാർത്തകൾ വന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് അക്രമത്തിന് അവസാനമുണ്ടാക്കണമെന്ന മെഹബൂബയുടെ നിർദേശം.

മാസങ്ങള്‍ക്കു മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്ത ‘പ്രേതത്തിന്റെ മുടിവെട്ടൽ’ സംഭവത്തിന്റെ തുടർച്ചയായിട്ടായിരുന്നു ജമ്മു കശ്മീരിലേതും. സെപ്റ്റംബർ നാലിന് അനന്ത്നാഗ് ജില്ലയിലായിരുന്നു ആദ്യ സംഭവം. ഒൻപതാം ക്ലാസുകാരിയുടെ മുടിയാണ് അന്നുവെട്ടിയത്.

സ്കൂൾ വിട്ടു വന്നയുടനെ താൻ ബോധം നഷ്ടപ്പെട്ട് വീഴുകയായിരുന്നുവെന്നും ഉണരുമ്പോൾ മുടി ആരോ വെട്ടിയിട്ടിരിക്കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി അന്നു പറഞ്ഞത്. പിന്നിയിട്ട മുടിയാണ് അക്രമി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്തിടെ രജൗരി, കുൽഗാം ജില്ലയിലും ചിനാബ് താഴ്‌വരയിലുമെല്ലാം മുടിവെട്ടൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വീടിനകത്തു കടന്ന് മുടി മുറിക്കപ്പെട്ട സംഭവവും ഉണ്ടായി. മുപ്പത്തിയെട്ടുകാരിയുടെ മുടിയാണ് മുറിക്കപ്പെട്ടത്. വീടിനകത്തു നിൽക്കവേ എന്തോ ഒന്ന് പിറകിലൂടെ പോകുന്നതായി തോന്നിയെന്നും തിരിഞ്ഞു നോക്കുമ്പോൾ മുടി മുറിഞ്ഞ് നിലത്തു കിടക്കുന്നതാണു കണ്ടതെന്നും ഇതിനിരയായ മൂർത്തി ദേവി പറയുന്നു. ഈ സംഭവം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുകയാണ്.

രാജസ്ഥാനിലായിരുന്നു ‘പ്രേതമുടിവെട്ടലിന്റെ ’തുടക്കം. പിന്നീട് ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സംഭവമുണ്ടായതായി റിപ്പോർട്ടുകൾ വന്നു.