Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇനി ‘മമത’യില്ല; തൃണമൂലിലെ കരുത്തന്‍ മുകുൽ റോയ് ബിജെപിയിലേക്ക്

mukul roy

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വലംകയ്യും പാർട്ടിയിലെ മുതിർന്ന നേതാവും മുൻ റെയിൽവേ മന്ത്രിയുമായ മുകുൽ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടു; ബിജെപിയിൽ ചേരുമെന്നാണ് സൂചന. തൃണമൂലിന്റെ ഈ രാജ്യസഭാംഗം കഴിഞ്ഞ മാസം ഡൽഹിയിൽ ബിജെപിയിലെ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം രാജിയ്ക്ക് താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും അതീവ ഹൃദയവേദനയോടെയാണ് പാർട്ടി വിടുന്നതെന്നും മുകുൽ പ്രതികരിച്ചു. ബിജെപിയിൽ ചേരുമെന്ന അഭ്യൂഹത്തിനും അദ്ദേഹം കൃത്യമായി ഉത്തരം നൽകിയില്ല. ‘ഇപ്പോൾ ഞാനൊന്നും പറയാനില്ല. 1997 ഡിസംബർ 17ന് തൃണമൂൽ രൂപീകരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന നേതാവാണ് ഞാൻ. എന്നിട്ടും ഹൃദയവേദനയോടെയാണ് പടിയിറങ്ങുന്നത്. ഇതിന്റെ കാരണം ഉള്‍പ്പെടെ എല്ലാം അഞ്ചു ദിവസത്തിനു ശേഷം, ദുർഗാപൂജ കഴിഞ്ഞ് വ്യക്തമാക്കും’– മുകുൽ പറഞ്ഞു. 

പാർട്ടിയിലെ പ്രാഥമികാംഗത്വവും വർക്കിങ് കമ്മിറ്റി അംഗത്വവും രാജിവയ്ക്കുകയാണെന്ന് നേതൃത്വത്തിന് ഇ–മെയിൽ അയച്ചിട്ടുണ്ട്. എട്ടുമാസം കൂടി ബാക്കി നിൽക്കെയാണ് മുകുൽ രാജ്യസഭാംഗത്വവും രാജി വയ്ക്കുന്നത്. മുകുലിന് താൽപര്യമുണ്ടെങ്കിൽ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം പരിഗണിക്കുമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷൻ ദിലിപ് ഘോഷ് അടുത്തിടെ പറഞ്ഞിരുന്നു.

നാളുകളായി പുകഞ്ഞു കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്കാണ് മുകുൽ റോയിയുടെ രാജിയോടെ തീരുമാനമായിരിക്കുന്നത്. ബിജെപി നേതാക്കളുമായി മുകുൽ തുടർചർച്ചകള്‍ നടത്തുന്നത് തൃണമൂലിന് തലവേദന സൃഷ്ടിച്ചിരുന്നു. ബിജെപിയുടെ സുഹൃത്തുക്കൾ തൃണമൂലിന്റെ ശത്രുക്കളാണെന്നായിരുന്നു പ്രതികരണം. ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കില്ലെന്നും പരിധി വിട്ടാൽ മുകുലിനോട് വിശദീകരണം ആവശ്യപ്പെടുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ തൃണമൂൽ നേതാക്കൾ വ്യക്തമാക്കി. അതിനിടെയാണ് രാജി.

കോഴയുടെ നിഴലിൽ...

കഴിഞ്ഞ വർഷം ഒരു ഓൺലൈൻ മാധ്യമം നടത്തിയ സ്റ്റിങ് ഓപറേഷനിൽ മുകുൽ റോയി കോഴ സ്വീകരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിനു മുൻപു തന്നെ  മമതയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടിയുണ്ടാക്കാനാണ് മുകുലിന്റെ ശ്രമങ്ങളെന്ന് റിപ്പോർട്ടുകളുണ്ടായി. എന്നാൽ 2015ൽ  പാർട്ടി ജനറൽ സെക്രട്ടറിയായിരിക്കെ മുകുൽ റോയ് ആ വാർത്തകളെല്ലാം തള്ളിക്കളഞ്ഞു. തൃണമൂൽ കോൺഗ്രസിൽ വലിയ അഴിച്ചുപണിക്ക് മമത ബാനർജി തുടക്കംകുറിച്ചതിനു പിന്നാലെയായിരുന്നു മുകുലിന്റെ പ്രഖ്യാപനം.

ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സിബിഐ ചോദ്യംചെയ്‌ത മുകുൽ റോയിയുടെ ചിറകരിയാനാണു മമത അഴിച്ചുപണി നടത്തുന്നതെന്നായിരുന്നു വാർത്ത. മമതയുമായി അടുത്തുനിൽക്കുന്ന സുബ്രത ബക്ഷിയെ അന്ന് ദേശീയ അഡീഷനൽ ജനറൽ സെക്രട്ടറിയാക്കുകയും മുൻ കേന്ദ്രമന്ത്രി ദിനേഷ് ത്രിവേദിയെ പാർട്ടി വൈസ് പ്രസിഡന്റായി ഉയർത്തുകയും ചെയ്‌തു. മമത ബാനർജിയുടെ വീട്ടിൽ നടന്ന ഈ യോഗത്തിൽ മുകുല്‍ പങ്കെടുത്തില്ല. സുബ്രത ബക്ഷിക്കൊപ്പം പ്രവർത്തിക്കണമെന്നതു മുകുൽ റോയിക്കു ബുദ്ധിമുട്ടാവുമെന്ന് അന്നേ  വിലയിരുത്തലുണ്ടായിരുന്നു. 

