Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ; ഇതു കുത്തകകളുടെ മാത്രം സര്‍ക്കാര്‍

Rahul Gandhi rides on a bullock cart

ദ്വാരക (ഗുജറാത്ത്) ∙ പതിനഞ്ചു വൻ വ്യവസായ സ്ഥാപനങ്ങളുടെ 1.3 ലക്ഷം കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ സർക്കാർ എന്തുകൊണ്ടു കർഷകർക്ക് ഇളവു നൽകുന്നില്ലെന്നു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ചോദ്യം. വ്യവസായ വായ്പ നൽകിയ ഏഴുലക്ഷം കോടി രൂപ തിരിച്ചടച്ചിട്ടില്ല. വ്യവസായികൾക്ക് എല്ലാ ആനുകൂല്യങ്ങളും ലഭിക്കുമ്പോൾ വായ്പ മുടങ്ങിയ കർഷകർക്കു കിട്ടുന്നതു ജയിലാണെന്നും രാഹുൽ പറഞ്ഞു.

നോട്ട് നിരോധനം, ജിഎസ്ടി, ‘ഗുജറാത്ത് മോഡൽ’ വികസനം, തൊഴിലില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമർശനവുമായി രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഗുജറാത്തിൽ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപു ലക്ഷ്യമിട്ടു മൂന്നു ദിവസത്തെ പര്യടനമാണു രാഹുൽ നടത്തുന്നത്. വഴിനീളെ ചെറുയോഗങ്ങളിൽ പ്രസംഗിച്ചും കർഷകരോടു സംവദിച്ചുമാണു യാത്ര.

PTI9_25_2017_000199B

നിലക്കടലയ്ക്കു ന്യായവില കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു വാഹനത്തിനു ചുറ്റും കൂടിയ കർഷകരുടെ മറുപടി. ഇതു തന്നെയാണു രാജ്യത്തെ എല്ലാ കർഷകരുടെയും സ്ഥിതിയെന്നു രാഹുൽ പറഞ്ഞു. ആർക്കും ന്യായവില കിട്ടുന്നില്ല. ഒറ്റദിവസം കൊണ്ടു പ്രഖ്യാപിച്ച നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കു കഠിന ആഘാതമാണ് ഏൽപിച്ചത്. കർഷകർക്കാണ് ഏറ്റവും വലിയ അടി കിട്ടിയത്. ഫോൺ വഴിയോ ഡെബിറ്റ് കാർഡ് വഴിയോ ഇടപാടുകൾ നടത്താത്ത സാധാരണ കർഷകർ കൂലി നൽകാനും വിത്തു വാങ്ങാനും പണമില്ലാതെ വലഞ്ഞു.

അതിനു പിന്നാലെ കൊണ്ടുവന്ന ചരക്ക്, സേവന നികുതി (ജിഎസ്ടി) രാജ്യത്തെ ചെറുകിട വ്യാപാരികളെയും കട ഉടമകളെയും ബാധിച്ചു. ലക്ഷക്കണക്കിനു കടക്കാർക്കു കച്ചവടം അവസാനിപ്പിക്കേണ്ടി വന്നു. വ്യവസായികൾക്കു മാത്രം എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണു ‘ഗുജറാത്ത് മോഡൽ’ വികസനം. വെള്ളം, വൈദ്യുതി, ഭൂമി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വ്യവസായികൾക്കു നൽകുമ്പോൾ പാവപ്പെട്ട കർഷകന് അവഗണനയാണു ലഭിക്കുന്നത്. ഇതാണു കോൺഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അതു പാവപ്പെട്ടവർക്കും കർഷകർക്കും യുവജനങ്ങൾക്കും വേണ്ടിയുള്ളതാകും. പാവപ്പെട്ടവർക്കു സൗജന്യ ചികിൽസയും മരുന്നും ഉറപ്പാക്കുമെന്നും രാഹുൽ പറഞ്ഞു.

PTI9_25_2017_000152A

കാളവണ്ടി കയറിയും രാഹുൽ ഷോ

ദ്വാരക ∙ രണ്ടു പതിറ്റാണ്ടായി ഗുജറാത്ത് ഭരണത്തിനു പുറത്തുനിൽക്കുന്ന കോൺഗ്രസിന് ഉണർവേകി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. പ്രശസ്തമായ ദ്വാരകാദിശ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു സൗരാഷ്ട്രയിലെ റോഡ് ഷോയുടെ തുടക്കം. പ്രത്യേകം ബസിലാണു യാത്രയെങ്കിലും ദ്വാരക–ജാംനഗർ റൂട്ടിൽ അൽപനേരം കാളവണ്ടിയിൽ സഞ്ചരിച്ചും കർഷകരെ കയ്യിലെടുത്തു.

ഓരോ ജംക്‌ഷനിലും ചെറുയോഗങ്ങളിൽ പ്രസംഗിച്ചാണു റോഡ് ഷോ പുരോഗമിക്കുന്നത്. പലയിടത്തും കർഷകർ രാഹുലിനു പരമ്പരാഗത രീതിയിൽ വരവേൽപു നൽകി. പട്ടേൽ സംവരണ പ്രക്ഷോഭത്തിലെ നായകനും ബിജെപി വിമർശകനുമായ ഹാർദിക് പട്ടേൽ ഗുജറാത്തിലേക്കു രാഹുലിനെ വരവേറ്റു ട്വീറ്റ് ചെയ്തു.

related stories