Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യശ്വന്തിന്റെ വിമർശനങ്ങളെ പ്രതിരോധിക്കാൻ മകനെ രംഗത്തിറക്കി ബിജെപി

jayant-sinha ജയന്ത് സിൻഹ

ന്യൂഡൽഹി∙ മുതിർന്ന നേതാവ് യശ്വന്ത് സിൻഹയുടെ പരാമർശങ്ങളെ പ്രതിരോധിക്കാൻ മകനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിൻഹയെ കളത്തിലിറക്കി ബിജെപി. പുതിയ ഇന്ത്യയുടെ നിർമിതിക്കായും മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ശക്തമായ പരിഷ്കരണങ്ങൾ അത്യാവശ്യമാണെന്നാണ് ജയന്ത് സിൻഹയുടെ പ്രതികരണം. ദേശീയ മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ജയന്ത് സിൻഹ പാർട്ടിയെ പ്രതിരോധിച്ച് രംഗത്തെത്തിയത്.

സുതാര്യവും പുതുമ നിറഞ്ഞതുമായ പുതിയ സമ്പദ്‌വ്യവസ്ഥയാണു രാജ്യത്തു രൂപംകൊണ്ടിരിക്കുന്നതെന്ന് ജയന്ത് സിൻഹ പറയുന്നു. എല്ലാ ഇന്ത്യക്കാർക്കും മെച്ചപ്പെട്ട ജീവിതം നയിക്കാനാവശ്യമായ പക്ഷപാതരഹിതമായ പുതിയ സമ്പദ്‌വ്യവസ്ഥയാണിത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു നിരവധി ലേഖനങ്ങൾ അടുത്തിടെ വരുന്നുണ്ട്. ഇടുങ്ങിയ ചില വിവരങ്ങൾ വച്ചാണ് ഇതിലെ നിഗമനങ്ങൾ പലതും. സമ്പദ്‌വ്യവസ്ഥയെ മാറ്റാനുള്ള പരിഷ്കരണ നടപടികളെ ഈ ലേഖനങ്ങൾ കാണാതെ പോകുന്നു. ഇപ്പോൾ നടക്കുന്ന പരിഷ്കരണങ്ങളുടെ ദീർഘകാല ഫലം എന്താണെന്ന് ഒന്നോ രണ്ടോ പാദത്തിലെ ജിഡിപി കണ്ട് വിലയിരുത്താനാകില്ലെന്നു ലേഖനം പറയുന്നു.

ജിഎസ്ടിയെയും നോട്ടുനിരോധനത്തെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ‘ഗെയിം ചേഞ്ചർ’ എന്നാണ് ജയന്ത് വിശേഷിപ്പിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന നിരവധി പരിപാടികളുടെ പട്ടികയും ലേഖനത്തിൽ പറയുന്നുണ്ട്. എന്നാൽ പിതാവിനെതിരെ നേരിട്ടൊരു വിമർശനം ജയന്ത് നടത്തുന്നില്ലെന്നതു ശ്രദ്ധേയമാണ്. ജയന്തിന്റെ ലേഖനം പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബിജെപി അഭിമാന പദ്ധതികളായി ഉയർത്തിക്കാട്ടിയിരുന്ന നോട്ട് നിരോധനം പരാജയമാണെന്നും ജിഎസ്ടി നടപ്പാക്കിയതിൽ പാളിച്ചകളുണ്ടെന്നുമായിരുന്നു യശ്വന്ത് സിൻഹയുടെ കുറ്റപ്പെടുത്തൽ. സാമ്പത്തിക മാന്ദ്യമുണ്ടെന്നു തുറന്നു സമ്മതിക്കേണ്ടിവന്നതിന്റെ ക്ഷീണം കേന്ദ്രത്തിന് ഇതുവരെ മാറിയില്ല. അതിനു പിന്നാലെയാണു മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ. ഈ സാഹചര്യത്തിലാണു സ്വതവേ വിമതനെന്ന് അറിയപ്പെടുന്ന യശ്വന്ത് സിൻഹയുടെ വിമത ശബ്ദം മാത്രമാണിതെന്നു വരുത്തിത്തീർക്കാൻ അദ്ദേഹത്തിന്റെ മകനെത്തന്നെ പാർട്ടി രംഗത്തിറക്കിയത്.

അതേസമയം, ജയന്തിന്റെ ലേഖനം സർക്കാരിന്റെ പബ്ലിക് റിലേഷൻ വിഭാഗമായ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) റിലീസ് പോലുണ്ടെന്നു മുൻ ധനമന്ത്രി പി.ചിദംബരം പ്രതികരിച്ചു.