പാതിവഴിയിൽ നിന്ന റെയിൽവേ യാത്ര

മമത ബംഗാളിൽ മുഖ്യമന്ത്രിസ്‌ഥാനം ഏറ്റെടുത്തപ്പോൾ 2011 മേയ് മുതൽ മൂന്നു മാസത്തോളം മുകുൽ ആയിരുന്നു റയിൽവേ സഹമന്ത്രി. അന്നു റയിൽവേയുടെ ക്യാബിനറ്റ് മന്ത്രിസ്‌ഥാനം വഹിച്ചതു പ്രധാനമന്ത്രി തന്നെയാണ്. 2011 ജൂലായ് 11ന് അസമിൽ കാമരൂപ എന്ന സ്‌ഥലത്തു ഗുവാഹത്തി പുരി എക്‌സ്‌പ്രസ്സിൽ വലിയ സ്‌ഫോടനം നടക്കുകയും ട്രെയിൻ പാളം തെറ്റുകയും ചെയ്‌തു. അപകടം നടന്നയുടൻ മന്ത്രി മുകുലിനോട് അപകടസ്‌ഥലത്തു പോകാൻ പ്രധാനമന്ത്രി നിർദേശിച്ചു. 

മൻമോഹൻ അസമിൽ നിന്നുള്ള രാജ്യസഭാംഗമാണ്. അതുകൊണ്ടു തന്നെ അപകടസ്‌ഥലം കേന്ദ്രമന്ത്രിമാർ ആരെങ്കിലും സന്ദർശിക്കണം എന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. എന്നാൽ മുകുൽ പ്രധാനമന്ത്രി പറഞ്ഞതു കേട്ടില്ല. അദ്ദേഹം അപകടസ്‌ഥലത്തേക്കു പോയില്ലെന്നു മാത്രമല്ല, ബംഗാളിൽ മമതയോടൊപ്പം പര്യടനത്തിനു പോവുകയും ചെയ്‌തു. എന്തുകൊണ്ടാണു പ്രധാനമന്ത്രി പറഞ്ഞിട്ടും അപകടസ്‌ഥലം സന്ദർശിക്കാത്തതെന്ന് അന്നു മാധ്യമങ്ങൾ ചോദിച്ചപ്പോൾ റയിൽവേ മന്ത്രി താനല്ല, പ്രധാനമന്ത്രി തന്നെയാണ് എന്നായിരുന്നു മുകുലിന്റെ മറുപടി. 

മന്ത്രിയുടെ ഈ നടപടി അന്നു വ്യാപകമായ വിമർശനത്തിനിടയാക്കി. ഇതിനു തൊട്ടുപിന്നാലെ ഉത്തർപ്രദേശിൽ കൽക്ക മെയിൽ പാളംതെറ്റി മറ്റൊരപകടവും ഉണ്ടായി. അവിടേക്കും മുകുൽ പോയില്ല. പിന്നീടു കേന്ദ്ര മന്ത്രിസഭയുടെ അഴിച്ചുപണി നടന്നപ്പോൾ മുകുലിന് റയിൽവേ മന്ത്രി സ്‌ഥാനത്തു നിന്നു മാറ്റി പകരം ദിനേശ് ത്രിവേദി ആ സ്‌ഥാനത്തേക്കു വന്നു. റോയി കേന്ദ്ര കപ്പൽ ഗതാഗത സഹമന്ത്രി എന്ന നിലയിൽ തുടരുകയും ചെയ്‌തു. 

എന്നാൽ റെയിൽവേ ടിക്കറ്റ് നിരക്കുകൾ കൂട്ടി ബജറ്റ് പുറത്തിറക്കിയതിനു പിന്നാലെ ത്രിവേദിയുടെ മന്ത്രിസ്ഥാനം തെറിച്ചു. അതോടെ 2012 മാർച്ചിൽ വീണ്ടും മുകുൽ തന്നെ റയിൽവേ മന്ത്രിയായി. 2006ൽ രാജ്യസഭാംഗമായ മുകുലിന്റെ കാലാവധി അന്ന് അവസാനിച്ചിരുന്നെങ്കിലും ബംഗാളിൽ നിന്നു വീണ്ടും അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയയ്‌ക്കാൻ മമത തീരുമാനിക്കുകയായിരുന്നു. എന്നാൽ ആ മന്ത്രിസ്ഥാനവും അധികകാലം നിലനിന്നില്ല.

മൻമോഹൻ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാര നടപടികൾ പിൻവലിക്കാനുള്ള അന്ത്യശാസനം തള്ളിയതോടെ യുപിഎ സർക്കാരിനുള്ള പിന്തുണ മമത പിൻവലിക്കുകയും മുകുൽ ഉൾപ്പെടെ ആറ് തൃണമൂൽ മന്ത്രിമാരും രാജി സമർപ്പിക്കുകയുമായിരുന്നു. 2012 സെപ്റ്റംബറിലായിരുന്നു ഇത്. പിന്നീട് ബിജെപി നേതാക്കളെ കാണാൻ പോകുമ്പോഴെല്ലാം റെയിൽവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണെന്നായിരുന്നു മുകുൽ പറഞ്ഞിരുന്നത്.

related stories