Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെറ്റു ചെയ്തിട്ടില്ല, സോളർ കമ്മിഷൻ റിപ്പോർട്ടിൽ ആശങ്കയില്ല: ഉമ്മൻചാണ്ടി

തിരുവനന്തപുരം ∙ സോളര്‍ കമ്മിഷന്‍ സർക്കാരിന് സമർപ്പിച്ച റിപ്പോര്‍ട്ടിൽ ആശങ്കയില്ലെന്ന് ആരോപണ വിധേയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഒരുതെറ്റും ചെയ്തിട്ടില്ല. അതുകൊണ്ടാണു സമഗ്രമായ അന്വേഷണത്തിനു നിര്‍ദേശിച്ചത്. വീഴ്ചയുണ്ടായിട്ടില്ല. എല്ലാവരേയും സ്വീകരിക്കുന്ന തുറന്ന സമീപനമാണു സ്വീകരിച്ചിരുന്നത്. റിപ്പോർട്ടിനെപ്പറ്റി ആശങ്കയില്ല. സോളര്‍ റിപ്പോര്‍ട്ട് വേങ്ങര തിരഞ്ഞെടുപ്പിനെ ഒരുവിധത്തിലും സ്വാധീനിക്കില്ല. സോളർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരട്ടെ. നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും ഉമ്മൻചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു.

ഉമ്മൻചാണ്ടി ശക്തമായ ആരോപണം നേരിട്ട സോളർ കേസിലെ അന്വേഷണ റിപ്പോർട്ട് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജൻ, മുഖ്യമന്ത്രി പിണറായി വിജയന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് സമർപ്പിച്ചത്. ഭരണ സംവിധാനത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടിന് നാല് ഭാഗങ്ങളാണുള്ളത്. കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണു കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ കൂടി പശ്ചാത്തലത്തിൽ, ഉമ്മൻചാണ്ടിക്കും യുഡിഎഫിനും നേരെ റിപ്പോർട്ടിലെ പരാമർശങ്ങൾ ഭരണപക്ഷം ആയുധമാക്കിയേക്കും. റിപ്പോര്‍ട്ട് കിട്ടിയതേയുള്ളൂവെന്നും ബാക്കി കാര്യങ്ങള്‍ പിന്നീടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി വിശദീകരിക്കും: കമ്മിഷൻ

അന്വേഷണ റിപ്പോര്‍ട്ടിനെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുമെന്നു സോളർ അന്വേഷണ കമ്മിഷൻ ജസ്റ്റിസ് ജി.ശിവരാജന്‍ പറഞ്ഞു. ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി. വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. സര്‍ക്കാര്‍ പറഞ്ഞതെല്ലാം അന്വേഷിച്ചു. ഇനിയുള്ളതെല്ലാം മുഖ്യമന്ത്രി പറയുമെന്നും ജസ്റ്റിസ് ജി.ശിവരാജന്‍ പ്രതികരിച്ചു. സോളർ കമ്മിഷന്റെ അന്തിമ റിപ്പോര്‍ട്ട് കൈമാറിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ട്: ഉമ്മൻചാണ്ടി

സോളർ കമ്മിഷൻ റിപ്പോർട്ട് പുറത്തുവരട്ടെയെന്നും നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു.

സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ തരമുള്ളൂ: സരിത

സോളാർ കമ്മിഷന്‍‍ റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് വിശ്വസിക്കുകയേ തരമുള്ളൂവെന്നു കേസിലെ മുഖ്യപ്രതി സരിത എസ്.നായർ. കമ്മിഷന്റെ നടപടികളോടു പൂര്‍ണമായി സഹകരിച്ചിരുന്നു. ശാസ്ത്രീയ തെളിവുകള്‍ കമ്മിഷന്‍ ശേഖരിച്ചിട്ടുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു. ക്രൈംബ്രാഞ്ച് കേസുകള്‍ അവസാനിച്ചിട്ടില്ല. അവ തുടരുമെന്നും സരിത മാധ്യമങ്ങളോടു പ്രതികരിച്ചു.

