Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരകൊറിയൻ കമ്പനികളോട് രാജ്യം വിടാൻ ചൈന; സംയുക്ത സംരംഭങ്ങൾക്കും നിയന്ത്രണം

kim-jong-un-xi-jinping കിം ജോങ് ഉൻ, ഷി ജിൻപിങ്

ബെയ്ജിങ് ∙ തുടർച്ചയായ മിസൈൽ, അണു പരീക്ഷണങ്ങളിലൂടെ ലോകസമാധാനത്തിനു ഭീഷണി സൃഷ്ടിക്കുന്ന ഉത്തരകൊറിയയെ ചൈനയും കൈവിടുന്നോ? ഉത്തരകൊറിയയുമായുള്ള വ്യാപാരബന്ധം പഴയപടി തുടരേണ്ടതില്ലെന്ന ചൈനയുടെ പുതിയ നിലപാടാണ് ഇത്തരമൊരു അഭ്യൂഹത്തിനു പിന്നിൽ. ഉത്തരകൊറിയയ്ക്കെതിരെ ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചിട്ടുള്ള ഉപരോധ നടപടികളോടു സഹകരിച്ചുകൊണ്ടാണ് ചൈനയുടെ നീക്കം. ഇക്കാര്യത്തിൽ കടുത്ത രാജ്യാന്തര സമ്മർദ്ദവും ചൈനയ്ക്കു മേലുണ്ട്.

ഇതിന്റെ ഭാഗമായി, ചൈനയിൽ വ്യവസായം നടത്തുന്ന എല്ലാ ഉത്തരകൊറിയൻ കമ്പനികളോടും പ്രവർത്തനം അവസാനിപ്പിക്കാൻ ചൈനീസ് സർക്കാർ നിർദ്ദേശം നൽകി. ഈ വർഷം അവസാനത്തോടെ രാജ്യം വിടാനാണ് ഉത്തരകൊറിയൻ കമ്പനികൾക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ചൈനീസ് മാധ്യമങ്ങളാണു വാണിജ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഈ വാർത്ത പുറത്തുകൊണ്ടുവന്നത്.

ഉത്തരകൊറിയൻ പൗരൻമാർക്ക് ഓഹരി പങ്കാളിത്തമുള്ള ചൈനക്കാരുടെ വ്യവസായങ്ങളും വ്യവസായ സ്ഥാപനങ്ങളും പൂട്ടാനും നിർദ്ദേശമുണ്ട്. ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിനു പിന്നാലെ സെപ്റ്റംബർ 11നാണ് ഉത്തരകൊറിയയ്ക്കുമേൽ ഐക്യരാഷ്ട്ര സംഘടന ഉപരോധം ഏർപ്പെടുത്തിയത്. ഈ തീയതി മുതൽ 120 ദിവസത്തിനുള്ളിൽ ചൈന–ഉത്തരകൊറിയ പൗരൻമാരുടെ സംയുക്ത സംരംഭങ്ങൾ അടച്ചുപൂട്ടണമെന്നാണ് സർക്കാർ നിർദേശം.

ഉത്തരകൊറിയയുടെ കാര്യത്തിൽ ചൈന കടുത്ത നിലപാട് കൈക്കൊള്ളുന്നില്ലെന്ന പരാതി നേരത്തേമുതൽ യുഎസിനുണ്ട്. ഇതേത്തുടർന്ന് ഉത്തരകൊറിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ചൈനയിലെ ബാങ്കുകളോട് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ നടപടികളുമായി സർക്കാർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.

ഉത്തരകൊറിയയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. ലോക രാജ്യങ്ങളിൽനിന്ന് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകൊറിയയ്ക്കു വിദേശ കറൻസി എത്തിച്ചുകൊടുക്കുന്നതും ചൈനയാണ്. യുഎൻ ഉപരോധത്തോടെ കൽക്കരി, ടെക്സ്റ്റൈൽസ് തുടങ്ങിയ മേഖലകളിൽ ഉത്തരകൊറിയയ്ക്ക് ഇനി കയറ്റുമതി സാധ്യമാകില്ല. മാത്രമല്ല, ഉത്തരകൊറിയയിലേക്കുള്ള ഇന്ധന വിതരണം പരിമിതപ്പെടുത്തണമെന്നു മറ്റു രാജ്യങ്ങളോട് ഉപരോധ ഉത്തരവിൽ യുഎൻ ആവശ്യപ്പെടുന്നുമുണ്ട്.