Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രാദേശിക ഓഫിസുകൾക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

National GreenTribunal കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഡോ. ഹർഷ വർധൻ.

കോഴിക്കോട്∙ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞതിനു പിന്നാലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സ്വന്തം പ്രാദേശിക ഓഫിസുകളുടെ അധികാരങ്ങൾക്കും കൂച്ചുവിലങ്ങിടുന്നു. പരിസ്ഥിതി ആഘാത നിർണയ വിജ്ഞാപനത്തിൽ സൂചിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഓരോ ഘട്ടത്തിലും പാരിസ്ഥിതിക അനുമതി പത്രം നൽകാൻ അതതു പ്രാദേശിക ഓഫിസുകൾക്കു മാത്രമുണ്ടായിരുന്ന അധികാരം കേന്ദ്ര– സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കു കൂടി നൽകിക്കൊണ്ടാണ് മന്ത്രാലയത്തിന്റെ പുതിയ സർക്കുലർ.

തത്വത്തിൽ പ്രാദേശിക ഓഫിസുകളുടെ അധികാരം ഇല്ലാതാക്കുന്നതിന് തുല്യമാണ് ഇത്. ഇതിനെതിരെ പ്രാദേശിക ഓഫിസുകളിലെ ശാസ്ത്രജ്ഞർ മന്ത്രാലയത്തെ എതിർപ്പ് അറിയിച്ചിട്ടുണ്ട്. കടുത്ത നിബന്ധനകളോടെ നടത്തിയിരുന്ന പരിശോധനകളിൽ വെള്ളം ചേർക്കപ്പെടുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ അനുമതി വൈകുന്നതിനാൽ പദ്ധതികൾ കൃത്യ സമയത്ത് നടപ്പാക്കാൻ കഴിയുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യവുമുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാദേശിക ഓഫിസുകളിൽനിന്നു അനുമതി പത്രം ഒരു മാസത്തിനുള്ളിൽ ലഭിച്ചില്ലെങ്കിൽ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോർഡുകളെയോ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡുകളുടെ പ്രദേശിക ഓഫിസുകളെയോ സമീപിക്കാം എന്നാണ് പുതിയ തീരുമാനം.

രാജ്യത്ത് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ 10 പ്രാദേശിക ഓഫിസുകൾ ഉണ്ട്. കേരളം, കർണാടക, ഗോവ, ലക്ഷദ്വീപ് എന്നീ പ്രദേശങ്ങളുടെ ഓഫിസ് ബെംഗളൂരുവിലാണ്. ഈ ഓഫിസുകൾക്ക് പ്രധാനമായും രണ്ട് ഉത്തരവാദിത്തങ്ങളാണ് ഉള്ളത്. ഒന്ന് വനത്തിലെ പാരിസ്ഥിതിക ഇടപെടലുകൾ സംബന്ധിച്ചത്. രണ്ട് പാരിസ്ഥിതിക അനുമതി നൽകൽ. ഇതിൽ പാരിസ്ഥിതിക അനുമതിക്കു മേൽനോട്ടം വഹിക്കുന്നത് ഉന്നത ശാസ്ത്രജ്ഞർ അടങ്ങിയ സമിതിയാണ്. ഈ വിഭാഗത്തിന്റെ അധികാരമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്.

സർക്കാർ, പൊതു, സ്വകാര്യ മേഖലകളിലെ വൻ നിർമാണ ജോലികളിൽ തുടർച്ചയും വികസനവും വേണ്ടപ്പോൾ വീണ്ടും വീണ്ടും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണം. പ്രാദേശിക ഓഫിസുകൾ വഴിയുള്ള ഈ അനുമതി ഉദ്യോഗസ്ഥരുടെ കുറവും അപേക്ഷകളുടെ എണ്ണക്കൂടുതലും മൂലം കിട്ടാൻ വൈകുന്നുവെന്ന സാഹചര്യം കണക്കിലെടുത്താണത്രെ കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ഇതോടെ പാരിസ്ഥിക അനുമതി നൽകലിൽ അഴിമതിക്കു വഴി തെളിഞ്ഞിരിക്കുകയാണെന്നു പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.