അന്വേഷണ റിപ്പോർട്ടിന് നാലു ഭാഗങ്ങൾ

കണ്ടെത്തല്‍, ശുപാര്‍ശ, നിര്‍ദേശങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിങ്ങനെ നാലുഭാഗങ്ങളായാണു റിപ്പോർട്ടുള്ളത്. ഈ റിപ്പോര്‍ട്ട് ആദ്യം മന്ത്രിസഭ പരിശോധിച്ച് അംഗീകരിക്കണം. പിന്നീട് നിയമോപദേശത്തിനായി നിയമ സെക്രട്ടറിക്കു കൈമാറും. തുടര്‍ന്ന് കമ്മിഷന്‍ നിര്‍ദേശിച്ച നടപടികള്‍ വേണോയെന്നു തീരുമാനിക്കും. ഒടുവില്‍ മന്ത്രിസഭയുടെ ശുപാര്‍ശകളോടെ നിയമസഭയില്‍ വയ്ക്കും.

2013 ഓഗസ്‌റ്റ് 16 നാണു സോളർ കേസിൽ ജുഡീഷ്യൽ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്‌ടോബർ 23 നു ജസ്‌റ്റിസ് ജി.ശിവരാജനെ കമ്മിഷനായി തീരുമാനിച്ചു. 28ന് അദ്ദേഹം ചുമതല ഏറ്റു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദേശത്തോടെയാണു കഴിഞ്ഞ യുഡിഎഫ് സർക്കാർ കമ്മിഷനെ നിയമിച്ചത്. എന്നാൽ, പല തവണ കാലാവധി നീട്ടി വാങ്ങിയ കമ്മിഷൻ ഇത്തവണ സമയം നീട്ടാൻ അപേക്ഷ നൽകിയില്ല. കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം ചർച്ചാ വിഷയമായ കമ്മിഷനിലെ നടപടിക്രമങ്ങൾ ഒട്ടും ലളിതമായിരുന്നില്ല. ആയിരക്കണക്കിനു പേജുള്ള സാക്ഷി മൊഴികൾ പഠിച്ചു നിഗമനത്തിലെത്താനാണു കമ്മിഷൻ പല തവണ കാലാവധി നീട്ടിവാങ്ങിയത്.

അപൂർവതകൾ ഏറെ

സോളർ കമ്മിഷന് അപൂർവതകൾ ഏറെയുണ്ട്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടർച്ചയായി 15 മണിക്കൂർ അന്വേഷണ കമ്മിഷൻ മുൻപാകെ മൊഴി കൊടുത്തത്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കേ രാവിലെ 11നു തുടങ്ങി പിറ്റേന്നു പുലർച്ചെ 1.50 നാണു സിറ്റിങ് അവസാനിച്ചത്. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം ആറു തവണ കൂടി ഉമ്മൻ ചാണ്ടി കമ്മിഷനു മുൻപിലെത്തി. മൊത്തം 53 മണിക്കൂർ മൊഴിയെടുത്തു.

കേരളത്തിൽ ഒരു കമ്മിഷൻ ആദ്യമായി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചുവെന്ന പ്രത്യേകതയുമുണ്ട്. സരിത എസ്. നായർ ഹാജരാകാൻ പല വട്ടം വിസമ്മതിച്ചതോടെ കമ്മിഷൻ വാറന്റ് പുറപ്പെടുവിച്ചു. ഇതേത്തുടർന്നു സരിത ഹാജരായി. രണ്ടു തവണ രഹസ്യ മൊഴികളും കമ്മിഷൻ രേഖപ്പെടുത്തി. ബിജു രാധാകൃഷ്ണൻ നേരിട്ടു സരിത എസ്. നായരെ വിസ്തരിച്ചപ്പോഴായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത്, സരിതയുടെ കത്തിൽ പേരു പരാമർശിക്കപ്പെട്ടവർ സരിതയെ വിസ്തരിച്ചപ്പോൾ.

