Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാഫിസും ലഷ്കറും ബാധ്യത, അവരെ വളർത്തിയത് യുഎസ്: പാക്കിസ്ഥാൻ

FILES-PAKISTAN-INDIA-MUMBAI

ന്യൂയോർക്ക്∙ ഭീകരർ രാജ്യത്തിനു പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദും ലഷ്‌കറെ തയിബ, ഹഖാനി ഭീകരരും രാജ്യത്തിനു ബാധ്യതയാണെന്നു പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ അസിസ് പറഞ്ഞു. പക്ഷേ, ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ പഴിചാരേണ്ടെന്നും 20–30 വർഷം മുൻപ് ഈ ഭീകരസംഘടനകൾ യുഎസിന് ‘പ്രിയങ്കരർ’ ആയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഏഷ്യ സൊസൈറ്റി ഫോറത്തിൽ പ്രസംഗിക്കുകയായിരുന്നു ഖ്വാജ അസിസ്. ‘അവർക്കു വൈറ്റ് ഹൗസിലായിരുന്നു വിരുന്ന്. ഇപ്പോൾ നിങ്ങൾ പറയുന്നു, പാക്കിസ്ഥാനികൾ തുലയട്ടെ. നിങ്ങളാണ് ഈ കൂട്ടരെ വളർത്തിയത്. അവർ ബാധ്യതയാണെന്നത് അംഗീകരിക്കുന്നു. പക്ഷേ, ഈ ബാധ്യത തീർക്കാൻ സമയം വേണം. അതിനാവശ്യമായ ആസ്തി ഇപ്പോൾ ഞങ്ങൾക്കില്ല.’ അഫ്ഗാനിലെ എല്ലാ പ്രശ്നങ്ങൾക്കും പാക്കിസ്ഥാനെ ബലിയാടാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരസംഘടനകൾക്കു തുടർന്നും അഭയം നൽകിയാൽ, പാക്കിസ്ഥാനുള്ള ധനസഹായം നിർത്തുമെന്നു കഴിഞ്ഞമാസം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു. കുറച്ചുനാളായി പാക്കിസ്ഥാനുമായി ഇടഞ്ഞുനിൽക്കുകയാണ് യുഎസ്. ഇന്ത്യാബന്ധം മെച്ചപ്പെടാതെ മേഖലയിൽ സമാധാനം അസാധ്യമാണ്. എന്നാൽ, ചർച്ചകൾക്കു വഴങ്ങാത്തത് ഇന്ത്യയാണെന്നും ഖ്വാജ അസിസ് കുറ്റപ്പെടുത്തി.

അതിനിടെ, ഹാഫിസ് സയീദിന്റെ വീട്ടുതടങ്കൽ കോടതി ഒരു മാസത്തേക്കു കൂടി നീട്ടി. ജനുവരി 31 മുതൽ സയീദും നാലു കൂട്ടാളികളും വീട്ടുതടങ്കലിലാണ്.  സയീദ് മോചിതനായാൽ സ്വീകരണം നൽകാൻ ജമാഅത്തുദ്ദവ ഒരുക്കങ്ങൾ നടത്തിയിരുന്നു.