Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയ്ക്കുനേരെ യുദ്ധപ്രഖ്യാപനമില്ല: നിലപാട് വ്യക്തമാക്കി വൈറ്റ് ഹൗസ്

trump-kim

വാഷിങ്ടൻ∙ ഉത്തര കൊറിയയ്ക്കെതിരെ യുഎൻ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തങ്ങളുടെ നേതൃത്വം അധികകാലം ഉണ്ടാകില്ലെന്നു ട്രംപ് പറഞ്ഞെന്നും യുഎസ് യുദ്ധം പ്രഖ്യാപിച്ചെന്നും ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ് ഹോയുടെ പ്രസ്താവന വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു യുഎസ് നിലപാട് വിശദീകരിച്ചത്. ഉത്തര കൊറിയയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വാർത്ത തന്നെ അസംബന്ധമാണെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാൻഡേഴ്സിനെ ഉദ്ധരിച്ചു ചൈസീസ് വാർത്താ ഏജൻസിയായ സിൻഹുവ അറിയിച്ചു. കൊറിയൻ ഉപഭൂഖണ്ഡത്തെ അണ്വായുധമുക്തമാക്കി സമാധാനത്തിലേക്കു കൊണ്ടുവരികയെന്നതാണു ലക്ഷ്യം. അത് ഇതുവരെ മാറ്റിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാലാണു പ്രതിരോധനടപടികള്‍ സ്വീകരിച്ചതെന്നാണ് റി യോങ് ഹോയുടെ പക്ഷം. ട്രംപ് തലയ്ക്കു സ്ഥിരതയില്ലാത്തയാളാണെന്നും അദ്ദേഹം പരിഹസിച്ചു. പ്യോങ്യാങ്ങിനു യുഎസ് ബോംബര്‍ വിമാനങ്ങളെ വെടിവച്ചു വീഴ്ത്താനുള്ള അധികാരമുണ്ടെന്നും കൊറിയന്‍ വ്യോമാതിർത്തിക്കു പുറത്താണെങ്കിലും വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുമെന്നുമാണു മുന്നറിയിപ്പ്.

ന്യൂയോര്‍ക്കില്‍ നടന്ന െഎക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയില്‍ പങ്കെടുത്തതിനു ശേഷമായിരുന്നു റി യോങ്ങിന്റെ പ്രസ്താവന. ഉത്തര കൊറിയയും യുഎസും തമ്മിലുള്ള വാ‍ദപ്രതിവാദങ്ങള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് െഎക്യരാഷ്ട്ര സംഘടന ‍‍ജനറല്‍ സെക്രട്ടറി അന്റോണിയെ ഗുട്ടറസ് പറഞ്ഞു.