Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഓപ്പറേഷൻ അർജുൻ’ ഫലം കണ്ടു; ചർച്ചയ്ക്കായി പാക്ക് സൈന്യം ‘പറന്നെത്തി’

BSF

ന്യൂഡൽഹി ∙ അതിർത്തിയിൽ തുടർപ്രകോപനങ്ങളുമായി തലവേദന സൃഷ്ടിക്കുന്ന പാക്ക് സൈന്യത്തെ നിലയ്ക്കു നിർത്താൻ ‘പതിനെട്ടാമത്തെ അടവു’മായി ഇന്ത്യൻ അതിർത്തി രക്ഷാസേന (ബിഎസ്എഫ്). പാക്ക് അതിർത്തിയോടു ചേർന്നുള്ള ഇന്ത്യൻ ഗ്രാമങ്ങള്‍ ലക്ഷ്യമിട്ടു പാക്ക് സൈന്യം നടത്തുന്ന ഷെല്ലിങ്ങും ഗ്രാമവാസികളെ ലക്ഷ്യമിട്ടുള്ള വെടിവയ്പും ഒളിപ്പോരാളികളെ ഉപയോഗിച്ച് ജവാൻമാരെ തട്ടിക്കൊണ്ടുപോയി വധിക്കുന്നതും തീരാതലവേദനയായതോടെ ‘ഓപ്പറേഷൻ അർജുൻ’ എന്നു പേരിട്ട നടപടിയിലൂടെയായിരുന്നു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി.

സാധാരണക്കാരെ ലക്ഷ്യമിട്ട് പാക്ക് സൈന്യം നടത്തുന്ന ആക്രമണത്തിന് പാക്ക് സൈന്യത്തിലെ വമ്പൻമാരെ ഉന്നമിട്ട് തിരിച്ചടിക്കുന്ന തന്ത്രമാണ് ‘ഓപ്പറേഷൻ അർജുൻ’. ഇന്ത്യൻ അതിർത്തിയോടു ചേർന്ന് താമസിക്കുന്ന പാക്ക് സൈന്യത്തിലെയും, പാക്ക് റേഞ്ചേഴ്സിലെയും, പാക്ക് ചാരസംഘടനയായ ഐഎസ്ഐയിലെയും മുൻ ഉദ്യോഗസ്ഥരുടെ വസതികളും കൃഷിയിടങ്ങളും ആക്രമിച്ചു തകർക്കുന്ന പദ്ധതിയാണിത്.

അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിന് സഹായമേകാനും ഇന്ത്യാവിരുദ്ധ നീക്കങ്ങളെ നിയന്ത്രിക്കാനുമായി സൈനിക, ഐഎസ്ഐ ഉദ്യോഗസ്ഥർക്ക് അതിർത്തി പ്രദേശങ്ങളിൽ സ്ഥലവും താമസസൗകര്യവും പാക്കിസ്ഥാൻ നൽകാറുണ്ട്. വിരമിച്ച സൈനികരുടെയും ചാരൻമാരുടെയും സേവനമാണ് മുഖ്യമായും ഇത്തരത്തിൽ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിടുന്ന പാക്കിസ്ഥാന്, ഇത്തരം ഉദ്യോഗസ്ഥരെയും അവരുടെ താമസ സ്ഥലങ്ങളെയും നശിപ്പിച്ച് മറുപടി നൽകാനാണ് ഇന്ത്യയുടെ ശ്രമം.

എന്തായാലും ഇന്ത്യയുടെ ഈ നീക്കം ഫലം കണ്ടെന്നാണ് അതിർത്തിയിൽനിന്നുള്ള പുതിയ വാർത്തകൾ നൽകുന്ന സൂചന. ‘ഓപ്പറേഷൻ അർജുന്’ തുടക്കമിട്ട് ദിവസങ്ങൾക്കുള്ളിൽത്തന്നെ ബിഎസ്എഫ് ഡയറക്ടർ കെ.കെ.ശർമയ്ക്ക് പാക്കിസ്ഥാൻ റേഞ്ചേഴ്സിന്റെ പഞ്ചാബ് ഡയറക്ടർ മേജർ ജനറൽ അസ്ഗർ നവീദ് ഹയാത്ത് ഖാന്റെ വിളിയെത്തി. ആദ്യം സെപ്റ്റംബർ 22നും പിന്നീട് 25നുമായിരുന്നു ഈ വിളികൾ. ആവശ്യം ഒന്നുമാത്രം; അതിർത്തിയിലെ വെടിവയ്പ് ഇന്ത്യ അവസാനിപ്പിക്കണം. ചർച്ചയ്ക്കു തയാറാണെന്നും അവർ വ്യക്തമാക്കി. എന്നാൽ, പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ ഇന്ത്യയ്ക്കുള്ള പ്രതിഷേധം ശർമ ഖാനെ അറിയിച്ചു.

ചെറുതും വലുതുമായ ആയുധങ്ങൾ ഉപയോഗിച്ചു ബിഎസ്എഫ് നടത്തിയ ആക്രമണത്തിൽ പാക്കിസ്ഥാൻ റേഞ്ചേഴ്സിലെ ഏഴു സൈനികരും 11 സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് വിവരം. പാക്ക് ഭാഗത്തു വലിയ തോതിൽ നാശനഷ്ടങ്ങളുമുണ്ടായി. ലോങ് റേഞ്ച് 81 എംഎം ആയുധങ്ങൾ ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഒട്ടേറെ ബോർഡർ ഔട്ട്പോസ്റ്റുകളും തകർന്നു. ഇന്ത്യയുടെ തിരിച്ചടി താങ്ങാനാകാതെ വന്നതോടെയാണ് ചർച്ചയ്ക്ക് തയാറായി പാക്കിസ്ഥാൻ രംഗത്തെത്തിയിരിക്കുന്നത്.