Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാമനിർദേശ പത്രികയിൽ ജയയുടെ വിരലടയാളം: ഹൈക്കോടതി വിശദീകരണം തേടി

Jayalalitha

ചെന്നൈ ∙ നാമനിര്‍ദേശ പത്രികയില്‍ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിരലടയാളം പതിച്ചതിനെതിരായ ഹര്‍ജിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോടു മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. ജയലളിത ചികിത്സയിലിരിക്കെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രികയിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ഒപ്പിനു പകരം ജയയും വിരലടയാളം പതിച്ചിരുന്നത്.

ഇതു ചോദ്യംചെയ്തു ഡിഎംകെ സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് അടുത്തമാസം ആറിന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനോടു കോടതി നിര്‍ദേശിച്ചത്. ചികിത്സ നടക്കുന്ന സമയത്തു ജയലളിത അബോധാവസ്ഥയിലാണെന്നു സംശയിക്കുന്നുവെന്നും വിരലടയാളം വ്യാജമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. 

ജയലളിത ചികിത്സയിലായിരുന്ന കാലയളവില്‍ നടന്ന മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലും വിരലടയാളം പതിച്ചാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥികള്‍ നാമനിര്‍ദേശപത്രിക നല്‍കിയത്. വിരലടയാളത്തിന്‍റെ സാധുത തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷനായില്ലെങ്കില്‍ അതതു മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ അയോഗ്യരാവും.