Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹിസ്ബുൽ കമാൻഡറായ പിടികിട്ടാപ്പുള്ളി നജറിനെ ഏറ്റുമുട്ടലിൽ സൈന്യം വധിച്ചു

Hizbul Mujahideen Commander Abdul Qayoom Najar

ശ്രീനഗർ∙ ഏറെക്കാലമായി സൈന്യത്തെയും പൊലീസിനെയും വെട്ടിച്ചു ജീവിച്ച ഹിസ്ബുൽ മുജാഹിദീന്റെ മുതിർന്ന നേതാവ് അബ്ദുൽ ഖയൂം നജറിനെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. വടക്കൻ കശ്മീരിലെ ബാരാമുല്ല ജില്ലയിൽ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ചപ്പോഴാണ് കമാൻഡർ അബ്ദുൽ ഖയൂം നജറിനെ സൈന്യം വധിച്ചത്.

പൊലീസുകാരനടക്കം ഇരുപത്തിയഞ്ചോളം പേരെ കൊലപ്പെടുത്തുന്നതിനു നേതൃത്വം നൽകിയ നജറിന്റെ തലയ്ക്ക് 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഹിസ്ബുൽ മുജാഹിദീന്റെ നേതൃത്വം ഏറ്റെടുക്കാൻ കശ്മീരിലേക്ക് തിരിച്ചുവരുന്നതിനിടെ, ലാച്ചിപോറയിൽ സൊറാവാർ പോസ്റ്റിൽ വച്ചാണ് ഇയാളെ കൊലപ്പെടുത്തിയത്.

സൈനിക പോസ്റ്റ് ആക്രമിക്കാനായിരുന്നു നജറിന്റെ നേതൃത്വത്തിലുള്ള സംഘം ലക്ഷ്യമിട്ടത്. നുഴഞ്ഞുകയറ്റം നടത്തുന്ന സമയത്ത് പാക്ക് സൈന്യം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയതായി റിപ്പോർട്ടുണ്ട്. നജറിനെ വധിച്ചത് ഇന്ത്യൻ സേനയുടെ ഭീകരവിരുദ്ധ നീക്കങ്ങൾക്ക് ഊർജമാകുമെന്നാണു വിലയിരുത്തൽ.