കാലാവധി നീട്ടിയത് എട്ടു തവണ

2014 ഏപ്രിൽ മുതൽ എട്ടു തവണ കാലാവധി നീട്ടി. 2017 ഏപ്രിൽ 28 മുതൽ മൂന്നു മാസത്തേക്കും പിന്നീട് ജൂലൈ മുതൽ രണ്ടു മാസത്തേക്കും നീട്ടി. ആറു മാസത്തേക്കു നിയമിച്ച കമ്മിഷൻ മൂന്നു വർഷവും 10 മാസവും പിന്നിട്ടു.

∙ നാലു വർഷം ∙ 353 സിറ്റിങ് ∙ 214 സാക്ഷികൾ ∙ 8,464 പേജ് സാക്ഷിമൊഴികൾ ∙ 7,998 പേജിലായി 972 േരഖകൾ

സോളർ‌ കമ്മിഷൻ നാൾവഴികൾ

2013 ഓഗസ്റ്റ് 12∙ സോളർ കേസിൽ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ട് എൽഡിഎഫിന്റെ അനിശ്ചിതകാല സെക്രട്ടറിയറ്റ് വളയൽ സമരം.

ഓഗസ്റ്റ് 13∙ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കാമെന്നു മുഖ്യമന്ത്രി. സമരം പിൻവലിച്ചു.

2013 ഒക്ടോബർ 23∙ സോളർ കേസ് അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യൽ കമ്മിഷനായി റിട്ട. ഹൈക്കോടതി ജഡ്ജി ജി. ശിവരാജനെ സർക്കാർ നിയമിച്ചു. സിറ്റിങ് ജഡ്ജിയെ വിട്ടുനൽകാനാകില്ലെന്നു ഹൈക്കോടതി അറിയിച്ചതിനെത്തുടർന്നാണു തീരുമാനം. 2005 മുതലുള്ള സോളർ തട്ടിപ്പുകൾ കമ്മിഷന്റെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി. ആറു മാസമാണ് ആദ്യം കാലാവധി തീരുമാനിച്ചത്. പിന്നീടു പലതവണ കാലാവധി നീട്ടി. കമ്മിഷനെ നിയമിച്ചപ്പോൾ പിന്നാക്കക്ഷേമ കമ്മിഷൻ ചെയർമാനായി പ്രവർത്തിക്കുകയായിരുന്നു ജി. ശിവരാജൻ.

2014 മാർച്ച് 3∙ കമ്മിഷൻ പ്രവർത്തനം ആരംഭിച്ചു.

2015 ജനുവരി 12∙ സോളർ കേസിൽ സാക്ഷി വിസ്താരം ആരംഭിച്ചു. സാക്ഷികളായ പെരുമ്പാവൂർ സ്വദേശി സജാദിനെയും കോഴിക്കോട് സ്വദേശി അബ്ദുൽ മജീദിനെയും കമ്മിഷൻ വിസ്തരിച്ചു.

ഡിസംബർ 10∙ കേസുമായി ബന്ധപ്പെട്ട വിവാദ സിഡികളുടെ നാലുസെറ്റ് കോപ്പികൾ തന്റെ പക്കലുണ്ടെന്നു പ്രതി ബിജു രാധാകൃഷ്ണൻ സോളർ കമ്മിഷനിൽ വെളിപ്പെടുത്തുന്നു. സിഡി കൈവശമില്ല. ഒരു കോപ്പി വിദേശത്താണ്. ഒന്നു തന്നെ കോയമ്പത്തൂരിൽ അറസ്റ്റു ചെയ്ത പൊലീസ് സംഘം പിടിച്ചെടുത്തു. മൂന്നാമത്തെ കോപ്പി എറണാകുളത്തുനിന്ന് ആറുമണിക്കൂർ യാത്ര ചെയ്ത് എത്താൻ കഴിയുന്ന സ്ഥലത്താണെന്നും ബിജു. ബിജുവുമായി അന്വേഷണ സംഘം കോയമ്പത്തൂരിലേക്ക്.

