Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവരങ്ങൾ അറിയുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ; ജാമ്യാപേക്ഷയിൽ വാദം തുടങ്ങി

dileep

കൊച്ചി∙ നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ വാദം തുടങ്ങി. വാദത്തിനായി എത്രസമയം വേണമെന്ന ചോദ്യത്തിനു ഒന്നര മണിക്കൂർ വേണമെന്ന് ദിലീപിന്റെ അഭിഭാഷകൻ മറുപടി നൽ‌കി. അതേസമയം, കേസിൽ അന്വേഷണ വിവരങ്ങളൊന്നും പൊലീസ് അറിയിക്കുന്നില്ലെന്ന് ദിലീപിന്റെ അഭിഭാഷകൻ കോടതിയിൽ പരാതിപ്പെട്ടു. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരുവിവരവും ഉള്‍പ്പെടുത്തുന്നില്ല. എന്തൊക്കെ കുറ്റങ്ങളാണ് ചേർത്തിരിക്കുന്നതെന്ന് അറിയുന്നില്ല. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ അറിയേണ്ടത് പ്രതിയുടെ അവകാശമാണ്.

കേസില്‍ യുക്തി ഭദ്രമായ അന്വേഷണമല്ല നടക്കുന്നത്. പശ്ചാത്തലം മോശമായ പള്‍സര്‍ സുനിെയപ്പോലുളള പ്രതികളുടെ മൊഴികളെ മാത്രം അടിസ്ഥാനമാക്കിയാണ് അന്വേഷണം. ഇവരുണ്ടാക്കുന്ന കഥകള്‍ക്ക് പിന്നാലെയാണ് പൊലീസ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈലിന്റെ പേരില്‍ ദിലീപിന് ഓരോ തവണയും ജാമ്യം നിഷേധിക്കുന്നു. എന്നാല്‍ അത് കണ്ടെടുക്കാന്‍ ഏഴുമാസമായിട്ടും പൊലീസിനായില്ല. ദിലീപും സുനിയുമായി നാലുവര്‍ഷത്തെ ഗൂഢാലോചന ആരോപിക്കുമ്പോള്‍ ഇതുതെളിയിക്കാന്‍ ഒരു ഫോണ്‍കോള്‍ പോലുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ‌ വ്യക്തമാക്കി.

നാദിർഷായുടെ കേസിന്റെ സ്ഥിതിയും കോടതിയെ അറിയിച്ചു. കേസിൽ ഇത് അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. മുൻപ് നാലുതവണയും വാദം കേട്ട കോടതികൾ അപേക്ഷ തള്ളുകയായിരുന്നു. ഹൈക്കോടതിയിൽ ഇതു മൂന്നാം തവണയാണ് ദിലീപ് ജാമ്യം തേടി എത്തുന്നത്. അതേസമയം, അടുത്തമാസം ഏഴിനകം ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതിയിൽ സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

മൂന്നാമതും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ദിലീപിനു തിരിച്ചടിയാണു കഴിഞ്ഞയാഴ്ച കോടതിയിൽനിന്നുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി മുൻപ് ജാമ്യം തള്ളിയ സാഹചര്യങ്ങളിൽനിന്ന് എന്തെങ്കിലും മാറ്റമുണ്ടോ എന്നാണു ചോദിച്ചത്. ജയിലിൽ കുറച്ചു ദിവസം കിടന്നു എന്നതുകൊണ്ടു സാഹചര്യം മാറിയെന്നു കണക്കാക്കാനാകില്ല, നേരത്തെ ജാമ്യ ഹർജികൾ പരിഗണിച്ചപ്പോഴുള്ള സാഹചര്യം മാറിയെന്നു വ്യക്തമായി ബോധ്യപ്പെടണം. എങ്കിൽ മാത്രമേ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കാനാവൂ എന്നാണു കോടതി അന്ന് എടുത്തുപറഞ്ഞത്.

ഈ കേസുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യഹർജികൾ മറ്റൊരു ബെഞ്ചിൽ ഉണ്ടെന്നും അവ തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്നാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി മാറ്റിവെച്ചത്. പ്രതി അല്ലാത്തതിനാൽ കാവ്യ മാധവനു മുൻകൂർ ജാമ്യത്തിന്റെ അവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നാദിർഷായുടെ ജാമ്യപേക്ഷ പരിഗണിക്കുന്ന അടുത്ത മാസം നാലിലേക്ക് മാറ്റുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കുന്നത്.

related stories