Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്മാർട് ഫോൺ വിപ്ലവത്തിന് ഛത്തീസ്ഗഡ്; 55.60 ലക്ഷം പേർക്ക് സൗജന്യ ഫോൺ

raman-singh രമൺ സിങ്

റായ്പുർ∙ അടുത്ത രണ്ടര വർഷത്തിനുള്ളിൽ ഛത്തീസ്ഗഡിൽ മൊബൈൽ ഫോൺ വിപ്ലവം കൊണ്ടുവരാൻ മുഖ്യമന്ത്രി രമൺ സിങ്ങിന്റെ പദ്ധതി. സംസ്ഥാനത്ത് 55.60 ലക്ഷം ജനങ്ങൾക്കു സൗജന്യമായി സ്മാർട് ഫോൺ വിതരണം ചെയ്യാൻ സർക്കാർ ഒരുങ്ങുന്നു. ഛത്തീസ്ഗഡ് കമ്യൂണിക്കേഷൻ റെവലൂഷൻ സ്കീമിന്റെ (എസ്കെവൈ) ഭാഗമായാണു നടപടി. 230 കോടി രൂപ ചെലവുവരുന്ന പദ്ധതിയാണിത്.

ഇതിൽ 50.80 ലക്ഷം ജനങ്ങൾക്ക് ഈ സാമ്പത്തിക വർഷവും അടുത്ത സാമ്പത്തിക വർഷവുമായി മൊബൈൽ ഫോണുകൾ നൽകും. ഇതിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ കോളജുകളിലെ വിദ്യാർഥികളും 40.10 ലക്ഷം ഗ്രാമീണരും 5.60 ലക്ഷം നഗരവാസികളും ഉൾപ്പെടും. ആദ്യഘട്ടത്തിൽ 1,128 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്. 2019–20 സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ളവർക്കും കൂടി മൊബൈൽ ഫോൺ നൽകും. ഇതിനു 102 കോടി രൂപയാണു ചെലവു വരുന്നത്.

സംസ്ഥാന സർക്കാരിനു കീഴിൽ വരുന്ന ഇലക്ട്രോണിക്സ് ആൻ‍ഡ് ഐടി വകുപ്പ് പദ്ധതി നടപ്പിൽവരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. വീട്ടിൽ സ്ത്രീകളുണ്ടെങ്കിൽ അവർക്കായിരിക്കും ഫോൺ കൊടുക്കുക. മൊബൈൽ ഫോൺ കവറേജ് ഭാഗികമായെങ്കിലുമുള്ള സ്ഥലങ്ങളിലായിരിക്കും ആദ്യഘട്ടം വിതരണം.

ഉപഭോക്താവിന്റെ ഫോൺ നമ്പർ നേരത്തേ തീരുമാനിക്കും. ഇത് അവരുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കും. മാത്രമല്ല, മൊബൈൽ ഫോൺ കേടുപാടുകൾ പരിഹരിക്കാൻ യുവജനങ്ങളെ പരിശീലിപ്പിക്കാനും കമ്യൂണിക്കേഷൻ റെവലൂഷൻ പദ്ധതിയിൽ പരിപാടിയുണ്ട്. സർക്കാർ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് രമൺ സിങ് പറഞ്ഞു.

related stories