സോളർ കമ്മിഷന്റെ നിർദേശമനുസരിച്ച് ബിജുരാധാകൃഷ്ണനുമായി കോയമ്പത്തൂരിൽ തെളിവെടുപ്പ്. ബിജു രാധാകൃഷ്ണൻ അവകാശപ്പെട്ട സിഡിയും പെൻഡ്രൈവും കണ്ടെത്താനായില്ല.

ഡിസംബർ 11∙ സോളർ കേസിൽ രാഷ്ട്രീയമായി തിരിച്ചടിക്കാൻ യുഡിഎഫ്. ഭാര്യയെ കൊല്ലുകയും 58 കേസിൽ പ്രതിയുമായ ഒരാളുടെ വാക്കുകേട്ടു മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം തിരിയുന്നതായി ആക്ഷേപം. എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫിന്റെ പ്രതിഷേധ പ്രകടനം.

2016 ജനുവരി 12∙ കമ്മിഷനു മുന്നിൽ ഹാജരാകാതിരുന്ന സരിതയ്ക്കെതിരെ കമ്മിഷന്റെ വിമർശനം. നാലാം തവണയാണു സരിത കമ്മിഷൻ തെളിവെടുപ്പിൽനിന്നു മാറി നിൽക്കാൻ ശ്രമിച്ചതു

ജനുവരി 26∙ സോളർ കമ്മിഷൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൊഴിയെടുത്തു. തൈക്കാട് ഗസ്റ്റ് ഹൗസിലെ സിറ്റിങ് 12 മണിക്കൂറോളം നീണ്ടു.

രാവിലെ 10.45 നാണ് സിറ്റിങ് ആരംഭിച്ചത്. 11 മണിക്ക് മുഖ്യമന്ത്രിയുടെ മൊഴിയെടുക്കൽ ആരംഭിച്ചു. 1.15നു മൊഴിയെടുക്കൽ പൂർത്തിയായി. പക്ഷെ, കേസിലെ കക്ഷികളുടെ അഭിഭാഷകർക്കു ക്രോസ് വിസ്താരം നടത്തണമെന്ന് ആവശ്യമുയർന്നു. തുടർന്ന് ഉച്ചയൂണിനായി ഒരു മണിക്കൂർ ഇടവേള. 2.15ന് ആരംഭിച്ച വിസ്താരം വൈകുന്നേരവും പൂർത്തിയായില്ല. മറ്റൊരു ദിവസത്തേക്കു വിസ്താരം മാറ്റണമോയെന്നു കമ്മിഷൻ ആരാഞ്ഞു. വരുംദിവസങ്ങളിൽ തിരക്കാണെന്നും വിസ്താരം തുടരാമെന്നും മുഖ്യമന്ത്രിയുടെ മറുപടി. രാത്രി ഏറെ വൈകിയാണു വിസ്താരം പൂർത്തിയായത്. മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം കൊച്ചിയിലെ സോളർ കമ്മിഷൻ ഓഫിസിലും ഉമ്മൻചാണ്ടി മൊഴി നൽകാനെത്തി.

2016 മേയ് 11∙ കേരളത്തെ ഞെട്ടിക്കുന്ന തെളിവുകൾ കമ്മിഷനു കൈമാറുമെന്നു സരിത.

മേയ് 13∙ സോളർ ഇടപാടുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ സരിത കമ്മിഷനു കൈമാറി. മന്ത്രിമാർക്കെതിരായ തെളിവാണു കൈമാറിയതെന്നു സരിത മാധ്യമങ്ങളോട്.

2017 ഫെബ്രുവരി 15∙ സോളർ കമ്മിഷൻ വിസ്താരം പൂർത്തിയാക്കി.

ജൂലൈ 19∙ കമ്മിഷന്റെ കാലാവധി നീട്ടി. റിപ്പോർട്ട് തയാറാക്കാൻ സമയം വേണമെന്നാവശ്യപ്പെട്ടതിനെത്തുടർന്നു രണ്ടു മാസത്തേക്കാണു നീട്ടിയത്. നേരത്തെ പലതവണ കമ്മിഷന്റെ കാലാവധി നീട്ടിയിരുന്നു.

സെപ്റ്റംബർ 26∙ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു.

related stories