Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊല്ലത്ത് കപ്പൽ വള്ളത്തിലിടിച്ച സംഭവം: അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം∙ ഹോങ്കോങ് കപ്പൽ കൊല്ലം തീരത്ത് മീൻപിടിത്ത വള്ളത്തിലിടിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ചു. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന കെഎസ്എൽ ആങ്യാങ് കപ്പൽ കമ്പനി അധികൃതരും വള്ളത്തിന്റെ ഉടമകളും ഒത്തുതീർപ്പിലെത്തിയതോടെയാണ് അന്വേഷണം അവസാനിച്ചത്. 

ഓഗസ്റ്റ് 25നാണ് നീണ്ടകരയിൽനിന്ന് പോയ ആരോഗ്യഅന്ന എന്നുപേരുള്ള മീൻപിടിത്ത വള്ളം തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ കപ്പലിലിടിച്ചു തകർന്നത്. അടുത്തുണ്ടായിരുന്ന ബോട്ടിലുള്ളവരാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ഇവർക്ക് പാരിതോഷികം നൽകാൻ കോസ്റ്റൽ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീരസംരക്ഷണസേനയും നേവിയും പിൻതുടർന്നിട്ടും നിർത്താതെ ശ്രീലങ്കയിലേക്ക് പോയ കപ്പലിന്റെ നീക്കം ദുരൂഹതയുണ്ടാക്കിയിരുന്നു. തിരുവനന്തപുരം പൊഴിയൂർ സ്വദേശികളായ സേവ്യർ, കന്യാകുമാരി സ്വദേശികളായ ഏലിയാസ്, സജികുമാർ, റമിയാസ്, ജോൺപ്രഭു, സൈജു എന്നിവരാണ് അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്നത്. ഓഗസ്റ്റ് 25ന് രാവിലെയാണ് ഇവർ മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. പിറ്റേദിവസം പുറംകടലിൽ വലവിരിച്ചശേഷം ബോട്ടിൽ ഉറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. അടുത്തുണ്ടായിരുന്ന ബോട്ടിലെ തൊഴിലാളികളാണ് ഇവരെ രക്ഷിച്ചത്. 12 മണിക്കൂർ യാത്ര ചെയ്താണ് അപകടത്തിൽപ്പെട്ടവരെ നീണ്ടകരയിലെത്തിച്ചത്. അപകടം ഉണ്ടാക്കിയതിനും മത്സ്യത്തൊഴിലാളികളെ പരുക്കേൽപ്പിച്ചതിനും കോസ്റ്റൽ പൊലീസ് കേസെടുത്തു.

കപ്പലിനെ പിന്നീട് തീരസംരക്ഷണസേന കണ്ടെത്തിയെങ്കിലും ഇവർ നിർത്താൻ കൂട്ടാക്കിയില്ല. തീരസംരക്ഷണ സേനയുടെ കപ്പലുകൾ പിന്തുടർന്നെങ്കിലും കപ്പൽ ശ്രീലങ്കൻ തീരത്തേക്ക് പോയി. നേവിയുടെ വിമാനവും കപ്പലുകളും ഹോങ്കോങ് കപ്പലിനെ പിൻതുടർന്നു. ഒടുവിൽ കപ്പൽ കൊളംബോയിൽ നങ്കൂരമിട്ടു. അപകടം ഉണ്ടാക്കിയിട്ടില്ലെന്ന നിലപാടാണ് കപ്പൽ അധികൃതർ സ്വീകരിച്ചത്. കപ്പൽ പോർട്ട് ബ്ലയറിലേക്ക് കൊണ്ടുവരാൻ നിർദേശിച്ചെങ്കിലും കപ്പൽ അധികൃതർ തയ്യാറായില്ല. ഇതിനാൽ കപ്പൽ പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല.