Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി

Honeypreet

ന്യൂഡൽഹി ∙ മാനഭംഗക്കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ച സൗദ തലവൻ ഗുർമീത് റാം റഹിം സിങ്ങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇൻസാന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. കോടതിയുടെ അധികാരത്തിനു പുറത്തുള്ളതാണു ഹർജിയെന്നു ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് സംഗീത സെഹ്‌ഗാൾ ജാമ്യാപേക്ഷ തള്ളിയത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

രാവിലെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതിനിടെ, കോടതിയിൽ കീഴടങ്ങുന്നതായിരിക്കും നല്ലതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ഡൽഹിയിൽ വസതിയുള്ള, ഇവിടെ താമസമാക്കിയിട്ടുള്ള ഒരാൾ എന്ന നിലയ്‌ക്കാണു ഡൽഹി ഹൈക്കോടതിയെ സമീപിച്ചതെന്നായിരുന്നു ഹണിപ്രീതിന്റെ അഭിഭാഷകന്റെ വാദം. ഹരിയാനയിൽ ഹണിപ്രീതിന്റെ ജീവൻ അപകടത്തിലാണെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ജാമ്യം ലഭിച്ചാൽ പൊലീസിന് മുന്നിൽ ഹാജരാകുമെന്നും അഭിഭാഷകൻ ഉറപ്പുനൽകി.

പ്രിയങ്ക തനേജ എന്നാണു ഹണിപ്രീതിന്റെ യഥാർഥ പേര്. നേപ്പാളിലേക്കു കടന്നുവെന്നു റിപ്പോർട്ടിനെ തുടർന്നു പൊലീസ് അവിടേക്കും തിരച്ചിൽ വ്യാപിപ്പിച്ചിരുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. അനുയായികളായ രണ്ടു യുവതികളെ 2002ൽ മാനഭംഗത്തിനു വിധേയരാക്കിയെന്നാണു ഗുർമീത് റാം റഹിം സിങ്ങിനെതിരായ കേസ്.

പ്രത്യേക സിബിഐ കോടതി 20 വർഷം കഠിന തടവാണു ശിക്ഷ വിധിച്ചത്. രണ്ടു കേസുകളിലായി 10 വർഷം വീതമാണു തടവുശിക്ഷ. 30 ലക്ഷം രൂപ പിഴയും ഒടുക്കണം. കുറ്റക്കാരനെന്നു വിധിവന്ന ദിവസമുണ്ടായ കലാപത്തിൽ പഞ്ച്കുളയിൽ‌ 35 പേരും സിർസയിൽ ആറു പേരും കൊല്ലപ്പെട്ടിരുന്നു. ഈ കലാപങ്ങൾ ആഹ്വാനം ചെയ്തതും ആസൂത്രണം ചെയ്തതും ഹണിപ്രീത് ആണെന്നാണ് പൊലീസിന്റെ നിഗമനം.