Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദേശീയഗാനത്തിന് എഴുന്നേൽക്കണം; കളിക്കാരുടെ പ്രതിഷേധത്തിനെതിരെ ട്രംപ്

TRUMP

വാഷിങ്ടൻ∙ ദേശീയഗാനം ആലപിക്കുമ്പോൾ കളിക്കാർ ആദരപൂർവം എഴുന്നേൽക്കണമെന്ന നിയമം കർശനമാക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.  നാഷണല്‍ ഫുട്‌ബോള്‍ ലീഗ് (എൻഎഫ്എൽ) താരങ്ങളെ ഉദ്ദേശിച്ചാണ് ട്രംപിന്റെ നീക്കം.

‘നാഷണല്‍ ഫുട്‌ബോള്‍ ലീഗിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റുനിന്ന് ബഹുമാനിക്കാതിരിക്കണമെങ്കിൽ അവർ പുതിയ നിയമം ഉണ്ടാക്കട്ടെ’– ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഫുട്‌ബോള്‍ ലീഗ് താരങ്ങളുടെ പ്രതിഷേധം അതിരുവിട്ടെന്ന നിഗമനത്തിലാണ് ട്രംപ് നിലപാട് കർശനമാക്കിയത്.

യുഎസിന്റെ ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്നു ഫുട്ബോൾ താരങ്ങളെ ട്രംപ് കഴിഞ്ഞദിവസം ചീത്ത വിളിച്ചിരുന്നു. താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ടീം ഉടമകളോട് ആവശ്യപ്പെടുകയും ചെയ്തു. അമേരിക്കയിലെ വര്‍ണവിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധമായാണു താരങ്ങള്‍ ദേശീയഗാനം ആലപിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കുന്നത്.

അമേരിക്കന്‍ ഫുട്‌ബോള്‍ താരമായ കോളിന്‍ കോപ്പര്‍നിക്കാണ് പ്രതിഷേധത്തിനു തുടക്കമിട്ടത്. ഇങ്ങനെയുള്ള സംഭവങ്ങള്‍ നടന്നാല്‍ ആരാധകര്‍ ഗാലറി വിട്ടു പോകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പതാകയെ അപമാനിക്കുന്നവരെ ടീമില്‍ നിന്ന് പുറത്താക്കുകയാണ് വേണ്ടത്. അത്തരക്കാരെ ടീമില്‍ നിന്ന് പുറത്താക്കുന്ന ഉടമകളെ രാജ്യം ആദരിക്കുമെന്നും ട്രംപ് പറഞ്ഞു.