Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി: കേന്ദ്ര ഇന്റലിജൻസും അന്വേഷണം തുടങ്ങി

Thomas Chandy

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. പരിസ്ഥിതി പ്രാധാന്യമുള്ള വേമ്പനാട്ടു കായലിൽ നടന്ന കയ്യേറ്റം, കേന്ദ്ര സർക്കാർ ഫണ്ടുകൾ ഉപയോഗിച്ചു നടത്തിയ പ്രവൃത്തികളിലെ അപാകതകൾ എന്നിവ കണക്കിലെടുത്താണു കേന്ദ്ര ഏജൻസി വിവര ശേഖരണം നടത്തുന്നത്. ഐബി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ തുടർ നടപടി എടുക്കും. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്വേഷണം അടക്കം തീരുമാനിക്കുന്നതിൽ ഐബി റിപ്പോർട്ട് നിർണായക പങ്കു വഹിക്കും.

കഴിഞ്ഞ ദിവസം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ജില്ലയിൽ എത്തിയ സംഘം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ കണ്ടു വിവരങ്ങൾ ശേഖരിച്ചു. നഗരസഭാ ഓഫിസിലും ഹാർബർ എൻജിനീയറിങ്, റവന്യു ഓഫിസുകളിലും രേഖകൾ പരിശോധിച്ചു. ഏതാനും ദിവസത്തെ അന്വേഷണത്തിനു ശേഷം ഇന്റലിജൻസ് ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് അറിവ്. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ ബന്ധപ്പെട്ട വകുപ്പുകളിലൂടെ വിശദ അന്വേഷണം നടത്തും.

ലേക്ക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ കേന്ദ്ര സർക്കാർ ഫണ്ട് ചെലവഴിച്ചതിലെ അപാകതകൾ പരിശോധിച്ചു തുടങ്ങി. എൽഡിഎഫ്, യുഡിഎഫ് പ്രതിനിധികളായ രാജ്യസഭാ എംപിമാരുടെ ഫണ്ടാണു വലിയകുളം–സീറോ ജെട്ടി റോഡ് നിർമാണത്തിനു വിനിയോഗിച്ചത്. ഈ റോഡിന്റെ നിർമാണം പൊതു ആവശ്യത്തിനാണോ സ്വകാര്യ വ്യക്തികൾക്കു വേണ്ടിയാണോ എന്ന് അന്വേഷിക്കുന്നുണ്ട്. എംപി ഫണ്ട് ചെലവഴിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നു. രാജ്യസഭാ എംപിമാർക്ക് എവിടെ വേണമെങ്കിലും പണം ചെലവഴിക്കാമെങ്കിലും രണ്ട് എംപിമാർ ഒരു റോഡിനു പണം അനുവദിച്ചതിന്റെ കാരണവും ആരായുന്നുണ്ട്.

അതീവ പരിസ്ഥിതിപ്രാധാന്യമുള്ള റാംസാർ മേഖലയായ വേമ്പനാട്ടു കായലിന്റെ സംരക്ഷണം കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ തണ്ണീർത്തട അതോറിറ്റിയുടെ നിയന്ത്രണത്തിലായതിനാൽ സംരക്ഷണ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോയെന്ന പ്രാഥമിക പരിശോധനയും നടത്തുന്നുണ്ട്. 2013ലെ തണ്ണീർത്തട നിയമത്തിനു ശേഷം കായൽ മേഖലയിൽ നടന്ന ഭൂമിയുടെ ഘടനാപരമായ മാറ്റങ്ങളും അന്വേഷണത്തിലുണ്ട്. നേരത്തെ സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇതു സംബന്ധിച്ചു പ്രാഥമിക പരിശോധന നടത്തിയിരുന്നു.

കലക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥ വീഴ്ചയ്ക്കെതിരെ കടുത്ത വിമർശനം

ആലപ്പുഴ ∙ മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ സംബന്ധിച്ചു കലക്ടർ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദ്യോഗസ്ഥരുടെ വീഴ്ച സംബന്ധിച്ചു വിമർശനം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അന്തിമ റിപ്പോർട്ടിൽ‌ നടപടിക്കു ശുപാർശ ചെയ്യുമെന്നാണു സൂചന. നിലം നികത്തൽ തടയുന്നതിലും റോഡ് നിർമാണ ചട്ടങ്ങൾ പരിശോധിക്കുന്നതിലും ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്നാണു റിപ്പോർട്ടിലെ പരാമർശം. ഈ സാഹചര്യത്തിൽ നിലം നികത്തൽ തടയുന്നതിൽ വീഴ്ച വരുത്തിയ റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തേക്കും. മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകൾ അന്വേഷിക്കുന്നതിനൊപ്പം ഉദ്യോഗസ്ഥരുടെ വീഴ്ചകൂടി അന്വേഷിക്കാൻ മന്ത്രി ഇ.ചന്ദ്രശേഖരൻ കലക്ടർക്കു നിർദേശം നൽകിയിരുന്നു.

ലേക്ക് പാലസിനു സമീപത്തെ നിലം നികത്തൽ തടയുന്നതിൽ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പരാജയപ്പെട്ടു. ലേക്ക് പാലസ് റിസോർട്ടിലേക്കു നിർമിച്ച റോഡിനു സമീപത്തെ നിലം നികത്തൽ നിർത്തിവയ്ക്കണമെന്നു 2012 ൽ മുല്ലയ്ക്കൽ‌ വില്ലേജ് ഓഫിസർ നിർദേശം നൽകിയില്ല. ഉടമകൾ നിർദേശം പാലിച്ചില്ലെങ്കിലും തുടർനടപടി ഉദ്യോഗസ്ഥർ എടുത്തിട്ടില്ല.

2014 ൽ ആലപ്പുഴ കലക്ടർ നിലം നികത്തൽ പൂർവസ്ഥിതിയിലാക്കണമെന്ന് ആലപ്പുഴ ആർഡിഒയ്ക്കു നിർദേശം നൽകിയിരുന്നു. 2017 വരെ ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയോ റിപ്പോർട്ട് നടപ്പിലാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ല. റോഡിനു സമീപത്തു മൂന്നിടത്തായി അഞ്ച്, ആറ്, ഒന്നര സെന്റുകളിലായി 12.5 സെന്റ് ഭൂമിയാണ് നികത്തിയിട്ടുള്ളത്. ഇതിൽ ഒന്നും മൂന്നും ഭൂമി പൂർവസ്ഥിതിയിലാക്കാനാണു നിർദേശം. എംപി ഫണ്ടുകളും സർക്കാർ ഫണ്ടുകളും ഉപയോഗിച്ചു ഹാർബർ എൻജിനീയറിങ് കോർപറേഷനാണു റോഡ് നിർമിക്കുന്നത്.